Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ വീണ്ടും താഴേക്ക്

rupee-down

മുംബൈ ∙ വിപണികളെ ആശങ്കയിലാഴ്ത്തി രൂപയ്ക്കു വീണ്ടും തിരിച്ചടി. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 16 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി; 68.12. ഇന്നലെ മാത്രം നേരിട്ടത് 12 പൈസയുടെ ഇടിവ്. 68.08ൽ ആരംഭിച്ച വ്യാപാരം, ഒരവസരത്തിൽ 68.16 വരെ എത്തിയിരുന്നു. 2017 ജനുവരി 24നു ശേഷം രൂപ ഈ നിലവാരത്തിലേക്ക് തകരുന്നത് ആദ്യമാണ്.

രാജ്യാന്തര വിപണിയിൽ എണ്ണ വില കയറുന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയും ഡോളറിന് ആവശ്യം വർധിപ്പിച്ചു. ഇറക്കുമതിക്കാർ നല്ല തോതിൽ ഡോളർ വാങ്ങിക്കൂട്ടുകയാണ്. ആഭ്യന്തര ഓഹരി വിപണിയിലെ തകർച്ചയും, വിദേശ ധനസ്ഥാപനങ്ങൾ ഓഹരി വിൽപന നടത്തുന്നതും രൂപയുടെ മൂല്യം ഇടിക്കുന്ന ഘടകങ്ങളായി ചൂണ്ടിക്കാട്ടുന്നു. ഈ മാസം ഇതുവരെ വിദേശ ധനസ്ഥാപനങ്ങൾ 18,000 കോടി രൂപയുടെ വിൽപന നടത്തിയിട്ടുണ്ട്. യുഎസ്–ചൈന വ്യാപാര യുദ്ധം ആഗോളതലത്തിൽ ഡോളറിന്റെ മൂല്യം ഉയർത്തുകയാണ്. ഇതിനു പുറമെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായി താഴുന്നതും രൂപയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നു.

മേയ് 11ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 123.7 കോടി ഡോളർ താഴ്ന്ന് 41770.2 കോടി ഡോളറിലെത്തി. റിസർവ് ബാങ്കിന്റെ ഇടപെടൽമൂലം കഴിഞ്ഞ ആഴ്ച കനത്ത തകർച്ചയിൽ നിന്ന് രൂപ രക്ഷപ്പെട്ടിരുന്നു. എന്നാൽ എണ്ണവില ഉയർന്നതിനാൽ രൂപ വീണ്ടും മൂക്കുകുത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രൂപ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത് 2016 നവംബറിലാണ്; 68.86.

എണ്ണവിലക്കയറ്റം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വർധിപ്പിക്കുമെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. 2017–2018ൽ സിഎഡി മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ 1.9 ശതമാനമായിരിക്കുമെന്നാണു കണക്കാക്കിയിരുന്നത്. ഇത് 2.5 ശതമാനം വരെ ഉയരാമെന്നാണു പറയുന്നത്. ഒരു ബാരൽ എണ്ണയിൽ 10 ഡോളറിന്റെ വർധന വന്നാൽ 800 കോടി ഡോളറിന്റെ അധിക ഇറക്കുമതി ബാധ്യതയാണു നേരിടുക. ഈ വർഷം ആദ്യം 63.62 നിലവാരത്തിലായിരുന്നു രൂപയുടെ നിരക്ക്. അഞ്ചു മാസംകൊണ്ടു രൂപയുടെ മൂല്യത്തിൽ 6.5% ഇടിവാണുണ്ടായത്.