Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവാബുമാരുടെ ടോങ്കിൽ പതിവുതെറ്റിച്ച് കോൺഗ്രസും ബിജെപിയും; നിർണായകം ജാതിസമവാക്യങ്ങൾ

sachin-pilot-rajasthan-election-tonk-campaign ടോങ്കിലെ കൽപനാ ഗാർഡനിൽ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുന്ന സച്ചിൻ പൈലറ്റ്.

നവാബുമാർ വാണ ടോങ്കിൽ അര നൂറ്റാണ്ടോളം നീണ്ട പതിവു തെറ്റിച്ചാണ് കോൺഗ്രസും ബിജെപിയും പോരാടുന്നത്. 25 ശതമാനത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള ടോങ്ക് നിയമസഭാ മണ്ഡലത്തിൽ, കോൺഗ്രസ് കഴിഞ്ഞ 46 വർഷത്തിനിടെ ആദ്യമായി സമുദായക്കാരനല്ലാത്ത സ്ഥാനാർഥിയെ അവതരിപ്പിക്കുന്നു. മറ്റാരെയുമല്ല, പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആയേക്കാവുന്ന സച്ചിൻ പൈലറ്റിനെ. പതിവുകൾ പൊളിച്ചെഴുതി യൂനുസ് ഖാൻ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയുമായി. ഇത്തവണ, സംസ്ഥാനത്ത് ബിജെപിയുടെ ഏക മുസ്‌ലിം സ്ഥാനാർഥിയും യൂനുസ് തന്നെ.

സച്ചിന്റെ കന്നി ഇന്നിങ്സ്

പിസിസി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ സച്ചിൻ പൈലറ്റിന് നിയമസഭയിലേക്ക് ഇതു കന്നിയങ്കം. അച്ഛനും അമ്മയും മൽസരിച്ച മണ്ഡലങ്ങൾവിട്ടുള്ള ആദ്യ മൽസരവും. അച്ഛൻ രാജേഷ് പൈലറ്റിന്റെ സീറ്റായിരുന്ന ദൗസയിൽനിന്നും അമ്മ രമ പൈലറ്റിന്റെ സീറ്റായിരുന്ന അജ്മേറിൽനിന്നുമാണ് സച്ചിൻ നേരത്തേ ലോക്സഭയിലെത്തിയത്. കഴിഞ്ഞ തവണ, അജ്മേറിൽ പരാജയം രുചിക്കുകയും ചെയ്തു. ടോങ്കിൽ 1985 മുതൽ മൽസരിക്കുന്ന മുസ്‌ലിം വനിതാ സ്ഥാനാർഥി സാക്കിയയെ മാറ്റിയാണ് നാൽപത്തൊന്നുകാരനായ സച്ചിൻ മൽസരത്തിനിറങ്ങുന്നത്. 

ടോങ്കിൽ കോൺഗ്രസ് പതിവായി മുസ്‌ലിം സ്ഥാനാർഥികളെ പരീക്ഷിച്ചപ്പോൾ, ബിജെപി ആർഎസ്എസിൽനിന്നുള്ള സ്ഥാനാർഥികളെ നിർത്തി പലകുറി വിജയം കണ്ടു. 2013ൽ ബിജെപി ടിക്കറ്റിൽ ജയിച്ച അജിത് സിങ് മേത്തയുടെ ഭൂരിപക്ഷം 30,000ൽ ഏറെ. അതുകൊണ്ടുതന്നെ, ഇതു കോൺഗ്രസിന്റെ കുത്തക മണ്ഡലം എന്നു പറയാനാവില്ല.

പോരാടാൻ യൂനുസ്

അജിത് സിങ് മേത്തയെത്തന്നെയാണു ബിജെപി ഈ സീറ്റിലേക്ക് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, സച്ചിന്റെ വരവോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സംസ്ഥാനത്തെ 200 സീറ്റുകളിൽ ഒരു മുസ്‌ലിം സ്ഥാനാർഥിപോലും വേണ്ട എന്നതായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും നിലപാട്. മന്ത്രിസഭയിൽ തന്റെ വലംകൈയായ പൊതുമരാമത്ത് – ഗതാഗത മന്ത്രി യൂനുസ് ഖാന് സീറ്റു നൽകാൻ കഴിയാത്തതിൽ മുഖ്യമന്ത്രി വസുന്ധര രാജെ വിഷമത്തിലായി.

yunus-khan-rajasthan-election-tonk ടോങ്കിലെ അർനിയാമാലിൽ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുന്ന ബിജെപി സ്ഥാനാർഥി യൂനുസ് ഖാൻ.

