Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശപ്പോരാട്ടങ്ങൾക്കൊരുങ്ങി രാജസ്ഥാൻ

KATARIA-GIRIJa ഗുലാബ് കട്ടാരിയ, ഗിരിജ വ്യാസ്

രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും രജപുത്ര നേതാവ് മാനവേന്ദ്ര സിങ്ങും ഏറ്റുമുട്ടുന്ന ഝാൽറാപാഠൻ, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും മന്ത്രി യൂനുസ് ഖാനും മൽസരിക്കുന്ന ടോങ്ക്... സ്ഥാനാർഥികളുടെ ‘സ്റ്റാർ വാല്യു’ കൊണ്ടും മൽസരത്തിന്റെ കടുപ്പം കൊണ്ടും ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങൾ. 1999ൽ ഉപതിരഞ്ഞെടുപ്പു തുടങ്ങി അശോക് ഗെലോട്ടിനു വിജയം മാത്രം സമ്മാനിച്ചിട്ടുള്ള ജോധ്പുരിലെ സർദാർപുരയും ശ്രദ്ധേയം. ഇത്രത്തോളമല്ലെങ്കിലും, മൽസരച്ചൂടിനാൽ ശ്രദ്ധേയമാകുന്ന മറ്റു ചില മണ്ഡലങ്ങൾ കൂടിയുണ്ട്. 

ഉദയ്പുർ

സംസ്ഥാന സർക്കാരിലെ ശക്തനായ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ ഒരു വശത്ത്; മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ ശക്തയായ വനിതാ നേതാവുമായ ഗിരിജ വ്യാസ് മറുവശത്ത്. ഇവർ നേർക്കുനേർ മൽസരിക്കുന്നത് ആദ്യവുമല്ല. ബിജെപിയുടെ ശക്തരായ നേതാക്കളിലൊരാളായ കട്ടാരിയയ്ക്കു കഴിഞ്ഞ മൂന്നു തവണയും ജയിച്ച സീറ്റ് നിലനിർത്താനുള്ള പോരാട്ടമാണിത്. 1977, ’80 നിയമസഭകളിലും തുടർന്ന് 1993 മുതൽ ഇതുവരെയുമായി ഏഴു തവണ എംഎൽഎ. 1989–91 കാലഘട്ടത്തിൽ ലോക്സഭാംഗവുമായി. പലതവണ സംസ്ഥാന മന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഇപ്പോൾ ദേശീയ നിർവാഹകസമിതി അംഗമാണ്. 

എന്നാൽ, 1985ൽ നിയമസഭയിലേക്കും 1991ൽ ലോക്സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ കട്ടാരിയയെ തോൽപിച്ച പാരമ്പര്യമുണ്ട് ഗിരിജ വ്യാസിന്. 2008ൽ ചിത്തോഡ്ഗഡിൽനിന്ന് എംഎൽഎയായെങ്കിലും എന്നും ഉദയ്പുരിന്റെ മാനസപുത്രിയാണവർ. 1985ൽ ഇവിടെനിന്നു ജയിച്ചു സംസ്ഥാന മന്ത്രിയായതിനു പുറമേ, 1991 മുതൽ നാലുതവണ ഉദയ്പുരിന്റെ എംപിയുമായി. 

മുഖ്യമന്ത്രി സ്ഥാനത്തേക്കു കോൺഗ്രസിൽ പറഞ്ഞു കേൾക്കുന്ന പേരുകളിലൊന്നുകൂടിയാണ് എഴുത്തുകാരിയും ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ ഗിരിജ വ്യാസിന്റേത്. കോൺഗ്രസിനു കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

ബിജെപി വിമതനായ ദൾപത് സുരാന, ജനതാസേനയുടെ കീഴിൽ മൽസരത്തിനുള്ളതു കട്ടാരിയയ്ക്കു വെല്ലുവിളിയാണ്. മണ്ഡലത്തിൽ അരലക്ഷത്തിലേറെ വരുന്ന ജൈനസമുദായത്തിൽനിന്നുള്ള ആളാണു സുരാന.  

നാഥ്‌ദ്വാര

ഒരു വോട്ടിന്റെ വില അറിയണമെങ്കിൽ സി.പി. ജോഷിയോടു ചോദിക്കണം. 2008ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സി.പി.ജോഷി മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ചിരുന്നവരേറെ. പക്ഷേ, നാഥ്‌ദ്വാര മണ്ഡലത്തിൽ ഒറ്റ വോട്ടിനു തോറ്റ ജോഷിക്ക് എംഎൽഎ സ്ഥാനം മാത്രമല്ല, ചുണ്ടോളമെത്തിയ മുഖ്യമന്ത്രി സ്ഥാനവും നഷ്ടമായി. 1980ൽ 30– ാം വയസ്സിൽ ഇതേ മണ്ഡലത്തിൽ മിന്നുന്ന ജയവുമായി തുടങ്ങിയതാണു ജോഷി. 1985, 98, 2003 വർഷങ്ങളിൽ വിജയം ആവർത്തിക്കുകയും ചെയ്തു.1998ൽ മന്ത്രിയും 2003ൽ പിസിസി പ്രസിഡന്റുമായി. ആ പദവിയിലിരുന്നു പാർട്ടിയെ അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പിലാണ്, ബിജെപിയിലെ കല്യാൺസിങ് ചൗഹാനോട് ഒരു വോട്ടിനു തോറ്റത്. 

