Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെന്നിന്ത്യയിലെ മലയാളി മാഹാത്മ്യം

കേരളത്തിലെ കോൺഗ്രസിനു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഹൈക്കമാൻഡ് പാടുപെടുന്നുണ്ടാകാം, ബിജെപി അധ്യക്ഷനെ നിശ്ചയിക്കാൻ രണ്ടുമാസം വേണ്ടിവന്നിരിക്കാം. അതൊന്നും മലയാളി നേതാക്കളുടെ പത്തരമാറ്റിനെക്കുറിച്ച് ഈ പാർട്ടികൾക്കു സംശയമുണ്ടാക്കിയിട്ടില്ല. അല്ലെങ്കിൽ, തെന്നിന്ത്യയിലേക്കു കണ്ണോടിക്കുക. കേരള നേതാക്കളുടെ കൈപ്പിടിയിലാണ് അവിടെ ഈ പാർട്ടികൾ. ബിജെപിയും കോൺഗ്രസും മാത്രമല്ല, ഇടതുപാർട്ടികളും മലയാളി മാഹാത്മ്യം അംഗീകരിക്കുന്നു.

ആന്ധ്രയുടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കർണാടകയിൽ കെ.സി.വേണുഗോപാലും പി. സി.വിഷ്ണുനാഥും, തെലങ്കാനയിൽ ബിജെപിയെ നിയന്ത്രിക്കുന്നത് പി.കെ.കൃഷ്ണദാസ്, അവിടെത്തന്നെ എഐസിസി സെക്രട്ടറിയായ ശ്രീനിവാസൻ കൃഷ്ണൻ, ആന്ധ്രയിൽ ബിജെപിയുടെ പുതിയ ‘പ്രഭാരിയായി’ വി.മുരളീധരൻ. തീർന്നില്ല, കർണാടകയിൽ സിപിഎമ്മിനു വഴികാട്ടാൻ പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും സിപിഐക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തെ നട്ടുനനയ്ക്കാൻ ഇത്രയധികം മലയാളികൾ ഒരേസമയം ചെലവിട്ട കാലഘട്ടമുണ്ടായിട്ടില്ല എല്ലാവർക്കും പിടിപ്പതു പണിയുടെ സമയവുമാണ്. പൊതുതിരഞ്ഞെടുപ്പ് ആസന്നം, ആന്ധ്രയിലും തെലങ്കാനയിലും അതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും.

ആന്ധ്രയുടെ ഒസി ഗാരു

ആന്ധ്രയിലേക്ക് എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ചപ്പോൾ അർധമനസ്സോടെയാണ് ആ ദൗത്യം അദ്ദേഹം ഏറ്റെടുത്തതെന്നു വിശ്വസിക്കുന്നവരുണ്ട്. കോട്ടയവും പുതുപ്പള്ളിയും തിരുവനന്തപുരവും വിട്ടുള്ള കളി, ഉമ്മൻ ചാണ്ടിക്കു മനസ്സുകൊണ്ട് എളുപ്പമല്ല. പക്ഷേ, ഇപ്പോൾ ഉമ്മൻ ചാണ്ടിയെ കാണണമെങ്കിൽ വിജയവാഡയിലോ വിശാഖപട്ടണത്തോ എത്തേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നു നാനാവിധമായ ആന്ധ്രയിലെ കോൺഗ്രസിനു ജീവവായു കൊടുക്കുകയാണ് ഈ മുതിർന്ന നേതാവ്. ജൂലൈ ഒൻപതിനും 31നും ഇടയിൽ 13 ജില്ലകളിലും പ്രവർത്തകയോഗങ്ങൾ അദ്ദേഹം വിളിച്ചുചേർത്തുകഴിഞ്ഞു. ‘ഉമ്മൻചാണ്ടി പ്ലാനിലെ’ പ്രധാന ഇനങ്ങൾ ചുവടെ:

∙ 44,000 ബൂത്തുകളിലും കമ്മിറ്റികൾ, നിലവിൽ‍ ബൂത്ത് കമ്മിറ്റികൾ തന്നെയില്ല.

∙686 മണ്ഡലം, ടൗൺ കമ്മിറ്റികൾ, ഇപ്പോൾ മണ്ഡലം, ടൗൺ മേഖലകളിൽ പ്രസിഡന്റുണ്ട്, കമ്മിറ്റികളില്ല.

