Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നഡച്ചൂട്; കേരളവും വിയർക്കാം

Author Details
cartoon

കർണാടകയിൽ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം ഇന്നു തിരുവനന്തപുരത്തു തിരിച്ചെത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉച്ചകഴിഞ്ഞു പോകുന്നതു ചെങ്ങന്നൂരിലേക്കാണ്. മറ്റന്നാൾ പോളിങ് ബൂത്തിലേക്കു നീങ്ങുന്ന കർണാടക എഴുതാൻ പോകുന്ന വിധിക്ക് ചെങ്ങന്നൂരുമായി അഭേദ്യബന്ധമുണ്ട്, അതുവഴി കേരളരാഷ്ട്രീയവുമായും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായും അതു കണ്ണിചേർന്നുകിടക്കുന്നു.

കർണാടകയിൽപെടുന്ന മംഗലാപുരവും നമ്മുടെ കാസർകോടും ചേർന്നുകിടക്കുന്നയിടങ്ങളാണ്. ഗുണ്ടൽപേട്ടിനോട് ഏറെ മാറിയല്ല, ബത്തേരി. വിരാജ്പേട്ടും ഇരിട്ടിയും അയൽക്കാരാണ്. വാശിയേറിയ രാഷ്ട്രീയമത്സരത്തിന്റെ പ്രത്യാഘാതങ്ങൾ കാസർകോടും വയനാടും കണ്ണൂരും നേരിട്ടനുഭവിക്കുന്ന സ്ഥിതിയുണ്ടാകാം. അതിനെല്ലാമപ്പുറത്ത്, ബിജെപിയെ പരാജയപ്പെടുത്തി ഭരണം നിലനിർത്താൻ കോൺഗ്രസിനു സാധിച്ചാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ ഉയരെ പാറുന്ന ഒരു വെല്ലുവിളിക്കൊടി അവർ നാട്ടിയെന്നാണർഥം. മറിച്ച് മോദിയുടെയും അമിത് ഷായുടെയും തേര് കന്നടമണ്ണും കീഴടക്കിയാൽ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വല്ലാതെ ചോർന്നുതുടങ്ങുന്നുവെന്നും.

ഈ രണ്ടു സാധ്യതകൾക്കും അയൽസംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രസക്തിയുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രം കർണാടകയ്ക്കു ശേഷമെന്നാണു ബിജെപിയുടെ ഉന്നത നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അവിടം പിടിച്ചാൽ കേരളത്തിലേക്കുള്ള കടന്നുകയറ്റം എളുപ്പമാകുമെന്ന് അവർ വിചാരിക്കുന്നു. പൊതുതിരഞ്ഞെടുപ്പുവരെ പ്രതീക്ഷ കൈവിടേണ്ടെന്ന ഉറച്ചവിശ്വാസമാണു കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത്. അതിൽ അയൽപക്കത്തെ അനുകൂലവിധി വിള്ളൽവീഴ്ത്തിയാൽ കോൺഗ്രസിൽനിന്ന് ആളെപ്പിടിക്കുന്നതിനു ഷാ വേഗം കൂട്ടും. അതല്ല, രണ്ടാമതും മുഖ്യമന്ത്രിയാകാനുള്ള യെഡിയൂരപ്പയുടെ മോഹം പാഴ്ക്കിനാവായാൽ നിലവിൽത്തന്നെ വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത കേരളത്തിൽ കേന്ദ്രീകരിക്കാൻ ബിജെപി നേതൃത്വം മെനക്കെട്ടേക്കുകയുമില്ല. അവർക്കു മുന്നിൽ വേറെ സംസ്ഥാനങ്ങളുണ്ട്.

കോൺഗ്രസും ഇടതുപക്ഷവും

സിദ്ധരാമയ്യ കർണാടകയിൽ ഭരണം നിലനിർത്തേണ്ടതു കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും രാഷ്ട്രീയമായ അനിവാര്യതയാണ്. ഒരുവശത്ത് അതുവഴി വീര്യം കുറയുന്നത് ഇവിടെ  മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപിക്കാണ്. പരിവാർശക്തികളെ തടയാനും പരാജയപ്പെടുത്താനും തങ്ങൾക്കേ സാധിക്കൂവെന്ന സിപിഎം മുദ്രാവാക്യത്തിന്റെ ബലവും മറുവശത്തു ചോരും. ബിജെപിക്കെതിരെ കോൺഗ്രസേയുള്ളൂവെന്നു കെപിസിസിക്കു തന്റേടത്തോടെ പ്രഖ്യാപിക്കാനുമാകും.

