Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പത്മ’വ്യൂഹത്തിൽ വസുന്ധര

vasundhare-raje-rajasthan-election രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.

ഭീഷണി ഭയന്ന് കേന്ദ്രം

ഇരുനൂറിൽ 163 സീറ്റും നേടിയാണ് 2013ൽ വസുന്ധര അധികാരത്തിലെത്തിയത്. സ്ഥാനാർഥിനിർണയം സ്വന്തം ഇഷ്ടപ്രകാരമായിരുന്നതിനാൽ എംഎൽഎമാരിൽ ഭൂരിപക്ഷവും ചൊൽപടിയിൽ നിൽക്കുന്നവർ. പിന്നാലെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റും തൂത്തുവാരി. അപ്പോഴും സ്ഥാനാർഥിനിർണയം സ്വന്തം ഇഷ്ടപ്രകാരം. അതിനാൽ, എംപിമാരിലും ഭൂരിപക്ഷത്തിനും വസുന്ധരയെ തള്ളിപ്പറയാൻ കഴിയില്ല. മോദി– അമിത് ഷാ സഖ്യത്തിന്റെ തീട്ടൂരങ്ങൾ തള്ളിക്കളയാൻ അവർക്കു കരുത്തേകുന്നതും ഈ കണക്കുകളാണ്.

ബിജെപിയിൽ അമിത് ഷാ പറയുന്നത് അവസാന വാക്കല്ലാത്ത ഏക സംസ്ഥാനമായി രാജസ്ഥാൻ. മധ്യപ്രദേശിനും ഛത്തീസ്ഗഡിനുമൊപ്പം സംസ്ഥാന പാർട്ടി അധ്യക്ഷന്മാരെ രാജിവയ്പിച്ചെങ്കിലും മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ പ്രസിഡന്റിന്റെ നിയമനം വസുന്ധരയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കാൻ കേന്ദ്ര നേതൃത്വം നിർബന്ധിതമായതു സമീപകാല ചരിത്രം. തങ്ങളുടെ ചൊൽപടിക്കു നിൽക്കാത്ത മുഖ്യമന്ത്രിയെ മാറ്റാൻ ആർഎസ്എസും ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നുണ്ടായ നിസ്സഹകരണമാണ് അൽവർ, അജ്മേർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു കനത്ത തോൽവി സമ്മാനിച്ചത്.

തീവ്ര നിലപാടുകാർ പുറത്ത്

തീവ്ര ഹൈന്ദവ നിലപാടുകളുള്ള ചില എംഎൽഎമാർക്കു സീറ്റ് നിഷേധിച്ചാണ് കേന്ദ്ര നേതൃത്വത്തിനും ആർഎസ്എസിനും വസുന്ധര ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ജ്ഞാൻദേവ് അഹൂജ, മന്ത്രിയായിരുന്ന ധൻസിങ് റാവത്ത്, ബൻവാരിലാൽ സിംഘൾ എന്നിവർ ഇവരിൽ പ്രമുഖർ. ബിജെപിയിൽ തീവ്ര നിലപാടുകൾക്കൊപ്പം ചേർന്നു കേൾക്കാത്ത പേരാണു വസുന്ധരയുടേത്. ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങളുണ്ടായെങ്കിലും അവ കത്തിപ്പടരാതിരിക്കാൻ ശക്തമായ ഭരണനടപടികളിലൂടെ അവർക്കു സാധിച്ചു.

കന്നുകാലികളെ കടത്തുന്നവരെ കൊല്ലുമെന്നതടക്കം വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ളയാളാണ് സീറ്റ് നിഷേധിക്കപ്പെട്ട രാംഗഡ് എംഎൽഎ അഹൂജ. മുഖ്യമന്ത്രിയുടെ കടുത്ത വിമർശകൻ. ജെഎൻയുവിൽ ആൺകുട്ടികളും പെൺകുട്ടികളും നഗ്നനൃത്തമാടുന്നുവെന്നും 3000 ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കണ്ടെടുത്തുവെന്നുമുള്ള പ്രസ്താവനകളിലൂടെയാണ് സംസ്ഥാനത്തിനു പുറത്ത് അഹൂജ ‘ശ്രദ്ധിക്കപ്പെട്ടത്’.

മുസ്‌ലിംകൾക്കു കോൺഗ്രസിനായി ഐക്യത്തോടെ വോട്ട് ചെയ്യാമെങ്കിൽ ഹിന്ദുക്കൾക്കു ബിജെപിക്കായി ഒന്നിക്കാം എന്നതടക്കമുള്ള പ്രസ്താവനകൾ നടത്തിയ ആളാണ് ധൻസിങ് റാവത്ത്.
രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാൻ മുസ്‌ലിം ദമ്പതികൾ 14 കുട്ടികൾക്കുവരെ ജന്മം നൽകുകയാണെന്നു പറഞ്ഞയാളാണു സിംഘൾ. ഹിന്ദു– മുസ്‌ലിം ഭിന്നത പ്രസംഗിച്ച മന്ത്രി ജസ്വന്ത് സിങ് യാദവിനും സീറ്റില്ല.

