Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനക്കുഞ്ഞിനു വേണ്ടി ‘അമ്മയും അച്ഛനും’ ; ‘കുടുംബ’ കോടതി ഏഴിനു വിധിയെഴുതും

kt-ramarao-telangana കലപ്പയാണു പ്രശ്നം: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രവർത്തകർ നൽകിയ കലപ്പയുമായി. സമ്മേളനം നടന്ന വേദിക്കു സമീപം, രാമറാവു പ്രസംഗിക്കുന്നതിനിടെ ഒരു കർഷകൻ ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത് ആശങ്കയ്ക്കിടയാക്കി. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

തെലങ്കാന സംസ്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെട്ടാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രചാരണം. അതേസമയം, യുപിഎ ഭരണകാലത്ത് അനുവദിച്ച സംസ്ഥാനത്തിന്റെ ‘അമ്മ’ സോണിയ ഗാന്ധിയാണെന്ന് കോൺഗ്രസ് വാദിക്കുന്നു. കുഞ്ഞ് അച്ഛനൊപ്പമോ അമ്മയ്ക്കൊപ്പമോ എന്ന് ജനകീയ ‘കുടുംബ’ കോടതി ഏഴിനു വിധിയെഴുതും. ഒറ്റയ്ക്കുള്ള മൽസരമാണെങ്കിലും പ്രതീക്ഷ കൈവിടാതെ ബിജെപിയും കളത്തിലുണ്ട്

അച്ഛന്റെ കുഞ്ഞ്

‘കെസിആർ ഗാരു എന്റെ മാത്രം അച്ഛനല്ല, ഈ തെലങ്കാന സംസ്ഥാനത്തിന്റെ അച്ഛനാണ്’– ഇന്നലെ സിർസില മണ്ഡലത്തിലെ തങ്ങലപ്പള്ളിയിൽ പ്രസംഗിക്കുമ്പോൾ ചന്ദ്രശേഖർ റാവുവിന്റെ മകൻ, ഭാവി മുഖ്യമന്ത്രിയെന്നു വാഴ്ത്തപ്പെടുന്ന കെ.ടി.രാമറാവു പറ‍ഞ്ഞു. തെലങ്കാനയാണു വികാരം. 

സിർസിലയിൽനിന്നു തങ്ങലപ്പള്ളിയിലേക്കുള്ള റോഡിൽ പലയിടത്തും കന്നുകാലികളെ അടുക്കുന്നതുപോലെ, സ്ത്രീകളെ നിറച്ചു കടന്നുപോയ ട്രാക്ടറുകളും ലോറികളും കണ്ടു. ഇവയെല്ലാം സമ്മേളന വേദിക്കു മുന്നിലാണു നിർത്തിയത്. ആളൊന്നിന് 500 രൂപ വീതമാണു നൽകുന്നതെന്ന് ഒരാൾ പറഞ്ഞു. രണ്ടു ദിവസം മുൻപ് ചന്ദ്രശേഖർ റാവു ആളൊഴിഞ്ഞ സദസ്സിനു മുന്നിൽ പ്രസംഗിക്കുന്ന വിഡിയോ വാട്സാപ്പിൽ പരക്കുന്നുണ്ട്. 

ഒരു മണിക്കൂർ വൈകിയാണു വേദിയിലെത്തിയതെങ്കിലും രാമറാവു ചിരിപ്പിച്ചും കാര്യങ്ങൾ പറഞ്ഞും ഒരു മണിക്കൂറോളം ജനങ്ങളെ പിടിച്ചിരുത്തി. കോൺഗ്രസും ടിഡിപിയും കടന്നെത്തി ടിആർഎസ് രൂപീകരിച്ച ചന്ദ്രശേഖർ റാവുവിന്റെ മകൻ പ്രസംഗത്തിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചന്ദ്രബാബു നായിഡുവിനെയും തലങ്ങും വിലങ്ങും പ്രഹരിച്ചു. മോത്തിലാൽ നെഹ്റുവിൽ തുടങ്ങുന്ന കോൺഗ്രസിന്റെയും എൻ.ടി.രാമറാവുവിൽ തുടങ്ങുന്ന ടിഡിപ‍ിയുടെയും പാരമ്പര്യം എടുത്തുപറഞ്ഞാണ് ചന്ദ്രശേഖരപുത്രൻ തന്റെ കുടുംബത്തിന്റെ വാഴ്ചയെ സാധൂകരിക്കുന്നത്.

Sonia-Gandhi-2

അമ്മയുടെ കുഞ്ഞ്

‘നാളുകൾക്കു ശേഷം മക്കളെ കാണുന്ന അമ്മയുടെ മനസ്സാണ് എനിക്കിപ്പോൾ’ എന്നാണ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധി തെലങ്കാനയുടെ മണ്ണ‍ിൽ പ്രസംഗിച്ചത്. സോണിയയെ തെലങ്കാനയുടെ അമ്മയെന്നു സ്ഥാപിക്കാൻ കോൺഗ്രസും മഹാകൂടമിയുടെ സഖ്യകക്ഷികളും എല്ലാ വേദികളിലും ഇതാവർത്തിക്കുന്നുണ്ട്. 

തെലങ്കാന രൂപീകരണത്തിനു തീരുമാനമെടുത്തതും നടപ്പാക്കിയതും കോൺഗ്രസ് ആണെങ്കിലും അതിന്റെ ഫലം ടിആർഎസ് അടിച്ചെടുത്തതിൽ കോൺഗ്രസിന്റെ നിരാശ ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എടുപിടീന്ന് തീരുമാനമെടുത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തിയാണെന്നും തെലങ്കാനയോടുള്ള ഇഷ്ടം കൊണ്ടല്ലെന്നും വോട്ടർമാർ ‘തെറ്റിദ്ധരിച്ചുവെന്നാണ് ’ കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.

