Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ–റിസർവ് ബാങ്ക് വെടിനിർത്തൽ

Arun Jaitley, Urjit Patel അരുൺ ജയ്റ്റ്‍ലി, ഉർജിത് പട്ടേൽ

ന്യൂഡൽഹി ∙ പ്രധാന തർക്കവിഷയങ്ങളിൽ സർക്കാരും റിസർവ് ബാങ്കും ഒത്തുതീർപ്പിലേക്ക്. ഇതോടെ, ബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടുന്നതിൽ പ്രതിഷേധിച്ചു രാജിവയ്ക്കുന്നതിൽനിന്നു റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ പിൻവാങ്ങിയേക്കും. ‌പിഎംഒ, ധനകാര്യ മന്ത്രാലയ പ്രതിനിധികളും റിസർവ് ബാങ്ക് മേധാവികളും നടത്തിയ കൂടിയാലോചനകളിലാണു ര‌ക്ഷാമാർഗം രൂപപ്പെട്ടത്. ഉർജിത് പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂ‌ടി‌ക്കാഴ്ച നടത്തിയിരുന്നു. ഒത്തുതീർപ്പു നിർദേശങ്ങളിങ്ങനെ:

∙ റിസർവ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പു പ്ര‌യോഗിക്കുന്നതിനു പകരം പരസ്പരധാരണയോടെ മുന്നോട്ട്. കേന്ദ്ര ബാങ്കിനു നിർദേശങ്ങൾ നൽകാൻ സർക്കാരിന് അധികാരം നൽകുന്ന ഏഴാം വകുപ്പ്, ബാങ്കിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതാണ്. 

∙ റിസർവ് ബാങ്കിന്റെ യുക്തമായ കരുതൽ ശേഖരം എത്രയെന്നു നിർണയിക്കുന്നതിനു കൂടിയാലോചന തുടരാം. ഇരുകൂട്ടർക്കും ബു‌ദ്ധിമുട്ടാകും വിധം തിരക്കിട്ടു നടപടിയില്ല.

∙ വികസനം ഉറപ്പാക്കാനും തൊഴിൽ സൃഷ്ടിക്കാനും ധനലഭ്യത വർധിക്കണമെന്ന പൊതുനിലപാടിനോടു റിസർവ് ബാങ്കിനു യോജിപ്പ്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ ഉണർവിനു വഴിയൊരു‌ക്കണം.

∙ കിട്ടാക്കടക്കെണിയിലായ 11 പൊതുമേഖലാ ബാങ്കുകൾക്കു മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കർക്കശ വായ്പാ നയം (പ്രോംപ്റ്റ് കറക്ടിവ് ആക്‌ഷൻ–പിസിഎ) ശ്രദ്ധാപൂർവം ഉദാരമാക്കും. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കു വായ്പ ഉറപ്പാക്കാനും നടപടിയുണ്ടാവും. 

റിസർവ് ബാങ്കിന്റെ കരുതൽ ശേഖരവും ബാങ്കുകൾ നിയമപ്രകാരം സൂക്ഷിക്കേണ്ട മൂലധനശേഖരവും രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചു പരിഷ്കരിക്കേണ്ടതുണ്ടെന്ന പക്ഷമാണു സർക്കാരിന്. ഈ ശേഖരം കുറച്ചാൽ വികസനാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടത്ര പണം ലഭ്യമാകും.

എന്നാൽ, കർക്കശ ആഭ്യന്തര മാനദണ്ഡങ്ങളാണു രാജ്യത്തെ ബാങ്കിങ് വ്യവസായത്തെ പിടിച്ചുനിർത്തുന്നതെന്നു റിസർവ് ബാങ്ക് കരുതുന്നു; കിട്ടാക്കടക്കെണിയിൽ കുടുങ്ങിയിട്ടും ബാങ്കുകൾ നിലനിൽക്കുന്നതിനു കാരണമതാണെന്നും.