Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

75 ഡോളർ കടന്ന് എണ്ണവില

oil-price-up-image

ദോഹ ∙ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ. ബ്രെന്റ് ക്രൂഡ് വില ഇന്നലെ ബാരലിന് 75.27 ഡോളറായി ഉയർന്നു. 2014 നവംബറിനു ശേഷമുള്ള ഉയർന്ന വിലയാണിത്. കഴിഞ്ഞ ആറു ദിവസമായി തുടർച്ചയായി എണ്ണവില വർധിക്കുകയാണ്. ഫെബ്രുവരിയിലെ ഇടിവിനു ശേഷം ഇതുവരെ 20% ആണു വിലയിലെ വർധന. എണ്ണരാജ്യങ്ങളുടെ ഉൽപാദന നിയന്ത്രണം, വർധിച്ച ആവശ്യകത, ഇറാനെതിരെ യുഎസ് ഉപരോധത്തിനുള്ള സാധ്യത എന്നിവയാണു വില ഉയരാൻ ഇടയാക്കിയത്. ഇറാനെതിരെ കൂടുതൽ നടപടികൾ വേണോയെന്ന കാര്യത്തിൽ മേയ് 12ന് ആണു യുഎസ് തീരുമാനമെടുക്കുന്നത്.

പ്രമുഖ എണ്ണരാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്കി’ൽ മൂന്നാമത്തെ വലിയ അംഗമാണ് ഇറാൻ. യുഎസിന്റെ ഭാഗത്തുനിന്നു കൂടുതൽ നടപടികളുണ്ടായാൽ ആഗോള വിപണിയിലേക്കുള്ള എണ്ണവരവ് കുറയും. അങ്ങനെ സംഭവിച്ചാൽ വില അഞ്ചു ഡോളർവരെ കൂടിയേക്കും. ഒപെക്കിലുൾപ്പെട്ട വെനസ്വേലയിൽനിന്നുള്ള ഉൽപാദനത്തിലും ഇടിവുണ്ട്. ഏഷ്യൻ രാജ്യങ്ങളുടെ ഉപഭോഗം ഏറുകയും ചെയ്തു. യുഎസ് ഉൽപാദനം വർധിച്ചതാണു വില ചെറുതായെങ്കിലും പിടിച്ചുനിർത്തുന്നത്. 2016നു ശേഷം യുഎസ് എണ്ണ ഉൽപാദനം 25% വർധിച്ചു. ഇപ്പോൾ പ്രതിദിന ഉൽപാദനം ഒരു കോടി ബാരലിലേറെയാണ്. യൂറോപ്പ്, ഏഷ്യൻ വിപണികളിലേക്കു യുഎസ് ക്രൂഡും ആവശ്യത്തിന് എത്തുന്നുണ്ട്. 

രൂപയ്ക്ക് നേരിയ നേട്ടം

എണ്ണവില ഉയരുന്നതിന് ആനുപാതികമായി ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതുമായിരുന്നു കഴി‍ഞ്ഞ ആറു ദിവസങ്ങളിലെയും കാഴ്ച. എന്നാൽ, ഇന്നലെ സ്ഥിതിയിൽ ചെറിയ മാറ്റമുണ്ടായി. ആറു ദിവസങ്ങൾക്കു ശേഷം രൂപ ഡോളറിനെതിരെ 10 പൈസ മെച്ചപ്പെടുത്തി 66.38 രൂപയിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതു പ്രവാസി മലയാളികൾക്ക് നാട്ടിലേക്കു കൂടുതൽ പണം അയയ്ക്കാൻ സഹായകരമായി.