യൂനുസ് രണ്ടുതവണ ജയിച്ച ഡീഡ്‍വാന മണ്ഡലം കിട്ടില്ലെന്ന് ഉറപ്പായതോടെ, ടോങ്കിൽ യൂനുസിനെ മൽസരിപ്പിക്കാനുള്ള അനുമതി വസുന്ധര നേടിയെടുത്തു. അങ്ങനെ, പത്രികാസമർപ്പണത്തിന്റെ അവസാന ദിവസം നേരം പുലർന്നപ്പോൾ പൈലറ്റിനെ നേരിടാൻ യൂനുസിനു നറുക്കുവീണു.

ബന്ധങ്ങൾ സച്ചിനു തുണ

ടോങ്കിലെ ഏറ്റവും പ്രബലരായ മുസ്‌ലിം കുടുംബമായ സെയ്തികളുമായുള്ള ബന്ധമാണ് മണ്ഡലത്തിൽ സച്ചിനു ശക്തമായ പിൻബലമാകുക. കുടുംബത്തിലെ കാരണവർ ഡോ.അജ്മൽ സെയ്തിയും സച്ചിന്റെ ഭാര്യാപിതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ലയും ജയ്പുരിലെ മെഡിക്കൽ കോളജ് പഠനകാലത്തു മുറി പങ്കിട്ടവർ.

അജ്മൽ സെയ്തിയുടെ മകൻ സൗദ് സെയ്തി 2002 മുതൽ 7 വർഷം കോൺഗ്രസിന്റെ ടോങ്ക് ജില്ലാ പ്രസിഡന്റ് ആയിരുന്നയാൾ. 2008ലും 2013ലും സീറ്റിനുവേണ്ടി ശ്രമിച്ചിട്ടും കിട്ടാതായതോടെ, 2013ൽ സൗദ് കോൺഗ്രസ് വിമതനായി മൽസരിച്ച് ഔദ്യോഗിക സ്ഥാനാർഥി സാക്കിയയെ പിന്നിലാക്കി രണ്ടാമതെത്തി. സെയ്തി കുടുംബം സച്ചിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കുടുംബപ്പോരും സാക്കിയയും

മുസ്‌ലിം സമുദായത്തിലെ പ്രബല കുടുംബങ്ങൾ തമ്മിലുള്ള ഭിന്നതയാണ് ടോങ്കിൽ പലപ്പോഴും കോൺഗ്രസിന്റെ പരാജയത്തിനു കാരണമായത്. തിരഞ്ഞെടുപ്പിനു വളരെ മുൻപേ, സച്ചിൻ പൊതുജനസമ്പർക്ക പരിപാടികളുമായി മണ്ഡലത്തിൽ സഞ്ചരിക്കുകയും ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സാക്കിയ സീറ്റുനഷ്ടത്തിൽ ദുഃഖത്തിലാണ്. ന്യൂനപക്ഷങ്ങൾക്കു തങ്ങളുടെ അവകാശം നഷ്ടപ്പെടുന്നത് കടുത്ത വേദന നൽകുന്നുവെന്നും ഇതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് സച്ചിന്റെ വരവിനെക്കുറിച്ച് അറിഞ്ഞയുടൻ അവർ പ്രതികരിച്ചത്. മുസ്‌ലിം വോട്ടർമാരിൽ ഒരു വിഭാഗം തീരുമാനത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.സാക്കിയയെ പിന്തുണയ്ക്കുന്നവരുടെ നിലപാടു നിർണായകമാകും.

യൂനുസിന്റെ തുറുപ്പ്

കെട്ടിയിറക്കിയ സ്ഥാനാർഥിയാണു സച്ചിൻ പൈലറ്റ് എന്ന ആക്ഷേപവുമായാണു ബിജെപി മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയത്. എന്നാൽ, അജിത് സിങ് മേത്ത മാറി യൂനുസ് വന്നതോടെ അത് അവസാനിച്ചു. പക്ഷേ, സച്ചിന് ‘ഈസി വാക്കോവർ’ എന്നു കരുതിയ മണ്ഡലത്തിൽ പോരു കടുപ്പിക്കാൻ യൂനുസ് ഖാനെ ഇറക്കിയതോടെ ബിജെപിക്കു കഴിഞ്ഞു.
ന്യൂനപക്ഷ വോട്ടുകളിൽ 25% നേടാനായാൽ അദ്ഭുതം സൃഷ്ടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അവർ. രണ്ടു തവണ മന്ത്രിയായിരുന്നു എന്നതും മുഖ്യമന്ത്രിക്കു വേണ്ടപ്പെട്ട ആളാണെന്നതും യൂനുസിനു തുണയായുണ്ട്.

