Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം ആലോചനയില്ലാതെ നടപ്പാക്കിയത്: രഘുറാം രാജൻ

Raghuram Rajan

ന്യൂയോർക്ക് ∙ കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം നല്ല ആശയം ആയിരുന്നില്ലെന്ന് ആർബിഐ മുൻഗവർണർ രഘുറാം രാജൻ. ഇത് സർക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മതിയായ ആലോചനയില്ലാതെയാണ് നടപ്പാക്കിയതെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.  

ഹ‌ാർവഡ് കെന്നഡി സ്കൂളിലെ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാജൻ. നോട്ട് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ യുമായി സർക്കാർ ചർച്ച നടത്തിയില്ല. സാമ്പത്തിക രംഗത്ത് തിരിച്ചടിയാണ് ഇതു നൽകിയത്. നികുതി നൽകാതെ  പണം സൂക്ഷിച്ചവർ, നോട്ട് നിരോധനം നടപ്പാക്കിയാൽ പണം പുറത്തു കൊണ്ടുവരുമെന്നും നികുതി നൽകുമെന്നുമുള്ള ആശയം പക്വതയില്ലാത്ത കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. 

നോട്ട് നിരോധനം മൂലം ബാങ്കുകളിൽ  തിരിച്ചെത്തിയ പണം വീണ്ടും വിപണിയിലെത്തുമെന്നതിനാൽ കണക്കു കൂട്ടിയ ഫലം ലഭിക്കാതെ പോകും. ദീർഘകാലാടിസ്ഥാനത്തിൽ ഫലം അറിയേണ്ടിയിരിക്കുന്നു. എന്നാൽ സാമ്പത്തിക രംഗം മാന്ദ്യത്തെ നേരിടുകയാണ്. അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയെ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടോ എന്നറിയാൻ പുതിയ സാമ്പത്തിക സിദ്ധാന്തം രൂപപ്പെടുത്തേണ്ടി വരും. രാജൻ പറഞ്ഞു.