∙175 നിയോജകമണ്ഡലത്തിലും കോഓർഡിനേഷൻ കമ്മിറ്റി. നിലവിൽ നിയോജക മണ്ഡലങ്ങൾക്കുള്ളത് ഒരു ഇൻചാർജ് മാത്രം. ഈ മൂന്നുകാര്യവും സെപ്റ്റംബർ 15ന് മുൻപ്, സെപ്റ്റംബർ 18ന് രാഹുൽഗാന്ധി എത്തുന്നു.

∙ഒക്ടോബർ രണ്ടിന് ആന്ധ്രയിലെ മുഴുവൻ വീടുകളും കോൺഗ്രസ് പ്രവർത്തകർ സന്ദർശിക്കണം. ഓരോ വീട്ടിൽനിന്നും ഒരു രൂപ സംഭാവന, അതുവഴി കോൺഗ്രസിനെ വീടുകളിലേക്കു വീണ്ടും അടുപ്പിക്കുക,

∙ഒക്ടോബർ 31 മുതൽ നവംബർ 19 വരെ, 20 ദിവസം ഇന്ദിരാഗാന്ധിയുടെ 101–ാം ജന്മവാർഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും റാലികൾ.

∙എല്ലാ പോഷകസംഘടനകളുടെയും യോഗങ്ങൾ വേറെ, നേതൃപരിശീലനക്യാംപുകളും സംസ്ഥാനത്തുടനീളം. ടിഡിപിയും വൈഎസ്ആർ കോൺഗ്രസും കയ്യാളുന്ന ആന്ധ്ര രാഷ്ട്രീയത്തിൽ ഇതുകൊണ്ടു മാത്രം അദ്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷ ഉമ്മൻ ചാണ്ടിക്കില്ല. എന്നാൽ, 25 ലോക്സഭാ മണ്ഡലങ്ങളിലും കെട്ടിവച്ച കാശുപോയ, 2014ലെ നാണക്കേടിൽനിന്നു കരകയറാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടാണ് രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന നേതാവ് ആന്ധ്ര പിസിസി പ്രസിഡന്റിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനും മടികാട്ടാതിരുന്നത്.

മലയാളിമികവിന് അംഗീകാരം

കർണാടകയിലെ വീരോചിതമായ പോരാട്ടത്തിനു മുന്നിൽനിന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതിയിലും ഇടംകണ്ടിരിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്ത് കർണാടകയിലെ പാർട്ടിയെ സഹായിക്കുകയെന്ന ദൗത്യമാണ് എം.എ.ബേബി നി‍ർവഹിച്ചുവരുന്നത്. സിപിഐയുടെ ബിനോയ് വിശ്വം അതേ ദൗത്യത്തിനായി ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുന്നു.

ത്രിപുരയെ കാവിയണിയിച്ച മഹാരാഷ്ട്ര നേതാവ് സുനിൽ ദേവ്ധറിനൊപ്പം, ആന്ധ്രയിൽ ബിജെപിയെ വിജയവഴിയിലെത്തിക്കുകയെന്ന ഭാരിച്ച ദൗത്യമാണ് വി.മുരളീധരന്. മഹാരാഷ്ട്രയിൽനിന്നുള്ള ഈ രാജ്യസഭാംഗത്തിന് ഒരേസമയം, ഡൽഹിയിലും മുംബൈയിലും വിശാഖപട്ടണത്തും തിരുവനന്തപുരത്തും എത്തേണ്ടതിനാൽ കേരളത്തിലെ സംഘടനാ ചുമതലകൾ കുറയും. രണ്ടരവർഷമായി തെലങ്കാനയിൽ ഇതേജോലി നിർവഹിക്കുന്ന കൃഷ്ണദാസിന്റെ പേരും ശ്രീധരൻപിള്ളയ്ക്കൊപ്പം പ്രസിഡന്റ് സാധ്യതാപട്ടികയിൽ അവസാനംവരെ ഉണ്ടായിരുന്നു. തെലങ്കാനയിൽ തുടങ്ങിവച്ചതു പൂർത്തിയാക്കുന്നതിനാണു കൃഷ്ണദാസ് താൽപര്യപ്പെട്ടത്.