Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് ക്ഷാമം തീരുന്നു

money-withdrawal-through-atm

ന്യൂഡൽഹി ∙ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചതോടെ കറൻസി ക്ഷാമത്തിന് ആശ്വാസം. വിവിധ സംസ്ഥാനങ്ങളിൽ 80% എടിഎമ്മുകൾ പ്രവർത്തനസജ്ജമായതായി ധനമന്ത്രാലയം അവകാശപ്പെട്ടു. യുപി, ബിഹാർ, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കറൻസി ക്ഷാമം രൂക്ഷമായിരുന്നു.

സർക്കാരിന്റെ നാല് അച്ചടിശാലകളും മുഴുവൻ സമയവും കറൻസി അച്ചടിച്ചു കൊണ്ടിരിക്കുകയാണ്. എടിഎമ്മുകളിൽ 500 രൂപ നോട്ടുകൾ വേണ്ടത്ര ലഭ്യമാക്കാൻ പൊതുമേഖലാ ബാങ്കുകൾക്കു ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ധനമന്ത്രാലയ ഉദ്യോഗസ്ഥർ പൊതുമേഖലാ ബാങ്ക് മേധാവികളുമായി രണ്ടു വട്ടം വിഡിയോ ചർച്ച നടത്തി. തങ്ങളുടെ 92% എടിഎമ്മുകളും പ്രവർത്തനസജ്ജമാണെന്ന് എസ്ബിഐ അറിയിച്ചു. ചുരുക്കം മേഖലകളിലൊഴികെ പ്രശ്നം പരിഹരിച്ചതായി കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് എന്നിവയും വെളിപ്പെടുത്തി.

രണ്ടായിരം രൂപ നോട്ടുകളുടെ കുറവും 200 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നതിന് എടിഎമ്മുകൾ സജ്ജീകരിക്കാത്തതും കറൻസി ക്ഷാമത്തിനു കാരണമായി പറയുന്നുണ്ട്. മൂന്നു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ കറൻസിക്ക് അഭൂതപൂർവമായി ആവശ്യമുയർന്നതാണു പ്രശ്നമെന്ന് ഇന്നലെ വിശദീകരണമുണ്ടായിരുന്നു. കൂടുതൽ പണമുള്ള സംസ്ഥാനങ്ങളിൽ നിന്നു ക്ഷാമസംസ്ഥാനങ്ങളിലേയ്ക്കു പണമെത്തിക്കുന്നതു നിർത്തിവച്ചതു  ഭരണപരമായ പിഴവായും വിലയിരുത്തപ്പെടുന്നു.