Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിണറ്റിൽ ഇപ്പോഴും ഉപ്പുവെള്ളമുണ്ടോ?

Nikesh Kumar 2016–ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മണ്ഡലത്തിലെ കിണറുകളിൽ ഉപ്പുവെള്ളമാണെന്നു സ്ഥാപിക്കാൻ നികേഷ്കുമാർ കിണറ്റിലിറങ്ങി വെള്ളം പരിശോധിച്ചപ്പോൾ. (ഫയൽ ചിത്രം)

അഴീക്കോട് മണ്ഡലത്തിൽ ഇടതുമുന്നണി ആദ്യമായി തോറ്റത് എം.വി.രാഘവന്റെ മുൻപിലാണ്. രാഘവന്റെ മകനെ പാർട്ടി ചിഹ്നത്തിൽ രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കമാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഴീക്കോടിനെ ആദ്യം ശ്രദ്ധാകേന്ദ്രമാക്കിയത്. ഇരു സ്ഥാനാർഥികളും നടത്തിയ സമൂഹമാധ്യമ പ്രചാരണം, മണ്ഡലത്തെ താരമാക്കി.  സിപിഎം വിട്ട് സിഎംപി രൂപീകരിച്ച എം.വി.രാഘവൻ യുഡിഎഫിനുവേണ്ടി ആദ്യമായി മൽസരിച്ചു ജയിച്ച മണ്ഡലമാണ് അഴീക്കോട്; 1987ൽ. എംവിആർ മണ്ഡലം മാറിയതോടെ അഴീക്കോട് വീണ്ടും ഇടത്തേക്കു ചാഞ്ഞു. 2011ലെ ആദ്യ വരവിൽ 493 വോട്ടിന്റെ ജയവുമായി കെ.എം.ഷാജി, അഴീക്കോടിനെ വീണ്ടും യുഡിഎഫിനു നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ സീറ്റ് സിപിഎമ്മിന് അഭിമാനപ്രശ്നമായിരുന്നു.

എംവിആറിന്റെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന വൈകാരികതയും 2011ൽ അഴീക്കോടിനുണ്ടായിരുന്നു. എംവിആറിന്റെ പിന്തുടർച്ചയ്ക്കായി പാർട്ടിയിലും കുടുംബത്തിലും തർക്കം നടക്കുന്ന സമയം. ഈ വൈകാരികത മുതലെടുക്കാൻകൂടിയുള്ള നീക്കമായിരുന്നു നികേഷിന്റെ സ്ഥാനാർഥിത്വം.  ഷാജിയുടെ മണ്ഡലത്തിലെ കിണറുകളിൽ ഉപ്പുവെള്ളമാണെന്നു സ്ഥാപിക്കാൻ നികേഷ്കുമാർ കിണറ്റിലിറങ്ങി വെള്ളം പരിശോധിച്ചതു സമൂഹമാധ്യമങ്ങളിൽ ട്രോളായി. ആ കിണറിൽ ഉപ്പുവെള്ളമില്ലെന്നു തെളിയിക്കാൻ പിന്നാലെ ഷാജിയെത്തിയതും സമൂഹമാധ്യമങ്ങൾ ആഘോഷിച്ചു. പ്രചാരണരംഗത്തെ ഈ ആഘോഷങ്ങളെല്ലാം അവസാനിച്ചപ്പോൾ ഷാജിയുടെ വിജയം 2287 വോട്ടിനായിരുന്നു.