മറിച്ച് കോൺഗ്രസ് തോറ്റാൽ ആ പരുക്കിൽ ഒരു പങ്ക് സിപിഎമ്മിനേൽക്കുമെന്ന വൈരുധ്യവുമുണ്ട്. 224ൽ 19 സീറ്റിൽ തനിച്ചു മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കകത്തടക്കം ചോദ്യം ചെയ്യപ്പെടാം. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരുശതമാനത്തിൽ താഴെ വോട്ടാണു സിപിഎമ്മിനു ലഭിച്ചത്. 2013ൽ ആകെ വോട്ട് 68775. ഇതിൽ 35472 വോട്ടും സിപിഎം രണ്ടാംസ്ഥാനത്തെത്തിയ ബാഗേപ്പള്ളി നിയമസഭാമണ്ഡലത്തിൽ ലഭിച്ചത്. ബാക്കി 15 സീറ്റിൽ ആകെ കിട്ടിയതു 33,403 വോട്ട്. ഒരു മണ്ഡലത്തിൽ‍ ശരാശരി 2226. അത്രയെങ്കിലും വോട്ടു കിട്ടാവുന്നയിടങ്ങളിൽ ‘ഫാഷിസ്റ്റ് വിരുദ്ധതയ്ക്ക്’ അതു പ്രയോജനപ്പെടുത്താതെ, വോട്ടു ഭിന്നിപ്പിക്കുമ്പോൾ ആത്യന്തികമായി ബിജെപിക്കു തന്നെയല്ലേ പ്രയോജനം ചെയ്യുകയെന്നു കോൺഗ്രസിനു ചോദിക്കാം.

ഈ രാഷ്ട്രീയവിചാരണ മുന്നിൽക്കണ്ടു  മത്സരിക്കാൻ തുനിയാതിരുന്ന സിപിഐ, കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ്. ചിക്കമഗളൂര‌ുവിനടുത്തു മുഡിഗെരെ നിയമസഭാ സീറ്റിൽ 2013ൽ ജനതാദൾ (എസ്) ജയിച്ചതു വെറും 635 വോട്ടിന്. അവിടെ 12721 എന്ന ഭേദപ്പെട്ട വോട്ട് നേടിയ സിപിഐ ഇത്തവണ മത്സരിക്കാതിരിക്കുമ്പോൾ പ്രയോജനം എന്തായാലും ബിജെപിക്കാകില്ല.

ഗൗഡ തൊട്ട് വേണുഗോപാൽ വരെ

കോൺഗ്രസ് കർണാടക പിടിച്ചാൽ രണ്ടു മലയാളികളുടെ രാഷ്ട്രീയ ഗ്രാഫും ഉയരും; എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും സെക്രട്ടറി പി.സി.വിഷ്ണുനാഥിന്റെയും. തിരഞ്ഞെടുപ്പു ചുമതലയെന്ന വൻ വെല്ലുവിളി തോളിലേറ്റി കഴിഞ്ഞ ഏപ്രിലിൽ അവിടെയെത്തിയ രണ്ടുപേരും, ഒരു വർഷമായി ഏതാണ്ട് അവിടെത്തന്നെയാണ്. ഈയിടെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെയും ഇത്രയേറെ ഗൃഹപാഠത്തോടെ കോൺഗ്രസ് സമീപിച്ചു കാണില്ല.

അൻപതിനായിരത്തോളം ബൂത്തുകളിൽ കമ്മിറ്റികൾ ഉണ്ടാക്കുന്നതുതൊട്ട് സാധ്യമായതെല്ലാം ചെയ്തുവെന്ന വിശ്വാസത്തിലാണു രണ്ടുനേതാക്കളും. കർണാടകയിൽ മൂവർണക്കൊടി പാറിക്കാനായാൽ ‘സ്വന്തം ആലപ്പുഴയിലെ’ ചെങ്ങന്നൂരും അതിന്റെ ആവേശത്തിലേക്കുയരുമെന്നു കെ.സി.വേണുഗോപാലിനറിയാം; മറിച്ചാണെങ്കിൽ പി.എസ്.ശ്രീധരൻപിള്ളയുടെ പ്രതീക്ഷ വളരുമെന്നും.

ഈ 84–ാം വയസ്സിലും കർണാടക രാഷ്ട്രീയം താൻ നിയന്ത്രിക്കുമെന്നു പ്രതീക്ഷിക്കുന്ന എച്ച്.ഡി.ദേവെഗൗഡയുടെ അടുത്ത നീക്കത്തിലേക്ക് ഉദ്വേഗത്തോടെ നോക്കുന്ന ചിലരും കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ പാർ‍ട്ടിയായ ജനതാദളി(എസ്)ന്റെ നേതാക്കൾ. ആർക്കും ഭൂരിപക്ഷമില്ലാതെ വരികയും ആരു ഭരിക്കണമെന്നു ഗൗഡ തീരുമാനിക്കുകയും ചെയ്യുന്ന സ്ഥിതിയിൽ, ബിജെപിയെയെങ്ങാനും ഗൗഡ പിന്തുണച്ചാൽ പിന്നെ മാത്യു ടി.തോമസിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും ഇടതുമുന്നണിയിലെ നിലനിൽപിനു മുന്നിൽ ചോദ്യചിഹ്നമുയരാം.