Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നൂ, ഒരു ബീയർ നിർമാണശാല കൂടി

beer

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാരിന്റെ അനുമതി. ഇതോടെ ഇൗ വർഷം മാത്രം സർക്കാർ അനുമതി നൽകിയ ബ്രൂവറികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്തു വിറ്റഴിക്കുന്ന ബീയറിന്റെ 40 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതിനാൽ അപേക്ഷിക്കുന്നവർക്കെല്ലാം അനുമതി നൽകുക എന്ന നയത്തോടെയാണു സർക്കാരിനു താൽപര്യം. 

പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കൊച്ചി കിൻഫ്ര വ്യവസായ പാർക്കിലെ 10 ഏക്കർ സ്ഥലത്ത് ആധുനിക ബ്രൂവറി തുടങ്ങാനാണു കഴിഞ്ഞ ദിവസം നികുതി വകുപ്പ് അനുമതി നൽകി ഉത്തരവിറക്കിയത്. 

നേരിട്ടും അല്ലാതെയും ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കുമെന്നതു കണക്കിലെടുത്താണ് അനുമതി നൽകിയതെന്നു നികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി. ഡ്യൂട്ടി ഇനത്തിൽ അധിക വരുമാനവും ലഭിക്കും. പാലക്കാട് എലപ്പുള്ളി വില്ലേജിലെ 9.92 ഏക്കർ സ്ഥലത്ത് അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസിനു പ്രവർത്തിക്കാൻ ജൂണിൽ ലൈസൻസ് നൽകിയിരുന്നു. 

വർഷം 5 കോടി ലീറ്റർ ബീയറാണ് അവിടെ ഉൽപാദിപ്പിക്കുക. കണ്ണൂർ ജില്ലയിലെ വാരം എന്ന സ്ഥലത്തു മാസം അഞ്ചു ലക്ഷം കെയ്സ് ബീയർ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ശ്രീധരൻ ബ്രൂവറീസിന് രണ്ടു മാസം മുൻപ് അനുമതി നൽകിയിരുന്നു. 

വിദേശ മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള കോംപൗണ്ടിങ്, ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് പ്ലാന്റ് പെരുമ്പാവൂരിൽ ആരംഭിക്കാൻ ശ്രീചക്രാ ഡിസ്റ്റിലറിക്കും അടുത്തിടെ പെർമിറ്റ് ലഭിച്ചു. കഴിഞ്ഞ വർഷം 208 ലക്ഷം കെയ്‌സ് മദ്യവും 115 ലക്ഷം കെയ്‌സ് ബീയറുമാണ് കേരളം അകത്താക്കിയത്.

related stories