Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കു നീക്കം: തുറമുഖങ്ങളിൽ ചെലവു കുറഞ്ഞ രീതി വേണം

governor കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ അടുത്തതിന്റെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന ആഘോഷം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു. ഗൗതം ഗുപ്ത, പ്രകാശ് അയ്യർ, എ.വി. രമണ, പി. നാഗേശ്വര റാവു, എ.എ. അബ്ദുൽ അസീസ്, ജി. വൈദ്യനാഥൻ എന്നിവർ സമീപം.

കൊച്ചി ∙ വ്യാപാരികൾക്കു ചെലവു കുറഞ്ഞ രീതിയിലും എളുപ്പത്തിലും ചരക്കു കടത്താൻ കഴിയുന്ന വിധത്തിലുള്ള സംവിധാനങ്ങൾ തുറമുഖങ്ങളിലുണ്ടാകണമെന്നു ഗവർണർ പി. സദാശിവം. കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ അടുത്തതിന്റെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ചൈനയെയും യൂറോപ്പിനെയും അപേക്ഷിച്ച് ഇന്ത്യയിൽ ചരക്കുനീക്കത്തിനു ചെലവു കൂടുതലാണ്. ഇ–വീസ, ഇ–ലാൻഡിങ് കാർഡ് തുടങ്ങിയവ കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. തുറമുഖങ്ങളിൽ മലിനീകരണം കുറച്ച്, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ വ്യാപാരികളുടെ അഭിപ്രായം കൂടി പരിഗണിക്കണം. അതേസമയം, രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകരുത്.  വ്യാപാര തർക്കങ്ങൾ മുഴുവൻ കോടതിയിലേക്കു വലിച്ചുനീട്ടാതെ, ആർബിട്രേഷൻ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണം. –അദ്ദേഹം പറഞ്ഞു. 

പോർട് ട്രസ്റ്റ് ഡപ്യൂട്ടി ചെയർമാൻ എ.വി. രമണ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് ചീഫ് കമ്മിഷണർ പി. നാഗേശ്വര റാവു, പോർട് ട്രസ്റ്റ് ട്രാഫിക് മാനേജർ ഗൗതം ഗുപ്ത, ചീഫ് എൻജിനീയർ ജി. വൈദ്യനാഥൻ, കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എ. അബ്ദുൽ അസീസ്, കൊച്ചിൻ സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് അയ്യർ എന്നിവർ പ്രസംഗിച്ചു. ഇറക്കുമതിക്കുള്ള പോർട് ഡേ പുരസ്കാരം മലയാള മനോരമ മെറ്റീരിയൽസ് വൈസ് പ്രസിഡന്റ് പി.പി. പ്രകാശ് ഏറ്റുവാങ്ങി. 

‘പൊതുമേഖല: സർക്കാരിന് താൽപര്യം കുറവ്’

കൊച്ചി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ അടുത്തകാലത്തായി സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നു ഗവർണർ പി. സദാശിവം. ‘രാജ്യത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾ നമ്മുടെ പ്രതിഛായ വർധിപ്പിക്കുന്നവയാണ്. സുപ്രീം കോടതിയിൽ ഞാൻ പരിഗണിച്ച ഒരു കേസിന്റെ വിധിന്യായത്തിൽ,  പ്രകൃതിവാതകം, ധാതുക്കൾ തുടങ്ങിയവയുടെ ഖനനം പൊതുമേഖലാ സ്ഥാപനങ്ങളെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവ രാജ്യത്തിന്റെ സമ്പത്താണ്.’ അദ്ദേഹം പറഞ്ഞു.