Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്; മൊബൈൽ സിം കാർഡുകൾ റദ്ദാകില്ല

Aadhaar

ന്യൂഡൽഹി ∙ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകിയ മൊബൈൽ സിം കാർഡുകൾ റദ്ദാകില്ലെന്നു വ്യക്തമാക്കി ടെലികോം വകുപ്പും ആധാർ അതോറിറ്റിയും (യുഐഡിഎഐ). ആധാർ വിവരങ്ങൾ മാറ്റി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ മൊബൈൽ കമ്പനികൾക്കു നൽകണോ എന്നത് ഉപഭോക്താവിനു തീരുമാനിക്കാം.

ആധാർ നമ്പർ ഡീ ലിങ്ക് ചെയ്താൽ 50 കോടി മൊബൈൽ കണക്‌ഷനുകൾ പ്രവർത്തനരഹിതമാകുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ വിശദീകരിച്ചു. സിം കാർഡുകൾ ലഭിക്കാൻ ആധാർ കാർഡ് തന്നെ നൽകണമെന്നു നിർബന്ധമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഇത്തരത്തിൽ ഉപഭോക്താക്കൾക്കു ലഭിച്ച സിം കാർഡുകൾ റദ്ദാക്കണമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ല.

മൊബൈൽ നമ്പരുമായി ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഉപഭോക്താക്കൾ മറ്റു തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടി വരുമെന്ന പ്രചാരണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ആധാർ അതോറിറ്റിയും കേന്ദ്ര ടെലികോം മന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തിയത്. ആധാറിനായി നൽകിയ വിവരം തെളിവായി 6 മാസമേ സൂക്ഷിക്കാവൂ എന്നാണു സുപ്രീം കോടതി വിധി.

കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സൂക്ഷിക്കുന്നതിനു മൊബൈൽ കമ്പനികൾക്കു പ്രശ്നമില്ല. മൊബൈൽ കണക്‌ഷനുകൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ വൈകാതെ പുറത്തിറക്കുമെന്നു ടെലികോം മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ–കെവൈസി നിർത്തലാക്കുന്നതിനുള്ള പദ്ധതി രൂപരേഖ ടെലികോം കമ്പനികൾ മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു പുതിയ പദ്ധതികൾ ചർച്ചയിലുള്ളത്.