Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈഡ്രജൻ ഇന്ധന ഗവേഷണത്തിൽ ഐഒസിക്കു മുന്നേറ്റം

hydrogen-fuel-bus ഐഒസിയുടെ ഫരീദാബാദ് ഗവേഷണ വിഭാഗം ക്യാംപസിലെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ്

ന്യൂഡൽഹി∙ പരിസ്ഥിതി സൗഹൃദ ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗവേഷണത്തിൽ മുന്നേറ്റം. ഹൈഡ്രജൻ ഫ്യുവൽ സെൽ, ഹൈഡ്രജൻ സിഎൻജി (എച്ച്സിഎൻജി) മേഖലകളിലാണു പഠനങ്ങൾ.

ഹൈഡ്രജൻ നിറച്ച സെല്ലിൽ നടക്കുന്ന വൈദ്യുത രാസപ്രവർത്തനത്തിന്റെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഊർജമാണു വാഹനത്തിൽ ഉപയോഗിക്കുക. പുകയോ മറ്റു മാലിന്യങ്ങളോ ഉണ്ടാകുന്നില്ലെന്നതാണു പ്രധാനനേട്ടം. വാഹനം പുറംതള്ളുന്നതു ശുദ്ധജലം മാത്രമായിരിക്കും. നിലവിൽ ടാറ്റയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത 2 ഹൈഡ്രജൻ ഫ്യുവൽ സെൽ ബസുകളാണ് ഐഒസിയുടെ ഫരീദാബാദ് ഗവേഷണ വിഭാഗം ക്യാംപസിലുള്ളത്. 200 ബാർ മർദത്തിലുള്ള ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 15 കിലോമീറ്റർ ഓടാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

സാധാരണ സിഎൻജി വാഹനങ്ങൾ‍ പുറംതള്ളുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡിന്റെ അളവിൽ 70% കുറവു വരുമെന്നതാണ് ഹൈഡ്രജൻ കലർത്തിയ സിഎൻജി (എച്ച്സിഎൻജി) ഉപയോഗിക്കുന്നതിലെ നേട്ടം. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് ഡൽഹി സർക്കാരിന്റെ തീരുമാനപ്രകാരം ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ 50 സിഎൻജി ബസുകളിൽ എച്ച്സിഎൻജി ഉപയോഗിച്ച് 2019 ജൂൺ മുതൽ പരീക്ഷണ ഓട്ടം നടത്തും. പ്രകൃതി വാതകത്തിൽനിന്ന് 15–30% ഹൈഡ്രജൻ അടങ്ങുന്ന എച്ച്സിഎൻജി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഐഒസി ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേറ്റന്റും ലഭ്യമാക്കി.

ബിഎസ്6 നിലവാരത്തിലെത്തുന്നതോടെ ഡീസലിന്റെ മലിനീകരണത്തോത് സിഎൻജിയുടേതിനു (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) തുല്യമാകുംവിധം കുറയുമെന്ന് ഐഒസി റിസേർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. എസ്.എസ്.വി.രാമകുമാർ പറഞ്ഞു. 2020ൽ പൂർണമായും രാജ്യം ബിഎസ്6ലേക്കു മാറും. ഇതിന്റെ ഭാഗമായി മൊത്തം 30,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഒസി റിഫൈനറികളിൽ നടത്തുന്നതെന്നും രാമകുമാർ അറിയിച്ചു.