Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണ്ടത് പിഴവില്ലാത്ത ആസൂത്രണവും ഏകോപനവും; കരുതലോടെ കാലിടറാതെ

കേരളത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മലയാളിസമൂഹം ഒരുമിച്ച് അതിജീവിച്ചു. പ്രകൃതിദുരന്തങ്ങൾ പലപ്പോഴും സാമ്പത്തിക -സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉളവാക്കും. അതുകൊണ്ടു ദുരന്തപ്രതികരണം ഭരണ രാഷ്ട്രീയ പ്രക്രിയകൂടിയാണ്.

എന്നാൽ ദുരിത്വാശ്വാസത്തിന്റ രണ്ടാം ഘട്ടത്തിൽ കരുതലും ജാഗ്രതയും സംബന്ധിച്ച് എല്ലാവരുടെയും പങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം എന്നത് സർക്കാരും ഭരിക്കുന്ന പാർട്ടികളും നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇനി വരുന്ന ആഴ്ചകളും അടുത്ത മൂന്നു മാസങ്ങളും ഈ  ഫലപ്രദമായ ദുരിത്വാശ്വാസ, പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അതിപ്രധാനമാണ്. അടുത്ത ഘട്ടത്തിലെ ആസൂത്രണത്തിലും ഏകോപനത്തിലും അവ നടപ്പാക്കുന്നതിലും പിഴവുപറ്റാതെയും കാലിടറാതെയും സർക്കാർ ശ്രദ്ധിക്കണം. ദുരന്ത നിവാരണത്തിൽ സർക്കാരും മുഖ്യമന്ത്രിയും ചെയ്യേണ്ട അടിയന്തര നടപടികൾക്കു ചില നിർദേശങ്ങൾ:

സർക്കാരും  മുഖ്യമന്ത്രിയും ആദ്യം ചെയ്യേണ്ടത് എല്ലാവരെയും വിശ്വാസത്തിലെടുക്കുക എന്നതാണ്. എല്ലാവരുടെയും പങ്കാളിത്തത്തിനും കൂട്ടുത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇത് ആവശ്യമാണ്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി അവരുടെ നിർദേശങ്ങൾക്കായി കൂടിയാലോചന ഉടനെ നടത്തുക. തുടർന്ന് അടുത്ത ആറു മാസത്തേക്ക് കൃത്യമായ പരിശോധനാവിഷയങ്ങൾ ആധാരമാക്കി സർവകക്ഷി ഉപദേശകസമിതി രൂപീകരിക്കുക. കേരളത്തിലെ വിവിധ സാമൂഹിക സംഘടനകളെയും സർക്കാരിതര സംഘടനകളെയും വിദേശ മലയാളി സംഘടനകളെയും പങ്കെടുപ്പിച്ച് ദുരന്ത -പുനരധിവാസ കൂടിയാലോചന നടത്തുക. വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുവാൻ സംവിധാനമുണ്ടാക്കണം.

കൃത്യമായ ദുരിതാശ്വാസ -പുനരധിവാസ മാനദണ്ഡങ്ങളും പ്രായോഗിക നിർദേശങ്ങളും സർക്കാർ പുറത്തിറക്കണം. ഇതു തയാറാക്കേണ്ടത് ഒഡീഷ പോലെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കാര്യങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കണം.

സുതാര്യതയും സർക്കാർ ഭരണനിർവഹണ ഉത്തരവാദിത്തവും പ്രധാനമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു വന്ന തുകയുടെ കണക്കുകളും അത് എങ്ങനെ, എവിടെ, എന്തിനുവേണ്ടി ചെലവാക്കി എന്ന റിപ്പോർട്ടും പ്രത്യേക വെബ്‌സൈറ്റിൽ ആഴ്ചതോറും വിവരങ്ങൾ പുതുക്കി നൽകണം. പുനരധിവാസത്തിനായുള്ള എല്ലാ വിവരങ്ങളും വിവിധ രീതികളിൽ ജനങ്ങളുമായി പങ്കുവയ്ക്കുക.