തോറ്റാലും സന്തോഷം

നിലവിലുള്ള എംഎൽഎമാരിൽ പകുതിപ്പേരെ മാറ്റിനിർത്തി മൽസരത്തിനിറങ്ങാനായിരുന്നു അമിത് ഷായ്ക്കു താൽപര്യം. ഇതിന്റെ പേരിലുള്ള തർക്കംമൂലം സ്ഥാനാർഥിപ്പട്ടിക വൈകിയെങ്കിലും തന്നോടു കൂറുപുലർത്തുന്നവരെ വിട്ടുകളയാൻ മുഖ്യമന്ത്രി ഒരുക്കമായിരുന്നില്ല. അതോടെയാണു സ്ഥാനാർഥിനിർണയത്തിന്റെ പൂർണ ഉത്തരവാദിത്തം വസുന്ധരയ്ക്കു ലഭിക്കുന്നത്. ഇതാകട്ടെ, ഇരുതല വാളായി അവരുടെ തലയ്ക്കു മുകളിൽ തൂങ്ങുകയാണ്.

അമിത് ഷാ കാണുന്ന മെച്ചവും അതുതന്നെയാണ്. ജയിച്ചാൽ അവരുടെ അപ്രമാദിത്തം തുടരുമെങ്കിലും തോറ്റാൽ എല്ലാ കുറ്റവും അവരുടെ തലയിൽ ചാർത്തി ഒഴിവാക്കാം. ലോക്സഭയിലേക്കു തങ്ങളോടു കൂറുപുലർത്തുന്നവരെ രംഗത്തിറക്കാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു. അതിനിടെ, ബിജെപി സ്ഥാപക നേതാക്കളിലൊരാളായ ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ്ങിനെ എതിർസ്ഥാനാർഥിയായി കോൺഗ്രസ് നിശ്ചയിക്കുക കൂടി ചെയ്തതോടെ സ്വന്തം മണ്ഡലത്തിലും മുഖ്യമന്ത്രിക്കു മൽസരം കടുക്കുന്നു.

ഇരുട്ടടി: കോൺഗ്രസിൽ സ്ഥാനാർഥിപ്പട്ടിക കാത്തിരുന്നു മടുത്തപ്പോൾ മുൻ മന്ത്രിയും 2 എംഎൽഎമാരുമടക്കം 12 നേതാക്കൾ ഔദ്യോഗിക പ്രഖ്യാപനം കാക്കാതെ പോയി പത്രിക നൽകി. ഒടുവിൽ സ്ഥാനാർഥിപ്പട്ടിക വന്നപ്പോൾ ഇവരിലാർക്കും സീറ്റില്ല!

കുറ്റമെല്ലാം വസുന്ധരയ്ക്ക്

നോട്ട് നിരോധനം, ജിഎസ്ടി, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങി കേന്ദ്രസർക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടുപോലും രാജസ്ഥാനിൽ പഴി വസുന്ധര രാജെയ്ക്കാണ്. പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് ഇതിനു പിന്നിൽ.  ജസ്വന്ത് സിങ്ങിനു സീറ്റ് നിഷേധിച്ചു രജപുത്രരെ പിണക്കിയതിലടക്കം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന്റെ പഴിയും വസുന്ധരയ്ക്കു മാത്രമായി.

ഝാൽറാപാഠനിൽ ടമാർ പഠാർ...

വസുന്ധര രാജെയുടെ എതിർസ്ഥാനാർഥിയായി മാനവേന്ദ്ര സിങ് വന്നപ്പോൾ പ്രതിപക്ഷത്തുള്ളവരേക്കാൾ സന്തോഷിച്ചതു ഭരണപക്ഷത്തെ ചിലർതന്നെയാണ്. മുഖ്യമന്ത്രിയുടെ ഉറച്ച
കോട്ടയായി കരുതപ്പെടുന്ന മണ്ഡലമാണു ഝാൽറാപാഠൻ. 2003 മുതൽ ജയിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിനൊത്തവിധം വികസനവും വന്നിട്ടുണ്ട്.

ഝാൽറാപാഠൻ അടങ്ങുന്ന ഝാലാവാഡ് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതു മകൻ ദുഷ്യന്ത് സിങ്ങാണ്. അതുകൊണ്ടുതന്നെ വികസനപ്രവർത്തനങ്ങൾക്ക് ആക്കംകൂടി. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെ അമ്മ രമ പൈലറ്റിനെ കീഴടക്കിയായിരുന്നു 2003ൽ ഇവിടെ വസുന്ധരയുടെ തുടക്കം. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം വർധിച്ചുകൊണ്ടിരുന്നു. കഴിഞ്ഞതവണ അറുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. എന്നാൽ, അപ്പോഴെല്ലാം അവർ ബിജെപിയുടെ സർവസമ്മത മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു. ബിജെപിക്കും എല്ലാക്കാലത്തും പാർട്ടിയെ പിന്തുണച്ച രജപുത്ര സമുദായത്തിനും വസുന്ധരയോട് ഉണ്ടായിട്ടുള്ള അകൽച്ച മുതലെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ മികച്ച കരുനീക്കമാണു മാനവേന്ദ്ര സിങ്ങിന്റെ സ്ഥാനാർഥിത്വം.