തുടർന്ന് 2009ൽ ഭിൽവാഡയിൽനിന്നു പാർലമെന്റിലേക്കു ജയിച്ചു കേന്ദ്രമന്ത്രിയായ അദ്ദേഹം, 2014ൽ ജയ്പുർ റൂറലിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ രാഹുൽ ഗാന്ധി പ്രസിഡന്റാകുംവരെ, 11 സംസ്ഥാനങ്ങളുടെ ചുമതലയോടെ ശക്തനായ എഐസിസി ജനറൽ സെക്രട്ടറിയായി തുടർന്നു. വീണ്ടും നിയമസഭയിലേക്കു മൽസരിക്കാനെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കു ജോഷിയുടെ പേരും സജീവമായിക്കഴിഞ്ഞു. മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിലെങ്കിലും മുഖ്യപങ്കുണ്ടാകുമെന്ന് ഉറപ്പ്.

PTI12_5_2018_000063B രാജസ്ഥാനിലെ ജയ്പുരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്കൂട്ടർ ഓടിക്കുന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ചിത്രം: പിടിഐ

സി.പി.ജോഷിയെ 2008ൽ തോൽപിക്കുകയും 2013ൽ സീറ്റ് നിലനിർത്തുകയും ചെയ്ത കല്യാൺസിങ് ചൗഹാനെ മാറ്റി, മഹേഷ് പ്രതാപ് സിങ്ങിനെയാണു ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. നാഥ്‌ദ്വാരയ്ക്കു സമീപം കോത്താരിയ രാജകുടുംബത്തിലെ പ്രമുഖൻ.

ബിജെപിയിൽനിന്നു ഒരു ദശകം മുൻപ് കോൺഗ്രസിലേക്കു ചേക്കേറിയ മഹേഷ് പ്രതാപ് സിങ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപാണു പഴയ ലാവണത്തിൽ തിരിച്ചെത്തിയത്.

ദന്താ രാംഗഡ്

അമരാ റാം മൽസരിക്കുന്നു എന്നതാണു സിക്കർ ജില്ലയിലെ ദന്താ രാംഗഡിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കുന്നത്. ഇടതുപക്ഷത്തിനു കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാനത്തു സിപിഎമ്മിന്റെ വിജയക്കൊടി പലതവണ പാറിച്ച നേതാവാണ് അമരാ റാം. കാർഷികോൽപന്ന വിലയിടിവിനെതിരെ അമരാറാമിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്കു കൊടിയുടെ നിറം നോക്കാതെ സിക്കറിലേക്കു കർഷകർ ഒഴുകിയെത്തിയിട്ടുണ്ട്. അഖിലേന്ത്യ കിസാൻസഭ മുൻ പ്രസിഡന്റ് കൂടിയായ അമരാ റാം ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സിക്കറിലെ ദോഡ് മണ്ഡലത്തിൽനിന്നാണ് 1993, 98, 2003 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 

2008ൽ ദന്താ രാംഗഡിലേക്കു മാറിയ അദ്ദേഹം, കോൺഗ്രസിന്റെ നാരായൺ സിങ്ങിനെ തോൽപിച്ച് നാലാമതും എംഎൽഎ ആയി. എന്നാൽ, 2013ൽ നാരായൺ സിങ് ജയിച്ചു കയറിയപ്പോൾ അമരാ റാം മൂന്നാമതായി. 1996 മുതൽ സിക്കർ ലോക്സഭാ മണ്ഡലത്തിലെ പതിവു സ്ഥാനാർഥിയാണെങ്കിലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ ദന്താ രാംഗഡ് തിരിച്ചുപിടിക്കാൻ അമരാ റാം ഇറങ്ങുമ്പോൾ, മണ്ഡലത്തെ ഏഴുതവണ പ്രതിനിധീകരിച്ച സിറ്റിങ് എംഎൽഎ നാരായൺ സിങ്ങിന്റെ മകൻ വീരേന്ദ്ര സിങ്ങിനെയാണു കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. 

കർഷക വോട്ട് ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നിച്ചുപോകുമ്പോൾ നില ഭദ്രമാകുമെന്ന പ്രതീക്ഷയിലാണു ബിജെപി സ്ഥാനാർഥി ഹരീഷ് ജി.കുമാവത്.