Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടുത്തു, മടക്കം ; ഉർജിത് പട്ടേലിന്റെ രാജി കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലം

Urjit-Patel

നാലര വർഷത്തെ ഭരണം കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിസർവ് ബാങ്കിന് മൂന്നാമതൊരു ഗവർണറെക്കൂടി കണ്ടെത്തേണ്ടി വന്നിരിക്കുന്നു. ആദ്യത്തെ 2 വർഷത്തോളം നേരത്തേയുണ്ടായിരുന്ന രഘുറാം രാജൻ തുടർന്നത് മോദിയുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. രഘുറാം രാജന് കാലാവധി നീട്ടാതെ മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും കൂടി കണ്ടെത്തിയത് ഉർജിത് പട്ടേലിനെ. എന്നാൽ സർക്കാരുമായി പൊരുത്തപ്പെട്ടു പോകാൻ ഉർജിത്തിനും കഴിയാതെ വന്നു.

തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കി നിൽക്കെ സാമ്പത്തിക രംഗത്തു 3 പ്രധാന നിയമനങ്ങളാണ് മോദി സർക്കാർ നടത്തുന്നത്; 1– കേന്ദ്ര ധനകാര്യ സെക്രട്ടറിയായി അജയ് നാരായൺ ഝാ. 2 – പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. സ്വാഭാവികമായും റിസർവ് ബാങ്കിന് പുതിയൊരു മേധാവി ഉണ്ടാവണം എന്ന് സർക്കാരും ആഗ്രഹിച്ചു. ഉർജിത് പട്ടേലിന് രാജിയല്ലാതെ വേറെ വഴിയില്ല എന്ന നിലയായിരുന്നു.എന്നാൽ പട്ടേലിന്റെ രാജി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അവ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാരണങ്ങൾ കൂടിയാണ്. ഇത് ഭാവിയിലും ഏതു സർക്കാരിനും ഏതു റിസർവ് ബാങ്ക് മേധാവിക്കും തലവേദനയാകാം.

അധികാരം എവിടെ വരെ

റിസർവ് ബാങ്കിന്റെ സ്വയം ഭരണാധികാരം എത്രത്തോളം എന്നതാണ് ആദ്യ വിഷയം. ഒക്ടോബർ 26ന് ആർബിഐ ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ നൽകിയ മുന്നറിയിപ്പ് അതാണ്. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ ഇടപെട്ടാൽ അർജന്റീനയുടെ ഗതിയാവും ഇന്ത്യയ്ക്കും. 2010ൽ സർക്കാരിന്റെ ഇടപെടൽ അമിതമായതോടെ അർജന്റീന ഗുരുതര സാമ്പത്തികത്തകർച്ചയിലായി. ഇന്ത്യയിലും സർക്കാർ ഇതു തുടർന്നാൽ സാമ്പത്തിക മേഖലയാകെ തകരുമെന്നും റിസർവ് ബാങ്ക് എന്ന ഒരു പ്രമുഖ സ്ഥാപനം നശിക്കാനിടയാകുമെന്നും ആചാര്യ മുന്നറിയിപ്പു നൽകി. 7 തവണ രാജ്യാന്തര വായ്പകളും 5 തവണ ആഭ്യന്തര വായ്പകളും മുടക്കിയ അർജന്റീനയുമായി ഇന്ത്യയെ താരതമ്യപ്പെടുത്തിയത് അൽപം അതിശയോക്തിയായി കരുതാമെങ്കിലും ആചാര്യയുടേത് ശക്തമായ മുന്നറിയിപ്പാണ്.

ഭരണച്ചുമതല ആർക്ക്

റിസർവ് ബാങ്കിന്റെ ബോർഡാണോ അതോ ഉദ്യോഗസ്ഥരാണോ നയപരമായ തീരുമാനമെടുക്കേണ്ടതും ദൈനംദിന ഭരണം നടത്തേണ്ടതും എന്നതാണ് രണ്ടാമത്തെ തർക്കം. ബോർഡാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഉദ്യോഗസ്ഥരാണ് നയങ്ങൾ തീരുമാനിക്കേണ്ടത് എന്നാണ് ഉർജിത് പട്ടേൽ ശഠിക്കുന്നത്. സർക്കാരിനെ നിശിതമായി വിമർശിച്ചു പോന്ന ബോർ‍ഡ് അംഗം നചികേത് മോറിനെ സർക്കാർ മാറ്റി. സ്വദേശി ജാഗരൺ മഞ്ച് നേതാവ് എസ്. ഗുരുമൂർത്തിയെയും സംഘപരിവാറിന്റെ സതീഷ് മറാഠെയെയും ബോർഡിലേക്ക് കൊണ്ടുവന്നു. റിസർവ് ബാങ്ക് നിയമ പ്രകാരം ബോർഡിനാണ് നിർദേശങ്ങൾ നൽകാൻ അധികാരം എന്ന് ഗുരുമൂർത്തി പ്രഖ്യാപിച്ചതോടെ സർക്കാരിന്റെ ലക്ഷ്യം വ്യക്തമായി.