കഴിഞ്ഞതവണ ഷിയോ മണ്ഡലത്തിൽനിന്നു ബിജെപി എംഎൽഎയായി ജയിച്ച മാനവേന്ദ്ര സിങ് പിതാവ് ജസ്വന്ത് സിങ്ങിനു 2014ൽ ലോക്സഭ സീറ്റ് നിഷേധിച്ചതോടെയാണു പാർട്ടിയുമായി അകന്നത്. രജപുത്ര സമുദായം പാർട്ടിയുമായി അകലാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഈ സീറ്റ് നിഷേധമാണ്. താമര തിരഞ്ഞെടുത്തതു തെറ്റായിപ്പോയെന്നും ആത്മാഭിമാനം നഷ്ടപ്പെടുത്തി തുടരുന്നതിൽ കാര്യമില്ലെന്നും പ്രഖ്യാപിച്ചാണു മാനവേന്ദ്ര സിങ്ങും കുടുംബവും കോൺഗ്രസിൽ ചേർന്നത്. ലോക്സഭയിലേക്കേ മൽസരിക്കുന്നുള്ളൂ എന്നു പറഞ്ഞു മാറിനിന്ന മാനവേന്ദ്ര സിങ് പാർട്ടി തന്നിലർപ്പിച്ച വിശ്വാസമായാണു പോരാട്ടത്തെ എടുത്തിരിക്കുന്നത്. പരസ്യമായി പറയുന്നില്ലെങ്കിലും കണക്കുകൾ തീർക്കാനുള്ള അവസരമായും കാണുന്നു.

അതേസമയം, പടിഞ്ഞാറൻ രാജസ്ഥാനിൽനിന്നുള്ള സ്ഥാനാർഥിയെ ഇറക്കുമതി ചെയ്തിരിക്കുന്നുവെന്ന ആക്ഷേപം വസുന്ധര രാജെ ഉയർത്തിക്കഴിഞ്ഞു. സ്ഥാനാർഥികളെ കെട്ടിയിറക്കില്ലെന്നു രാഹുൽ ഗാന്ധി പ്രസംഗിച്ച മണ്ഡലത്തിൽത്തന്നെ കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥി എത്തിയതിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കിടയിലും മുറുമുറുപ്പുണ്ട്.
രജപുത്രർ, ഗുജ്ജർ, തേലി വിഭാഗങ്ങൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലമാണു ഝാൽറാപാഠൻ. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി ഈ മൂന്നു വിഭാഗങ്ങളിൽനിന്നുമുള്ള കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റെങ്കിലും ഇക്കുറിയും ഈ ജാതിക്കണക്കുകളിൽ കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്നു.

ഗ്വാളിയറിലെ സിന്ധ്യ കുടുംബത്തിൽനിന്നു രാജസ്ഥാനിലെ ധോൽപുരിലെ ജാട്ട് രാജകുടുംബത്തിലേക്കു വിവാഹം കഴിച്ചെത്തിയ ആളാണു വസുന്ധര. ഇവരുടെ ഏറ്റവും വലിയ പിൻബലമായ ജാട്ട് വിഭാഗം മണ്ഡലത്തിൽ കാര്യമായില്ലതാനും.

vasundara-manavendra വസുന്ധര രാജെ, മാനവേന്ദ്ര സിങ്

വസുന്ധര രാജെ (68)

രാജസ്ഥാന്റെ ആദ്യ വനിതാ മുഖ്യമന്ത്രി. 5 തവണ എംപിയും 4 തവണ എംഎൽഎയും. വാജ്പേയി ഭരണകാലത്തു കേന്ദ്രമന്ത്രി. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ 2003ലും 2013ലും പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചു. രണ്ടുതവണയും മുഖ്യമന്ത്രിയായി.

മാനവേന്ദ്ര സിങ് (54)

പത്രപ്രവർത്തനം ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ. ഓരോതവണ എംപിയും എംഎൽഎയുമായി. 1999ൽ ജയ്സാൽമേർ – ബാർമേർ ലോക്സഭാ മണ്ഡലത്തിൽ തോറ്റു. 2004ൽ ഇവിടെ വിജയം. ബാർമേറിലെ ഷിയോ മണ്ഡലത്തിൽനിന്നു 2013ൽ നിയമസഭാംഗം. കഴിഞ്ഞമാസം ബിജെപി വിട്ടു കോൺഗ്രസിലെത്തി.