Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനരുദ്ധാരണത്തിനു വിദഗ്ധർ ഇറങ്ങണം; നമുക്കു വേണം, ഇവരെയൊക്കെ...

fund-collection അൻപോടെ അയൽക്കാരന്: കേരളത്തിലെ പ്രളയദുരിതബാധിതരെ സഹായിക്കാൻ ചെന്നൈ മറീന ബീച്ചിനു സമീപം പിരിവെടുക്കുന്ന കോളജ് വിദ്യാർഥിനികൾ. ചിത്രം: പിടിഐ

ലോകത്ത് എവിടെയായാലും ദുരന്തമുഖത്തു രക്ഷാപ്രവർത്തനത്തിനും പുനരുദ്ധാരണത്തിനും മുന്നിൽനിൽക്കുന്നതും നിൽക്കേണ്ടതും നാട്ടുകാർ തന്നെ; കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും അവർ അവിടെ കാണും. സ്വന്തം ജീവിതം അവർക്കു പുനർനിർമിക്കാതെ വയ്യ. അതേസമയം, ദുരന്തത്തിനുശേഷം പുനർനിർമാണസമയത്ത് ഓരോ നാട്ടിലും വേണ്ട വിശേഷമായ ചില ‘പ്രത്യേക വൈദഗ്ധ്യം (സ്കിൽസ്)  ഉണ്ട്. അവ ഉള്ളവർ തീർച്ചയായും മറ്റു സ്ഥലങ്ങളിൽനിന്നായാലും ആ നാട്ടിൽ പറന്നെത്തണം.

ഉദാഹരണത്തിന് ഓരോ ദുരന്തശേഷവും, ദുരന്തത്തിൽപെട്ട ഓരോ വ്യക്തിയും മാനസികസംഘർഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ മാസങ്ങൾക്കുശേഷം, ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ’ എന്ന മാനസികാവസ്ഥയിൽ അവർ എത്തും; വിഷാദം ബാധിക്കും; ആത്മഹത്യകൾ കൂടും. മാനസികരോഗ വിദഗ്ധരുടെ സഹായം തേടുന്നത് ‘ഭ്രാന്തുള്ളവർ’ മാത്രമാണെന്നാണ് സമൂഹം ചിന്തിക്കുന്നത്. അതല്ല യാഥാർഥ്യം.

വരുന്ന ആഴ്ചകളിലും മാസങ്ങളിലും നമ്മുടെ നാട്ടിൽ ഒട്ടേറെപ്പേർക്കു മാനസികാരോഗ്യമാർഗനിർദേശം നൽകാൻ ആയിരക്കണക്കിനു സന്നദ്ധപ്രവർത്തകരെ വേണം. അത് പുറമേ നിന്നു വരില്ല. പക്ഷേ, അഞ്ചോ പത്തോ പേർ വന്നാൽ, അവർ കേരളത്തിലുള്ള ഇപ്പോൾ തൊഴിലില്ലാതെ നിൽക്കുന്ന നഴ്‌സുമാരെ പരിശീലിപ്പിച്ചാൽ, അവർക്ക് നമ്മുടെ സമൂഹത്തെ സഹായിക്കാൻ പറ്റും. മാത്രമല്ല, പിൽക്കാലത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ജോലി കിട്ടാനുള്ള സാധ്യതയുമുണ്ട്.

അത്യാവശ്യമായി സർക്കാർ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊക്കെ വിഷയത്തിലാണ് കേരളത്തിൽ വേണ്ടത്ര ‘സ്‌കിൽ’ ഇല്ലാത്തത് എന്നു കണ്ടുപിടിക്കണം. അവ സർക്കാരിന്റെ ഒരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇത്തരം വൈദഗ്ധ്യം ഉള്ള ആളുകളെയാണ് രാജ്യാന്തര സംഘങ്ങൾ കൊണ്ടുവരേണ്ടതെന്നും, ഇങ്ങനെ പ്രത്യേക വൈദഗ്ധ്യമുള്ള മലയാളികളും മറുനാട്ടുകാരും വരുന്നത് ഗുണകരമാണെന്നും പ്രഖ്യാപിക്കുക.

അടുത്ത ഒരാഴ്ചത്തേക്ക് വീടുകൾ വൃത്തിയാക്കാനും ക്യാംപുകളിൽ ജോലിചെയ്യാനും വിവിധ സ്ഥലങ്ങളിൽനിന്നു വരുന്ന ഭക്ഷണവും മറ്റു വസ്തുക്കളുമൊക്കെ വേണ്ടിടത്ത് എത്തിച്ചുകൊടുക്കാനുമൊക്കെ ധാരാളം സന്നദ്ധപ്രവർത്തകരെ വേണം. പക്ഷേ, അതു കഴിഞ്ഞാൽ ജെൻഡർ വിഷയങ്ങൾ, സൈക്കോ സോഷ്യൽ സപ്പോർട്ട്, പ്രായമായവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ളവർ, പഴയ കെട്ടിടങ്ങളുടെ ശേഷി പരിശോധിക്കാനും വേണ്ടി വന്നാൽ പൊളിച്ചുകളയാനുള്ള പ്രത്യേക പരിശീലനം നേടിയവർ, ദുരന്തകാലത്തെ മാലിന്യനിർമാർജനം പരിചയമുള്ളവർ, ഇവരെയൊക്കെ ഏറെ നാൾ കേരളത്തിൽ വേണ്ടിവരും.

(ഐക്യരാഷ്ട്ര സംഘടന ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകൻ)

related stories