Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൽസവം തന്നെ ഓൺലൈൻ വിപണിയിൽ

shopping

കൊച്ചി ∙ മീനും പച്ചക്കറിയും വരെ ഓൺലൈനിൽ ലഭിക്കുമ്പോൾ ഓൺലൈൻ കച്ചവടം പൊടിപൊടിക്കാതിരിക്കാൻ ന്യായമില്ല. സാധാരണ വിപണിക്കു ചിന്തിക്കാൻ പോലും കഴിയാത്ത ഓഫറുകളാണ് ഓൺലൈൻ സൈറ്റുകൾ നൽകുന്നത്. രാജ്യത്തെ ഇ–കൊമേഴ്സ് വമ്പൻമാരായ ആമസോണും ഫ്ലിപ്കാർട്ടും ആരംഭിച്ച, ദിവസങ്ങൾ നീളുന്ന ഷോപ്പിങ് ഉത്സവം നമ്മുടെ ഓണവിപണിയെയൊക്കെ എത്രയോ ചെറുതാക്കിക്കളഞ്ഞു. ദീപാവലി ഷോപ്പിങ് ഉത്സവം എന്ന പുതിയ സംസ്കാരം രാജ്യത്തെ എല്ലാ സംസ്ഥാനത്തേക്കും എത്തിക്കാനും ഇ–കൊമേഴ്സ് കമ്പനികൾക്കു കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ടു ദിവസങ്ങളിൽ തന്നെ 11,000 കോടി രൂപയുടെ കച്ചവടമാണ് ആമസോൺ, ഫ്ലിപ്കാർട് എന്നീ ഷോപ്പിങ് സൈറ്റുകളുടെ ദീപാവലി ഫെസ്റ്റിവലിൽ നടന്നതെന്ന് റെഡ്‌സീർ കൺസൾട്ടിങ് ഏജൻസി വ്യക്തമാക്കുന്നു. അവിശ്വസനീയമായ ഓഫറുകൾ കമ്പനികൾ ഓൺലൈനിൽ നൽകുമ്പോൾ ഫോണിൽ നിന്നു കണ്ണെടുക്കാനാവുന്നില്ലെന്നു പറയുന്നത് പുതുതലമുറ മാത്രമല്ല. ചെറുപ്പക്കാരുടെ പ്രിയപ്പെട്ട ചില ഇലക്ട്രോണിക്സ് ബ്രാൻഡുകൾ ഓൺലൈനിൽ മാത്രം ലഭ്യമാകുന്നതും ഇ–കൊമേഴ്സ് ഷോപ്പിങ് ഉത്സവത്തിന്റെ പകിട്ടു കൂട്ടുന്നുണ്ട്.

ഫോണുകൾ ഫോണിലൂടെ

മൊബൈൽ ഫോണുകൾ ഫോണിലൂടെത്തന്നെ വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണു യുവാക്കൾ. കാരണം ഇഷ്ടബ്രാൻഡുകൾക്കു ലഭിക്കുന്ന ഓഫറുകൾ തന്നെ. ബിഗ്ബില്യൻ ഡേയും ഗ്രേറ്റ് ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിച്ച്, ആദ്യ രണ്ടു ദിവസത്തിൽ 50 ലക്ഷം യൂണിറ്റുകളാണ് ഓൺലൈനായി വിറ്റുപോയതെന്നാണു കണക്ക്. 170 ദശലക്ഷം ഡോളറിന്റെ ഗൃഹോപകരണങ്ങളും വിറ്റുപോയി. 120 ദശലക്ഷം ഡോളറിന്റേതാണ് ഫാഷൻ മേഖലയിലെ കച്ചവടം. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ദിവസങ്ങളിലെ കച്ചവടത്തിൽ രണ്ടിരട്ടിയാണ് വർധന. 30 ലക്ഷം സ്മാർട്ഫോണുകൾ ബിഗ് ബില്യൻ ഡേയുടെ രണ്ടാം ദിവസം വിറ്റുപോയെന്നാണ് ഫ്ലിപ്കാർട്ടിന്റെ അവകാശ വാദം.

