Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോരിത്തരില്ല, സ്വയം പഠിച്ചോണം

Author Details
it-training-how-to

എംബിബിഎസ് പാസായി വരുന്ന പയ്യനു രോഗികളെ ചികിൽസിക്കാൻ ആശുപത്രികൾ വേറെ പരിശീലനം കൊടുക്കണമെന്നു പറഞ്ഞാലെന്തു ചെയ്യും? അതുപോലായിരുന്നു ഐടി കമ്പനികൾ എൻജിനീയറിങ് പാസായി വരുന്ന പയ്യൻമാർക്കു ട്രെയിനിങ് നൽകിയിരുന്നത്. ചില വൻകിട ഐടി കമ്പനികളാവട്ടെ സായിപ്പിനെ ഇംപ്രസ് ചെയ്യാൻ വിക്ടോറിയൻ വാസ്തുശിൽപ്പമാതൃകയിൽ കൂറ്റൻ ആഗോള പരിശീലന കേന്ദ്രം വരെ സ്ഥാപിച്ചു. വേറൊരു വൻ കമ്പനി ചിന്ന ട്രെയിനിങ് കേന്ദ്രം ടെക്നോപാർക്കിൽ പണ്ടേ തുടങ്ങി. ആഗോള പരിശീലന കേന്ദ്രം തുടങ്ങാൻ 50 ഏക്കർ ടെക്നോസിറ്റിയിൽ ഏറ്റെടുത്തു. അതിന്റെ രൂപകൽപ്പന റെഡിയായിട്ട് പതിറ്റാണ്ടായി. പക്ഷേ അനക്കമില്ല. എന്താ കാര്യം?

കാലം മാറിയപ്പോൾ പുതിയ റിക്രൂട്ടുകൾക്ക് പരിശീലനം എന്ന ഏർപ്പാടു തന്നെ ഐടി കമ്പനികൾ വേണ്ടെന്നു വയ്ക്കുകയാണ്. എല്ലാം പഠിച്ചിട്ട് ഇങ്ങോട്ടു പോന്നാട്ടേയ്, അല്ലാതെ ഇവിടെ വന്നിട്ടു പഠിപ്പിക്കാനൊന്നും പറ്റില്ല എന്ന ലൈനിലേക്കു മാറി. ഓൺലൈൻ കോഴ്സുകൾ സർവത്രയുണ്ട്. പഠിച്ചിട്ടു വന്നാൽ കമ്പനി പരീക്ഷ നടത്തും, അതുപാസായാൽ ജോലി. അല്ലാതെ ജാവ സിംപിളാണ്, പവർഫുള്ളാണ് എന്നൊന്നും ആരും സിനിമാ ഡയലോഗ് പറഞ്ഞു കൊടുക്കാനില്ല. 

ഐടിയിലെ ബിസിനസ് മോഡലിൽ വന്ന മാറ്റവും പഴയ പോലെ പിള്ളാരെ താലോലിക്കാത്തതിനു കാരണമാണ്. വിദേശ കമ്പനിക്ക് ഉണ്ടാക്കി കൊടുക്കുന്ന സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്യാനായി എത്ര പേരെ എത്ര മണിക്കൂർ പണിയെടുപ്പിച്ചു എന്ന അടിസ്ഥാനത്തിലുള്ള ബില്ലിങ്ങിൽതന്നെ മാറ്റം വന്നു. നിങ്ങൾ എത്ര പേരെക്കൊണ്ടു ജോലി ചെയ്യിപ്പിച്ചെന്നു ‍ഞങ്ങൾക്കറിയേണ്ട, നിങ്ങളുടെ ഉത്പന്നം ഞങ്ങളുടെ കമ്പനിക്ക് എന്തു നേട്ടമുണ്ടാക്കും എന്നു നോക്കിയാൽ മതിയെന്നായി. വലിയ പട്ടാളത്തെ ഇരുത്തി പണിയെടുപ്പിക്കുന്ന രീതിക്കു മാറ്റം വന്നതോടെ വൻകിട ഐടി കമ്പനികൾ റിക്രൂട്മെന്റ് പണ്ടുണ്ടായിരുന്നതിന്റെ നാലിലൊന്നാക്കി ചുരുക്കി.

റിക്രൂട് ചെയ്ത പിള്ളാരെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾ വരെ പഠിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. പരിശീലന കാലത്ത് മുഴുവൻ ശമ്പളം കിട്ടും. കമ്പനിക്കു പരിശീലനച്ചെലവു പുറമെ. ആ സുവർണകാലമാണു പോയ്മറയുന്നത്. പണ്ട് പിള്ളാരുടെ സപ്ലൈ കുറവായിരുന്നു, ഇന്ന് എൻജിനീയറിങ് കോളജുകൾ കണ്ടമാനമായി. സപ്ലൈ കൂടി, ഡിമാൻഡ് കുറയുകയും ചെയ്തു. പ്രോഗ്രാം കോഡിങ്ങിന് ഓട്ടമേഷൻ വന്നു തുടങ്ങി.  

എന്തും പഠിക്കാൻ ക്ലാസ് മുറികളും വലിയ സ്ക്രീനും പ്രൊജക്ടറും ജാഡയും മറ്റും വേണ്ടാതായി. വീട്ടിലിരുന്നു പഠിക്കാം. വിജ്ഞാനത്തിന്റെ ആഗോളവൽക്കരണ കാലമാണ്. ഗൂഗിൾ സെർച്ച് ചെയ്താൽ അപ്പനപ്പൂപ്പൻമാരെ ഒഴികെ കിട്ടാത്ത ഒന്നുമില്ലാതായി. അമേരിക്കയിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കാൻ മോഹമുണ്ടോ. ഓ, ഇത്ര പാടുപെട്ട് അഡ്മിഷനും വീസയും ഒപ്പിച്ച് അവിടെ ചെന്നിരുന്നു പഠിക്കണമെന്നില്ല. പഠിത്തം കഴിഞ്ഞ് അവിടെ കുടിയേറാനുള്ള ദുരുദ്ദേശ്യം ഇല്ലെങ്കിൽ വീട്ടിലിരുന്ന് അവരുടെ പ്രഫസർമാരുടെ ക്ലാസുകൾ കാണാം. സ്റ്റാൻഫഡ്, ഹാവഡ് പോലുള്ള സർവകലാശാലകളും അവരുടെ എണ്ണം പറഞ്ഞ പ്രഫസർമാരുടെ ക്ലാസുകൾ വിഡിയോ എടുത്ത് യൂ ട്യൂബിൽ ഇട്ടിട്ടുണ്ട്.

എത്ര നേരം വേണേലും കണ്ടോണ്ടിരുന്നു പഠിക്കാം. അതിനാൽ സ്പൂണിൽ കോരി തരാനൊന്നും ഒക്കത്തില്ല, മക്കള് എല്ലാം പഠിച്ചിട്ടു വാ എന്നാണ് കമ്പനികൾ പുത്തൻ മില്ലെനിയൽ പിള്ളാരോടു പറയുന്നത്. 

ഒടുവിലാൻ∙ തൊണ്ണൂറുകളിൽ വൈ–ടു–കെ പ്രശ്നത്തിന്റെ കാലത്ത് ഐടി രംഗത്തു ജോലിയിൽ കയറിയവർക്ക് 20 വർഷത്തിലേറെ സർവീസായി. പുതിയ ‘സ്കിൽ സെറ്റ്’ സ്വയം പഠിച്ചെടുക്കാത്തവർക്ക് റോഡ് അവസാനിക്കുന്ന സ്ഥിതിയാണ്.