Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലോക്ചെയിനിലൂടെ മുന്നേറ്റം

block-chain

വരും ദശാബ്ദത്തിൽ സമൂഹത്തെയും സമ്പദ്ഘടനയെയും രൂപപ്പെടുത്തിയെടുക്കുന്ന സുപ്രധാന ഘടകമായിരിക്കും ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ എന്നാണ് ലോക സാമ്പത്തിക ഫോറം ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ആഗോള വിപണിയിൽ 774 കോടി ഡോളർ വരുന്നതായിരിക്കും 2024 ആകുമ്പോൾ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ എന്ന് വിപണി ഗവേഷണ കമ്പനിയായ ഗ്രാന്റ് വ്യൂ റിസർച്ച് ചൂണ്ടിക്കാട്ടുന്നു. 

വിവിധ മേഖലകളിൽ വിജയകരമായി നടപ്പാക്കുന്നതിന്റെ മാതൃകകൾ അവതരിപ്പിച്ചതോടെ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയിലേക്കുള്ള ആഗോള നിക്ഷേപങ്ങളും വർധിച്ചു വരികയാണ്. അതോടൊപ്പം വിവിധ സ്ഥാപനങ്ങളും സർക്കാരുകളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമൂഹ്യ മുന്നേറ്റം എങ്ങനെ ത്വരിതപ്പെടുത്താം എന്നും ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. 

വിശ്വാസ്യതയുള്ള രേഖകൾ അവതരിപ്പിക്കുകയെന്നതാണ് ഇതിന്റെ ആദ്യ പടിയായി കണക്കാക്കുന്നത്. ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ജീവിക്കുന്ന കോടിക്കണക്കിനാളുകൾക്ക്, രാജ്യത്തെ പൗരൻമാർക്കുള്ള സേവനങ്ങളോ സംരക്ഷണമോ ലഭിക്കുന്നില്ല. ഐക്യരാഷ്ട്ര സംഘടന പിന്തുണ നൽകുന്ന സ്വകാര്യ-സർക്കാർ പങ്കാളിത്ത പരിപാടിയായ ഐഡന്റിറ്റി 2020ന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് മൈക്രോസോഫ്റ്റും അസ്സെഞ്ചറും ഈ പ്രശ്‌നം പരിഗണിച്ചു വരുന്നുണ്ട്. ബയോ മെട്രിക് ഡേറ്റ വിശകലനം ചെയ്യുകയും അത് ബ്ലോക്ചെയിനിൽ റജിസ്റ്റർ ചെയ്ത് സാർവ്വലൗകികവും സ്ഥിരവുമായ ഐഡന്റിറ്റി സൃഷ്ടിക്കുന്നതുമായ സംവിധാനം ഇരുകമ്പനികളും ചേർന്ന് തയാറാക്കിയിട്ടുണ്ട്. 'ഭൂമി നിയന്ത്രണം പോലുള്ള മേഖലകളിൽ ഇത്തരം വിശ്വസ്തതയുള്ള സ്ഥിരമായ രേഖകൾ ക്രിയാത്മകമായ പ്രതിഫലനങ്ങളാവും സൃഷ്ടിക്കുക. ഭൂമിയുടെ അവകാശവും വസ്തു തർക്കങ്ങൾ സംബന്ധിച്ച വിഷയങ്ങളും പരിഹരിക്കുന്ന വിധത്തിൽ ഭൂമി ഉടമസ്ഥതയുടെ രേഖകൾ ബ്ലോക് ചെയിനിൽ രേഖപ്പെടുത്തുന്ന പൈലറ്റ് പദ്ധതിക്ക് തെലങ്കാന, ആന്ധ്ര സർക്കാരുകൾ തുടക്കം കുറിച്ചിട്ടുണ്ട്. 

രാജ്യാന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിലാണ് ഇതിന്റെ അടുത്ത പ്രതിഫലനം ഉണ്ടാകുക. പ്രകൃതിക്ഷോഭമോ ആഭ്യന്തര കലഹങ്ങളോ ഉണ്ടാകുമ്പോൾ സർക്കാരുകൾക്ക് അവശ്യ സേവനങ്ങൾ നൽകാനാവാത്ത സാഹചര്യത്തിൽ ആഗോള സമൂഹം പിന്തുണയുമായി എത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാനും പ്രവർത്തനച്ചെലവു കുറയ്ക്കാനും ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഏറെ സഹായകമാകും. ജോർദാനിലെ അഭയാർഥി ക്യാംപിൽ സിറിയൻ അഭയാർത്ഥികൾക്ക് ഭക്ഷ്യ റേഷൻ വിതരണം ചെയ്യുന്നതിന് ബ്ലോക്ചെയിൻ സാങ്കേതികവിദ്യയാണു പ്രയോജനപ്പെടുത്തിയത്. സഹായ പരിപാടിയുടെ ചെലവ് തൽസമയം അറിയുന്നതിനും പണം എങ്ങനെ ചെലവഴിച്ചു എന്നു സംഭാവന നൽകിയവരെ അറിയിക്കുന്നതിനും അതു കൃത്യമായ ഗുണഭോക്താവിനു തന്നെയാണു ലഭിച്ചത് എന്നുറപ്പാക്കുന്നതിനും  ഈ സാങ്കേതികവിദ്യ സഹായകമായി. പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായ ഏജൻസിയുടെ അംഗീകാരം വർധിപ്പിക്കുന്നതിനും ഇത് പിന്തുണയാകുന്നുണ്ട്. 