ആപ്പിൾ, വൺപ്ലസ്, സാംസങ് തുടങ്ങി വിലയേറിയ മൊബൈൽ ഫോണുകൾക്കും ഇത്തവണ ആമസോണിൽ മികച്ച ഓഫറുകളുണ്ട്. വൺപ്ലസ്, ഷഓമി ഫോണുകൾക്ക് ഓൺലൈനിൽ ആവശ്യക്കാരേറെയാണ്. ഇലക്ട്രോണിക്സിന് 90 ശതമാനം വരെ ഓഫറുകളും ആകർഷകമായ ഇഎംഐ പാക്കേജുകളുമാണ് കമ്പനികൾ നൽകുന്നത്. ബാങ്കുകൾ ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പ്രത്യേക ഓഫറുകൾ നൽകി ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാകുന്നുണ്ട്. 

ഫോണിൽ ഒതുങ്ങില്ല, ഷോപ്പിങ്

ഓൺലൈനിലെ ടിവി വിൽപനയും ഉത്സവ സീസണുകളിൽ പൊടിപൊടിക്കുന്നുണ്ട്. ഓൺലൈനിൽ മാത്രം ലഭ്യമായ ബിപിഎൽ, തോംസൺ തുടങ്ങിയ ബ്രാൻഡുകൾ വമ്പൻ ഓഫറുകളാണു നൽകുന്നത്. 12500 രൂപയ്ക്കാണ് തോംസൺ ബിഗ്ബില്യൻ ഡേയിൽ സ്മാർട് ടിവി വിൽക്കുന്നത്. 4കെ ടിവിയുടെ വില 25000 രൂപയിൽ ആരംഭിക്കും.  ടിവി വിൽപനയിൽ ആദ്യ ദിവസങ്ങളിൽ മൂന്നര ഇരട്ടി വർധനയുണ്ടെന്നാണ് ആമസോൺ ഇന്ത്യ പറയുന്നത്. അതേസമയം ലോകത്തിൽ നാലു ടിവികൾ വിറ്റുപോയാൽ അതിൽ ഒരെണ്ണം ഫ്ലിപ്കാർട്ടിലൂടെയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടിവി കച്ചവടത്തിൽ റെക്കോർഡ് വിൽപനയാണ് ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിൽ പ്രതീക്ഷിക്കുന്നത്. ഫാഷൻ,  ഗൃഹോപകരണങ്ങൾ എന്നീ സെക്ടറുകളിലെ വിൽപന ഈ വർഷം ആദ്യ ദിവസങ്ങളിൽ തന്നെ റെക്കോർഡുകൾ മറികടക്കുമെന്ന് ഫ്ലിപ്കാർട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. ആദ്യ 36 മണിക്കൂറിൽ തന്നെ മെഗാ ദിവാലി സെയിലിലൂടെ  കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഭേദിച്ചെന്ന് സ്നാപ്ഡീലും വ്യക്തമാക്കി.

മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ് എന്നിവ മാത്രമല്ല വീട്ടുസാധനങ്ങളുടെ വിൽപനയിൽ വരെ ആദ്യ നാലു ദിവസത്തിൽ മൂന്നിരട്ടി വർധയുണ്ടെന്നാണ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ പേയ്ടിഎം പറയുന്നത്. അഞ്ചു കോടി സന്ദർശകരെ സൈറ്റിൽ ഈ മാസം ലഭിച്ചെന്നും പേയ്ടിഎം മാൾ വൈസ് പ്രസിഡന്റ് ശ്രീനിവാസ് മോത്തി വ്യക്തമാക്കി.  ചെറു നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ഒട്ടേറെ പുതിയ ഉപയോക്താക്കളെ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.