Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസത്തെ രക്ഷിക്കാൻ കഠിനശ്രമം

gods-own-country

കൊച്ചി ∙ പ്രളയംമൂലം ടൂറിസം മേഖലയ്ക്കു നഷ്ടം 1800 കോടി രൂപ. പ്രളയബാധിത പ്രദേശങ്ങളിലെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും സംഭവിച്ച നാശനഷ്ടം 300  കോടിയെന്നു കണക്കാക്കുന്നെങ്കിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ സഞ്ചാരികളുടെ വരവു കുറഞ്ഞതു മൂലമുണ്ടായ വരുമാന നഷ്ടം 1500 കോടിയാണ്.

രൂക്ഷമായ വെള്ളപ്പൊക്കം മൂലം ഓഗസ്റ്റിൽ സഞ്ചാരികളെ പൂർണമായി നഷ്ടപ്പെട്ടിരുന്നു. ഈ മാസവും സാധാരണ വരാറുള്ള സഞ്ചാരികളുടെ 10% മാത്രമേ ലഭിക്കുന്നുള്ളൂ. പ്രളയാനന്തരം എലിപ്പനി പടരുന്നുവെന്ന വാർത്തയും തിരിച്ചടിയായി. ഒക്ടോബറിലേക്കു ബുക്കിങ് വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാൽ, നവംബറിൽ ദീപാവലിക്കും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലും സ്വദേശ–വിദേശ സഞ്ചാരികളും പതിവുപോലെ എത്തിയാൽ പ്രതിസന്ധിയിൽ നിന്നു കരകയറാൻ കഴിയും. അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണു ടൂറിസം വകുപ്പും ടൂറിസം വ്യവസായ മേഖലയും സംയുക്തമായി നടത്തുന്നത്.

kochi-tourists പ്രളയത്തിനുശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശികളുമായി എത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനത്തിലെ സഞ്ചാരികള്‍ക്ക് നല്‍കിയ വരവേല്‍പ്. ചിത്രം: മനോരമ

കേരളത്തിലാകെ സഞ്ചാരികൾക്കു താമസിക്കാനായി 40000 മുതൽ 50000 വരെ ഹോട്ടൽ–റിസോർട്ട് മുറികളാണുള്ളത്. സെപ്റ്റംബറിൽ 60 ശതമാനത്തിലേറെ മുറികൾ നിറയാറുണ്ട്. ഒക്ടോബറിൽ സീസൺ തുടങ്ങുന്നതിനാൽ 80% മുറികളും നിറയാറുണ്ട്. എന്നാൽ, ഇക്കുറി മുറികൾ നിറയൽ (ഓക്യുപൻസി റേഷ്യോ) തീരെ കുറവാണ്. കെടുതികൾ കഴിഞ്ഞ്, കേരളത്തെക്കുറിച്ചു പുറത്തുള്ള പ്രതിച്ഛായയും മെച്ചപ്പെടുത്തി നവംബർ മുതലുള്ള നാലു മാസം കാര്യമായി ബുക്കിങ് കിട്ടിയാൽ ടൂറിസം മേഖല കരകയറുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എല്ലാ മുറികളിലും വെള്ളം കയറി അഞ്ചു കോടി നഷ്ടം വന്ന റിസോർട്ട് വരെയുണ്ട്. രാജ്യാന്തര പ്രശസ്തമായ അനേകം റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ഒന്നര കോടിയിലേറെ നാശമുണ്ടായി. വെള്ളം കയറി ജനറേറ്ററും മറ്റും തകരാറിലായതിനാൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഒരു മാസത്തോളം അടച്ചിടേണ്ടി വന്നു. ടൂറിസം വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ടൂറിസം മേഖലയിലെ നാശനഷ്ടത്തെക്കുറിച്ചുള്ള  കണക്കുകൾ കൊടുത്തു. 

ദേശീയ, രാജ്യാന്തര കൺവൻഷനുകളുടെ ബുക്കിങ്ങിൽ നേരിടുന്ന കുറവാണ് ആശങ്കയുണർത്തുന്നത്. കേരളത്തിലേക്കു വരേണ്ട കൺവൻഷനുകൾ ഗോവയും കൊളംബോയും ജയ്പുരും പോലെ മറ്റിടങ്ങളിലേക്കു പോകുന്ന സ്ഥിതിയുണ്ട്. ആയിരങ്ങൾ പങ്കെടുക്കുന്ന വൻകിട കൺവൻഷനുകളുടെ സംഘാടനവും വേദി നിശ്ചയിക്കലും ഹോട്ടൽ ബുക്കിങ്ങും രണ്ടു വർഷം മുൻപേ തുടങ്ങുമെന്നതിനാൽ 2020 ലെ കൺവൻഷനുകളും കേരളത്തെ വിട്ടകന്നേക്കുമെന്നാണ് ഹോട്ടൽ രംഗത്തെ ആശങ്ക.

അതേ സമയം പ്രളയക്കെടുതിയിൽ നിന്നു മൂന്നാറും വയനാടും ഒഴികെ ടൂറിസം രംഗം പൂർണമായും ഉയിർത്തെഴുന്നേറ്റുവെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുങ്ങിപ്പോയ ബാക് വാട്ടർ ടൂറിസം മേഖലയിലെ എല്ലാ റിസോ‍ർട്ടുകളും വഞ്ചിവീടുകളും പൂർണമായി ഉയിർത്തെഴുന്നേറ്റെന്നു മാത്രമല്ല, സഞ്ചാരികളും എത്തിത്തുടങ്ങി.