Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ നിർമിത ‘വിദേശി’ വിൽപന: 17 കമ്പനികൾ രംഗത്ത്

bar-liquor-shop

കൊച്ചി ∙ കേരളത്തിൽ വിദേശനിർമിത വിദേശമദ്യവും വിദേശനിർമിത വൈനും വിൽക്കാനുള്ള ബവ്റിജസ് കോർപറേഷന്റെ ക്ഷണത്തിനു വിദേശ കമ്പനികളിൽനിന്ന് ആവേശകരമായ പ്രതികരണം. വിദേശനിർമിത വിദേശമദ്യവും (എഫ്എംഎഫ്എൽ) വിദേശനിർമിത വൈനും (എഫ്എംഡബ്ല്യു) നൽകാൻ തയാറായി 17 വിദേശ കമ്പനികൾ രംഗത്തെത്തി. മദ്യവും വൈനുമായി ആകെ 296 ബ്രാൻഡുകൾ വിൽക്കാനുള്ള താൽപര്യം ഇവർ ബവ്കോയെ അറിയിച്ചു. ഇ–ടെൻഡർ വഴി ലഭിച്ച ഓഫറുകൾ സൂക്ഷ്മപരിശോധന നടത്തിയശേഷം മറുപടി നൽകുമെന്ന് എംഡി എച്ച്. വെങ്കിടേഷ് പറഞ്ഞു.

ഏപ്രിൽ രണ്ടുമുതൽ കേരളത്തിൽ വിൽപന തുടങ്ങാമെന്നതായിരുന്നു ബവ്കോയുടെ കണക്കുകൂട്ടൽ. ഫെബ്രുവരി 28നാണു താൽപര്യപത്രം ക്ഷണിച്ചത്. മാർച്ച് 26ന് ഇവ തുറന്നു പരിശോധിക്കാനായിരുന്നു തീരുമാനം. എന്നാൽ എഫ്എംഎഫ്എൽ വിൽക്കുന്നതിന് അബ്കാരി നിയമം ഭേദഗതി ചെയ്യണം. ഇതിനു താമസം നേരിട്ടതോടെ താൽപര്യപത്രം പരിശോധിക്കുന്നതിനുള്ള കാലാവധി ഏപ്രിൽ 16 വരെ നീട്ടി. മദ്യം നൽകാൻ ഒൻപതു കമ്പനികളും വൈൻ നൽകാൻ എട്ടു കമ്പനികളുമാണു തയാറായിട്ടുള്ളത്. വിദേശത്തു ഡിസ്‌റ്റിലറി അല്ലെങ്കിൽ വൈനറി സ്വന്തമായുള്ള യഥാർഥ നിർമാതാക്കൾ, ഇന്ത്യയിൽ കസ്റ്റംസ് ലൈസൻസോടു കൂടിയ വെയർഹൗസുള്ള ഇവരുടെ ഡീലർമാർ എന്നിവരാണു താൽപര്യം അറിയിച്ചത്. 

കമ്പനികളുടെ വിശദാംശങ്ങൾ കോർപറേഷൻ പുറത്തുവിട്ടിട്ടില്ലെങ്കിലും വൈൻ കമ്പനികളി‍ൽ അധികവും ഫ്രാൻസിൽ നിന്നുള്ളവയാണെന്നാണു വിവരം. ഇന്ത്യൻനിർമിത വിദേശമദ്യവും വൈനും ബീയറും വിൽക്കുന്നതിന് നിലവിൽ രാജ്യത്തെ 111 കമ്പനികളുമായാണു ബവ്കോ കരാറിലേ‍ർപ്പെട്ടിരിക്കുന്നത്. ഈ കമ്പനികളുടെ വിതരണത്തിനു തടസ്സം നേരിടാത്ത വിധത്തിലാണു വിദേശ കമ്പനികളുമായി കരാറിലേർപ്പെടുക. എന്നാൽ ഇടത്തരം ഉപഭോക്താവിനു കൂടി പ്രാപ്യമായ വില ഉറപ്പുവരുത്തും. ബവ്കോ വെയർഹൗസിൽനിന്ന് ഇവ വാങ്ങി വിൽപന നടത്താൻ മദ്യവിൽപന രംഗത്തുള്ള കൺസ്യൂമർഫെഡിനും ബാറുകൾക്കും കഴിയും. 

അബ്കാരി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ശുപാർശ എക്സൈസ് വകുപ്പ് സർക്കാരിനു നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനമെടുത്തശേഷമേ വിദേശനിർമിത വിദേശമദ്യത്തിന്റെയും വൈനിന്റെയും വിൽപന തുടങ്ങാനാകൂ. ബവ്കോ മദ്യക്കടയിൽനിന്ന് യഥാർഥ വിദേശി വാങ്ങി രുചിക്കാൻ മലയാളിക്കു രണ്ടു മാസത്തിലേറെ കാത്തിരിക്കേണ്ടിവരില്ലെന്നാണു ബവ്കോയുടെ ഉറപ്പ്.

related stories