എല്ലാവർക്കും ഔപചാരികമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഇതിനു വലിയ പങ്കു വഹിക്കാനുണ്ട്. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന മൈക്രോ ഫിനാൻസ് ആണെങ്കിൽ ഉയർന്ന പലിശ നിരക്കും ഉയർന്ന പ്രവർത്തനച്ചെലവും ഉള്ളതാണ്.  ഈ പശ്ചാത്തലത്തിലാണ് സേവനങ്ങൾ ലഭ്യമാക്കാൻ ബ്ലോക്ചെയിൻ സാങ്കേതികവിദ്യ പിന്തുണയേകുന്നത്. നേരത്തേതന്നെ വിലയിരുത്തപ്പെട്ട വ്യക്തിഗത ഡേറ്റയുടെ അടിസ്ഥാനത്തിൽ ഐഡന്റിറ്റിയും വായ്പ നേടാനുള്ള കഴിവും വിശകലനം ചെയ്ത് ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഈ നീക്കത്തിനു പിന്തുണ നൽകും, അതും കുറഞ്ഞ ചെലവിൽ തന്നെ. ഇടപാടുകൾക്കു കുറഞ്ഞ ചെലവും കുറഞ്ഞ സമയവും മതിയെന്നതിനാൽ ചെറിയ തുകകൾ നൽകുന്ന കാര്യത്തിൽ പുതിയ മാതൃകകളാണ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. ഇൻഷൂറൻസ്, വായ്പ, നിക്ഷേപം, സമ്പാദ്യം തുടങ്ങിയവയുടെ കാര്യത്തിൽ പുതിയ സേവനങ്ങൾ അവതരിപ്പിക്കാനും ഇതു വഴിയൊരുക്കുന്നു.

ഇന്ത്യയിൽ സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും താൽപ്പര്യം ആകർഷിച്ചുകൊണ്ടാണു മുന്നേറുന്നത്. ഇന്ത്യാ ചെയിൻ എന്ന ബ്ലോക്ക് ചെയിൻ ശൃംഖല സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഈയിടെയാണ് നിതി ആയോഗ് പ്രഖ്യാപിച്ചത്. ആധാർ പോലും ഉപയോഗിക്കാവുന്നതായിരിക്കും ഇത്. 

ഏറ്റവും വികസിത രാഷ്ട്രങ്ങളുടെ  അതേ പാതയിൽ രാജ്യത്തെയും എത്തിക്കുന്നതു കൂടിയാവും ഈ നീക്കം. ‌ബ്ലോക്ചെയിൻ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻ ബാങ്കുകളും രാജ്യാന്തര ബാങ്കുകളും കൂട്ടായി മുന്നോട്ടു വന്നിട്ടുണ്ട്. കെവൈസി, വ്യക്തികളെ തിരിച്ചറിയൽ. വായ്പകൾ നൽകൽ തുടങ്ങിയ പല കാര്യങ്ങൾക്കും ഈ കൂട്ടായ്മ പ്രയോജപ്പെടുത്താനുമാവും. 

ലോകത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പണമടയ്ക്കലുകൾ സ്വീകരിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ഈ രംഗത്തു വൻ സാധ്യതകളാണുള്ളത്. ഉദാഹരണത്തിന്, രാജ്യാന്തര പണം കൈമാറ്റങ്ങൾ വേഗതയേറിയതും സുരക്ഷിതവും താങ്ങാനാവുന്ന ചെലവിലുള്ളതുമാക്കാൻ യെസ് ബാങ്ക് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.

പരമ്പരാഗത ബിസിനസ് മാതൃകകളുടെ സ്ഥാനത്ത് പുതിയ രീതികൾ ഉടലെടുക്കുന്ന വിധത്തിൽ ബ്ലോക്ചെയിൻ വലിയ മാറ്റമാവും ഇവിടെ സൃഷ്ടിക്കുക.