ഫലപ്രദമായ പങ്കാളിത്തവും ഏകോപനവും ദുരന്ത പുനരധിവാസത്തിന് ആവശ്യമാണ്. വിവിധ സർക്കാർ, സർക്കാർ ഇതര സംഘടനകളിൽ ദുരന്തനിവാരണ രംഗത്തു പരിചയവും വൈദഗ്ധ്യവും ഉള്ളവരെ ഉൾപ്പെടുത്തി ദുരന്തനിവാരണ ഏകോപന സമിതി ആസൂത്രണ ബോർഡിന്റെ ചുമതലയിൽ രൂപീകരിക്കുക. ഇത് ജില്ലാ തലത്തിലും പഞ്ചായത്തു തലത്തിലും ആവശ്യമാണ്. ഭരിക്കുന്ന പാർട്ടികളുടെ സജീവ അനുഭാവികളെയും പാർട്ടികളുടെ സർക്കാരിതര സംഘടനകളെയും സർക്കാർ ഉൽസാഹക്കമ്മിറ്റിക്കാരെയും ഈ ഏകോപന സമിതികളിൽ കുത്തിനിറയ്ക്കരുത്. പ്രതിപക്ഷ പ്രാതിനിധ്യവും സ്വതന്ത്ര വിദഗ്ധരുടെ പ്രാതിനിധ്യവും ഉറപ്പാക്കിയാലേ ഫലവത്തായ പങ്കാളിത്തമുണ്ടാകുകയുള്ളൂ.

പുനരധിവാസ-പുനർ നിർമാണ ഫണ്ട് സ്വരൂപണം ആവശ്യമാണ്. ഇതിന് ഇരുപത്തിനായിരത്തിൽപരം കോടി രൂപ സ്വരൂപിക്കണം. ഇത്രയും പണം സ്വരൂപിക്കാൻ മൂന്നു മാർഗങ്ങളുണ്ട്. ഒന്നാമതായി ചെറിയ സെസ് ഏർപ്പെടുത്തുക. അത് വളരെ ശ്രദ്ധയോടെ നിർവഹിക്കണം. രണ്ടാമതായി പേ റോൾ ഗിവിങ്– സർക്കാർ ഉദ്യോഗസ്ഥരും വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരും മാസം നൂറു രൂപ മുതൽ 5000 രൂപ വരെ ഒരുവർഷത്തേക്ക് എല്ലാമാസവും സംഭാവന ചെയ്യുന്ന രീതി. ഒരാൾ നിശ്ചിത തുക വാഗ്ദാനം ചെയ്‌താൽ അയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എല്ലാമാസവും പണം ഈടാക്കുന്ന രീതിയാണിത്.

മൂന്നാമതായി പദ്ധതികൾ സ്പോൺസർ ചെയ്യുന്ന രീതി. വിദേശത്തുള്ള മലയാളി സംഘടനകളും സർക്കാരിതര സംഘടനകളും നേരിട്ട് ഒരു പദ്ധതി സർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന രീതി. എല്ലാ ജില്ലയിലും ചില പഞ്ചായത്തുകളിലെ പുനരധിവാസം സർക്കാരിനും സർക്കാരിതര സംഘടനകൾക്കും ഏകോപനത്തോടെ നടത്താനുള്ള സംവിധാനമാണിത്. കുറഞ്ഞത് ഒരു കോടി രൂപ ചെലവാക്കാൻ തയാറുള്ളവർക്കായിരിക്കണം ഈ പദ്ധതിയിൽ പങ്കെടുക്കാൻ യോഗ്യത. കമ്പനികളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളിലെ പുനരധിവാസ സംരംഭങ്ങളും ഇതിൽ ഉൾപ്പെടുത്താം. ഇതിനുവേണ്ടി പുനരധിവാസ -പുനർനിർമാണ ഫണ്ട് തുടങ്ങുന്നതാണ് അഭികാമ്യം. ആ ഫണ്ടിലേക്ക് ആർക്കും സംഭാവന ചെയ്യുവാൻ സാധിക്കണം. കൂടാതെ ദുരിതാശ്വാസത്തിനായി ഭാഗ്യക്കുറി തുടങ്ങാവുന്നതാണ്. ദുരന്ത പ്രതികരണത്തിന്റ ആദ്യഭാഗമായി വേണ്ടത് പുനരധിവാസ വിലയിരുത്തലാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആവശ്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ടുകൾ വേണം. 

(ലേഖകൻ  മുൻ യുഎൻഡിപി ഡയറക്ടറും ഫോറം ഏഷ്യയുടെ സിഇഒയും ദുരന്ത നിവാരണത്തിൽ രാജ്യാന്തര രംഗത്തു പ്രവർത്തിച്ചയാളുമാണ്.)

related stories