ജാതിസമവാക്യങ്ങൾ

ആകെ രണ്ടേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ, മുസ്‌ലിം വോട്ടർമാർ ഏകദേശം 55,000; സച്ചിന്റെ സമുദായമായ ഗുജ്ജറുകൾക്കു മുപ്പതിനായിരത്തോളം വോട്ടുകളും. 35,000 വോട്ടുകളുള്ള പട്ടിക ജാതിക്കാരും 15,000 വോട്ടുകളുള്ള മാലികളുമാണ് മറ്റു നിർണായക സമുദായങ്ങൾ.  പട്ടികജാതിക്കാർ, പ്രത്യേകിച്ചും അവരിലെ പ്രബല വിഭാഗമായ ഭൈരവന്മാർ പതിവായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരാണ്.

സെയ്നിയുടെ വെല്ലുവിളി

ശിവസേനയുടെ ബാജു സെയ്നിയുടെ സ്ഥാനാർഥിത്വം, യൂനുസ് ഖാനെക്കാൾ സച്ചിൻ പൈലറ്റിനു വെല്ലുവിളിയായേക്കും. കഴിഞ്ഞതവണ സ്വതന്ത്രനായി മൽസരിച്ചു പരിചിതനായ സെയ്നി, മാലി സമുദായക്കാരനാണ്. ഗുജ്ജർ സമുദായത്തോട് എക്കാലവും അകൽച്ച കാണിച്ചിട്ടുള്ള മീണ സമുദായവും യൂനുസ് ഖാനു പ്രതീക്ഷ നൽകുന്നു. മീണകളുടെ പ്രബല നേതാവ് കിരോരിലാൽ മീണ, യൂനുസിന്റെ പ്രചാരണ പരിപാടികളിൽ സജീവം.

‘യോഗി വരുമോ?’

‘യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യൂനുസ് ഖാനു വോട്ടുതേടി ടോങ്കിൽ വരുമോ?’ പ്രചാരണ യോഗങ്ങളിൽ സച്ചിന്റെ പ്രധാന ചോദ്യമാണിത്. ന്യൂനപക്ഷങ്ങളെ വേണ്ടെന്നു പറയുന്ന ബിജെപി, ജാതി–മത രാഷ്ട്രീയമാണു കളിക്കുന്നതെന്നും സച്ചിൻ ആരോപിക്കുന്നു.

രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണു ടോങ്കിൽ നടക്കുന്നതെന്നും വ്യക്തികൾ തമ്മിലല്ലെന്നും അദ്ദേഹം പറയുന്നു. കൃഷിമേഖല നേരിടുന്ന പ്രതിസന്ധിയും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതുമാണ് മിക്കയിടങ്ങളിലും പ്രസംഗവിഷയം. എല്ലാ യോഗങ്ങളിലും സച്ചിനെ കേൾക്കാൻ വലിയ ആൾക്കൂട്ടമെത്തുന്നുമുണ്ട്.

വിമാനമില്ലാതെ പൈലറ്റോ?

അദ്ദേഹം ‘പൈലറ്റ്’ ആണത്രേ. ഞാൻ പൈലറ്റൊന്നുമല്ല, വെറുമൊരു സേവകൻ മാത്രമാണെന്നു പറഞ്ഞാണ് അൻപത്തിനാലുകാരനായ യൂനുസ് ഖാൻ ജനങ്ങളെ സമീപിക്കുന്നത്. നിങ്ങൾക്കു വിമാനമുണ്ടോ? ഹെലികോപ്റ്റർ ഉണ്ടോ? പിന്നെന്തിനാണ് ഒരു പൈലറ്റ്? കേന്ദ്ര മന്ത്രിയായിരുന്ന സച്ചിൻ സംസ്ഥാനത്തിനായി എന്തു ചെയ്തെന്നു ചോദിക്കുന്ന അദ്ദേഹം, ടോങ്കിനു വേണ്ടത് ഒരു സേവകനെ ആണെന്നു വാദിക്കുന്നു. ‘ഡീഡ്‍വാനയിൽ ചോദിച്ചാൽ ഇതുവരെ ചെയ്ത കാര്യങ്ങൾ അറിയാം. ടോങ്കിനെ പൊന്നുപോലെ നോക്കും’– തിരഞ്ഞെടുപ്പു യോഗങ്ങളിൽ തടിച്ചുകൂടുന്നവർക്ക് യൂനുസിന്റെ ഉറപ്പ്.