കർഷകരുടെ കണ്ണീർ 

ഇന്നലെ കെ.ടി.രാമറാവുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണസമ്മേളനം തങ്ങലപ്പള്ളിയിൽ നടക്കുമ്പോൾ ഒരു കർഷകനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഒരു കുപ്പി മണ്ണെണ്ണയുമായി ആത്മഹത്യ ചെയ്യാനെത്തിയതാണ് അയാൾ. വേദിക്കരികിലെത്തി തലയ‍ിലൂടെ മണ്ണെണ്ണ ഒഴിച്ചപ്പോഴേക്കും ആളുകൾ ഓടിക്കൂടി, പൊലീസ് എത്തി കർഷകനെ കസ്റ്റഡിയിലെടുത്തു. ഇതൊന്നും അറിയാതെ രാമറാവു വേദിയിൽ പ്രസംഗിച്ചു തകർക്കുകയായിരുന്നു. വായ്പയെടുത്തു കൃഷിചെയ്തു കടക്കെണിയിലായ അൻപതോളം കർഷകരാണ് ‘ഭാവി മുഖ്യമന്ത്രി’യുടെ മണ്ഡലത്തിൽ മാത്രം ആത്മഹത്യ െചയ്തത്. നാലു വർഷത്തിനിടയിൽ മൂവായിരത്തിലധികം കർഷകർ തെലങ്കാനയിൽ ആത്മഹത്യ ചെയ്തുവെന്ന് ഒരു സന്നദ്ധ സംഘടനയുടെ സർവേയിൽ കണ്ടെത്തിയിരുന്നു. 

കുഞ്ഞ് ആർക്കൊപ്പം?

രാം കിഷൻ ഹൈദരാബാദിലെ ടാക്സി ഡ്രൈവറാണ്. ചെറുപ്പക്കാരൻ. മണിമണിപോലെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കും. ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ഒന്നാംതരം എൻജിനീയറിങ് ബിരുദധാരിയാണു കക്ഷി. ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായി സ്വയം ഒരു സംരംഭം തുടങ്ങിയെങ്കിലും പൊളിഞ്ഞു. ആറുമാസമായി ടാക്സി ഓടിച്ചാണു ജീവിക്കുന്നത്. ബിരുദധാരികൾക്കു തൊഴിൽ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്; പണക്കാർക്കൊപ്പമായിരുന്നു ടിആർഎസ് സർക്കാർ എന്ന ആക്ഷേപവും. ഗ്രാമീണർക്കും കർഷകർക്കും വേണ്ടി നടപ്പാക്കിയ പദ്ധതികളാണ് ടിആർഎസിന്റെ പ്രധാന പ്രചാരണായുധം. 

കോൺഗ്രസ് സഖ്യത്തിന്, മുന്നിൽ നയിക്കാനൊരു നേതാവില്ലെന്ന ആരോപണമാണു പ്രധാന വെല്ലുവിളി. പിസിസി പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡിയെയാണു കോൺഗ്രസ് നേതൃസ്ഥാനത്തു നിർത്തുന്നത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ, മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീനെ പിസിസി വർക്കിങ് പ്രസിഡന്റ് ആക്കിയതിനു പിന്നിൽ മറ്റൊരു രാഷ്ട്രീയ തന്ത്രമുണ്ടെന്നു പറയപ്പെടുന്നു. 

വിവിധ സമുദായങ്ങൾക്കും പരമ്പരാഗത തൊഴില‍ാളികൾക്കും പെൻഷനും തൊഴിലുറപ്പും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നിരത്തുന്ന പ്രകടനപത്രികയുമായി ബിജെപിയും മത്സരത്തിനുറച്ചു തന്നെയാണ്. 

k-chandrasekhara-rao

തെലങ്കാനയുടെ പിതാവ് വോട്ടറുടെ പിതാവിനെ സ്മരിച്ചപ്പോൾ ! 

തെലങ്കാനയുടെ പിതാവ് എന്നു സ്വയം പ്രചാരണം നടത്തുന്ന തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) അധ്യക്ഷനും ഗജ്‍വേൽ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ) കഴിഞ്ഞ ദിവസം വോട്ടറുടെ ‘അച്ഛനു വിളി’ച്ചതാണ് ഇപ്പോൾ വിവാദം. കാഗസ്നഗറിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടയിൽ ‘മുസ്‍‍ലിംകൾക്ക് 12 ശതമാനം സംവരണം’ ഉറപ്പു നൽകിയിട്ടു പാലിക്കാത്തതെന്തെന്നു ചോദിച്ച വോട്ടറോടാണ് കെസിആർ മോശമായി പ്രതികരിച്ചത്. ചോദ്യം ചോദിച്ചയാളെ കസേരയിൽ പിടിച്ചിരുത്തിയിട്ട് ‘നിന്റെ അച്ഛനോടു ഞാൻ പറയാം’ എന്നു ‘തമാശ’ പറഞ്ഞതാണു വിവാദമായത്. എതിർകക്ഷിക്കാർ അയച്ച ആളാണ് തന്നോടു ചോദ്യം ചോദിച്ചതെന്നാണ് ഇതേപ്പറ്റി കെസിആർ പിന്നീടു പ്രതികരിച്ചത്.