Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില ഉയർന്ന്... ഉയർന്ന്; ഇന്ന് കൂടിയത് 31 പൈസ

cartoon-oil-price-hike

കൊച്ചി ∙ തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂടി. ഇന്ന്  പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയും കേരളത്തിൽ ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 81 രൂപയ്ക്കടുത്തെത്തി. നഗരപരിധിക്കു പുറത്ത് വില 81 കടന്നിട്ടുമുണ്ട്. കൊച്ചിയിലും വില എൺപതിലേക്ക് അടുക്കുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ 80 രൂപയിൽ അധികം നൽകണം. അതേസമയം ഡീസൽവില 74 രൂപയ്ക്കടുത്തെത്തി. കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മൂന്നാഴ്ചയോളം എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.  വോട്ടെടുപ്പു കഴിഞ്ഞതോടെ  30 പൈസയോളം ദിവസവും കൂട്ടുകയാണ്. 

oil-price-hike

വില കുതിക്കാൻ കാരണങ്ങൾ

∙ രാജ്യാന്തര വിപണിയിൽ 2014 നു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണവില. 

∙ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ശക്തമായ ഇടിവ്. 

∙ ദിവസവും പെട്രോൾ, ഡീസൽ വില കൂടിയിട്ടും എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകാത്തത്.

 മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഒൻപതു തവണ നികുതി വർധിപ്പിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ചരക്ക്, സേവന നികുതി പരിധിയിൽ ഉൾപ്പെടുന്നില്ല.

കുടുംബ ബജറ്റിന്റെ താളം തെറ്റും

പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതു സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതുമാത്രമല്ല, രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കും. ഉയർന്ന ചരക്കുനീക്കച്ചെലവു നിത്യോപയോഗ സാധനങ്ങളുടെ വില  കൂട്ടും. പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങി എല്ലാ ഭക്ഷ്യോൽപന്നങ്ങളുടെയും വില  കുതിച്ചുയരും. വിലക്കയറ്റം രാജ്യത്തിന്റെ നാണ്യപ്പെരുപ്പം  ഉയർത്തും. ഇത് പലിശ നിരക്ക് ഉയരാൻ കാരണമാകും. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ രാജ്യത്തിനു കൂടുതൽ പണം ആവശ്യമായി വരും.

നഗരങ്ങളിലെ ഇന്നത്തെ വില

കൊച്ചി

പെട്രോൾ– 79.79

ഡീസൽ– 72.75

തിരുവനന്തപുരം

പെട്രോൾ– 80.88

ഡീസൽ– 73.78

കോഴിക്കോട്

പെട്രോൾ– 80.58

ഡീസൽ– 73.50

ഇന്ധനവില നിയന്ത്രിക്കും: പെട്രോളിയം മന്ത്രി

ന്യൂഡൽഹി ∙ ഇന്ധനവില നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. എന്നാൽ അതിനു സ്വീകരിക്കുന്ന മാർഗമെന്തായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പെട്രോളിനും ഡീസലിനും വില റെക്കോർഡിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. ക്രൂ‍ഡോയിൽ വില കുതിച്ചതോടെ എല്ലാ മേഖലയിലും വിലകൾ കയറുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. വരും മാസങ്ങളിൽ വില 100 ഡോളർ കവിഞ്ഞേക്കുമെന്നും സൂചനയുണ്ട്. കേരളത്തിൽ പെ‌ട്രോൾ വില  ലീറ്ററിന് 80 രൂപ കടന്നു; ഡീസൽ വില 74 രൂപയോളമായി. നികുതി കുറച്ചു വില നിയന്ത്രിക്കാൻ സർക്കാരിനുമേൽ സമ്മർദം ശക്തമാണ്. ലോകത്തു പെട്രോളിയം ഇറക്കുമതി രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ: പ്രതിവർഷച്ചെലവ് ആറു ലക്ഷം കോടിയോളം രൂപ.