Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാടിന്റെ ജലമൂറ്റും 5 കോടി ലീറ്റർ ബീയര്‍ പ്ലാന്റ്; പ്രാദേശിക സിപിഎമ്മിൽ എതിർപ്പ്

രാജീവ് നായർ
beer-bottles

കോട്ടയം ∙ വൻകിട കമ്പനികളുടെ ജലചൂഷണത്തിനെതിരെ പാലക്കാട്ട് സമരപോരാട്ടങ്ങള്‍ നടത്തിയ സിപിഎം, ബ്രൂവറി വിവാദത്തില്‍ എതിര്‍പ്പ് നേരിടുന്നത് പ്രതിപക്ഷത്തുനിന്നു മാത്രമല്ല സ്വന്തം അണികളില്‍നിന്നും. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലീറ്റര്‍ ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കിയത് സിപിഎം അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പാണുണ്ടാക്കിയിരിക്കുന്നത്.

ഇക്കാര്യത്തിലുള്ള വിയോജിപ്പ് എല്ലാ പഞ്ചായത്ത് അംഗങ്ങളും നിവേദനമാക്കി പാര്‍ട്ടിക്കു സമര്‍പ്പിക്കുമെന്ന് എലപ്പുള്ളിയിലെ സിപിഎം ഗ്രാമപഞ്ചായത്ത് അംഗം കെ. രവി പറഞ്ഞു. പഞ്ചായത്ത് ഇതിന് അനുമതി നല്‍കില്ലെന്നും രവി വ്യക്തമാക്കി. ഇതു സംബന്ധിച്ചു പാര്‍ട്ടിയുടെ അന്തിമതീരുമാനം വന്നതിനു ശേഷം പ്രതികരിക്കാമെന്നാണു മുമ്പു കോള വിരുദ്ധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രാദേശിക സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നത്. 

പാരിസ്ഥിതിക പഠനങ്ങൾ കൂടാതെ അനുവദിച്ച ബ്രൂവറികള്‍ പാലക്കാട് ഉള്‍പ്പെടെ വിവിധ ജില്ലകളെ മരുപ്പറമ്പാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആരോപണം. ജലവിഭവ വകുപ്പിന്റെ പഠനത്തിനു ശേഷമേ ബ്രൂവറികള്‍ക്കു ലൈസന്‍സ് നല്‍കുകയുള്ളുവെന്നു എക്‌സൈസ് മന്ത്രി പറഞ്ഞെങ്കിലും ഇതുവെറും നടപടിക്രമം മാത്രമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതികരണം. 

ഭൂഗര്‍ഭ ജലനിരപ്പ് അനിയന്ത്രിതമായി കുറയുന്ന പാലക്കാട് ജില്ലയിലെ എലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം ഹെക്ടാലീറ്റര്‍ (അഞ്ചു കോടി ലീറ്റര്‍) ബീയര്‍ ഉല്‍പാദിപ്പിക്കാനുള്ള അനുമതിയാണ് അപ്പോളോ ഡിസ്റ്റിലറീസ് ആന്‍ഡ് ബ്രൂവറീസിനു നല്‍കിയിരുന്നത്. ജൂണ്‍ 28-നാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. രാജ്യാന്തര പഠനങ്ങള്‍ പ്രകാരം ഒരു ലീറ്റര്‍ ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ കുറഞ്ഞത് അഞ്ചു മുതല്‍ ഏഴു ലീറ്റര്‍ വരെ വെള്ളം വേണ്ടിവരുമെന്നാണ് കണക്ക്. ഇതുപ്രകാരം പ്രതിവര്‍ഷം അഞ്ചു കോടി ലീറ്റര്‍ ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും കുറഞ്ഞത് 25 കോടി ലീറ്റര്‍ ജലം ആവശ്യമായി വരും. അതായത് പ്രതിദിനം ഏഴു ലക്ഷം ലീറ്റര്‍ വെള്ളം.

പാലക്കാട് പുതുശേരിയില്‍ വൻകിട കമ്പനി പ്രതിദിനം ഏഴു ലക്ഷം ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനെതിരെയാണു സിപിഎം അതിശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പ്ലാന്റിന്റെ പ്രതിദിന ജലഉപയോഗം 2,34,000 ലീറ്ററായി നിജപ്പെടുത്താന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ജലവിഭവ മന്ത്രി എൻ‍.കെ. പ്രേമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്നു ജലചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷനായിരുന്നു പ്രേമചന്ദ്രന്‍. പുതുശേരി ഗ്രാമത്തില്‍ കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നു 2016-ല്‍ എം.ബി. രാജേഷ് എംപി അധ്യക്ഷനായി ജലചൂഷണ വിരുദ്ധ സമിതി രൂപീകരിച്ചാണ് സിപിഎം സമരം നയിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു സുഭാഷ് ചന്ദ്ര ബോസായിരുന്നു കണ്‍വീനര്‍. 

2013 മാര്‍ച്ചിലെ ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഭൂഗര്‍ഭ ജലത്തിന്റെ സ്ഥിതിയെ അടിസ്ഥാനപ്പെടുത്തി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്ക് അമിതചൂഷിത ബ്ലോക്കായും മലമ്പുഴ ബ്ലോക്ക് ക്രിട്ടിക്കല്‍ ബ്ലോക്കായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ഇതില്‍ മലമ്പുഴ ബ്ലോക്കിലാണ് ഇപ്പോള്‍ ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ എലപ്പുള്ളി വില്ലേജ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കുഴല്‍ക്കിണറിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒൻപതു കുടിവെള്ള വിതരണ പദ്ധതികള്‍ നിലച്ചതായി ജല അതോറിട്ടി വ്യക്തമാക്കിയിരുന്നു. 

സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് 67 കേന്ദ്രങ്ങളില്‍നിന്നു സംഭരിച്ച കണക്കുകള്‍ പ്രകാരം 2016 ഏപ്രിലിനും 2017 ഏപ്രിലിനും ഇടയില്‍ പാലക്കാട് ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് ആശങ്കാജനകമായ തരത്തില്‍ കുറയുന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചിറ്റൂര്‍, മലമ്പുഴ, പട്ടാമ്പി ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയത്. ചിറ്റൂര്‍ ബ്ലോക്കിലെ ഒഴലപ്പതി ഗ്രാമപഞ്ചായത്തില്‍ ഏഴു മീറ്റര്‍ കുറവാണുണ്ടായത്. മലമ്പുഴ ബ്ലോക്കിലെ കഞ്ചിക്കോട് വ്യവസായ മേഖലയും നല്ലേപ്പുള്ളിയും യഥാക്രമം 2.53 മീറ്ററും രണ്ടു മീറ്ററും കുറവു രേഖപ്പെടുത്തിയിരുന്നു. മേഖലയില്‍ കടുത്ത ജലക്ഷാമത്തിന് ഇതുവഴിവച്ചിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം പാലക്കാട് മേഖലയിലാണെന്ന കണ്ടെത്തല്‍ തന്നെയാണു പാലക്കാടിനു ശാപമായത്. ജലലഭ്യതയറിഞ്ഞ് ബഹുരാഷ്ട്ര കുത്തകകള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് പാലക്കാട്ടേക്ക് ഒഴുകിയെത്തിയത്. നിലവില്‍ അനധികൃതമായി നിരവധി കുപ്പിവെള്ള പ്ലാന്റുകളും പാലക്കാട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.