പലിശനിരക്കും നിയന്ത്രണവും

അടുത്ത വിവാദ വിഷയം പലിശ നിരക്കാണ്. നാണ്യപ്പെരുപ്പം തടയുക എന്നത് റിസർവ് ബാങ്കിന്റെ മുഖ്യ ചുമതലയാണെന്ന് ഉർജിത് പട്ടേൽ. അതിനാൽ പലിശ നിരക്ക് കുറയ്ക്കില്ല. ഇടക്കാലത്ത് കൂട്ടുകയും ചെയ്തു. സർക്കാർ ഇതിനോട് യോജിച്ചില്ല. ബാങ്കുകളുടെ മേലുള്ള നിയന്ത്രണമാണ് അടുത്ത തർക്ക വിഷയം. കിട്ടാക്കടം അപകടകരമായവിധം പെരുകുന്ന സ്ഥിതി വന്നപ്പോൾ വായ്പ പുനഃക്രമീകരണത്തിന് റിസർവ് ബാങ്ക് മുതിർന്നു. പിസിഎ ( പ്രോംപ്റ്റ് കറക്ടീവ് ആക്‌ഷൻ എന്ന നിയന്ത്രണം പൊതുമേഖലാ ബാങ്കുകൾക്ക് കർശനമാക്കി. രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) ഉദാരമായ വായ്പാ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു കടകവിരുദ്ധമാണ് പിസിഎ നിയന്ത്രണം.

കൈമാറാത്ത കരുതൽധനം

റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു വിഹിതം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അടുത്ത തർക്കത്തിന് വഴി തെളിച്ചു. ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്ക് ഇതു പറ്റില്ല എന്നായി ഉർജിത് പട്ടേൽ. ഈ വിഹിതം കിട്ടുന്നില്ലെങ്കിൽ എംഎസ്എംഇ വ്യവസായങ്ങൾക്ക് പ്രഖ്യാപിച്ച വായ്പ നൽകാനാവില്ല എന്ന് സർക്കാരിന് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പു സമയത്ത് ഇത് സർക്കാരിന്റെ ജനപ്രീതിയെ ബാധിക്കുമെന്നായി.

എതിർപ്പുകളുടെ നിര

നോൺ ബാങ്കിങ് ഫൈനാൻസ് കമ്പനികൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്രവും പണവും അനുവദിക്കണം എന്ന സർക്കാർ നിർദേശത്തിന് ഉർജിത് പട്ടേൽ വഴങ്ങിയില്ല. െഎഎൽആൻഡ്എഫ്എസ് വരുത്തിയ വായ്പാ കുടിശികകൾ റിസർവ് ബാങ്കിനെ ഒന്നു കൂടി കർക്കശമായ നിലപാടെടുക്കാൻ നിർബന്ധിതമാക്കി. മൂച്വൽ ഫണ്ടുകൾക്ക് പ്രത്യേക റീഫിനാൻസ് സൗകര്യം വേണമെന്നായി സർക്കാർ, പറ്റില്ല എന്ന് റിസർവ് ബാങ്ക്. വിദേശ പൊതു നിക്ഷേപകർക്ക് (എഫ്പിഎ) കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള പരിധി ഉയർത്തണം എന്ന് സർക്കാർ, പറ്റില്ലെന്ന് ആർബിഐ. 

റിസർവ് ബാങ്കിനു പുറത്ത് മറ്റൊരു പേയ്മെന്റ് റെഗുലേറ്റർ അതോറിറ്റിക്ക് രൂപം നൽകണം എന്ന് മോദി സർക്കാർ നിർദേശിച്ചു. റിസർവ് ബാങ്ക് എതിർത്തു. ബാങ്കിന്റെ അധികാരം കുറയ്ക്കാനേ ഇത് ഉപകരിക്കൂ എന്നായിരുന്നു വാദം. പൊതു മേഖലാ ബാങ്കുകളുടെ വായ്പകൾ നിരീക്ഷിക്കുന്നതിൽ റിസർവ് ബാങ്കിന് പറ്റിയ പിഴവാണ് വൻ വ്യവസായികൾ വായ്പയെടുത്ത് മുങ്ങാൻ ഇടയാക്കിയത് എന്നായിരുന്നു സർക്കാരിന്റെ മറുപടി.

ചുരുക്കത്തിൽ സർക്കാരും റിസർവ് ബാങ്കും മിക്ക വിഷയങ്ങളിലും രണ്ടു തട്ടിലായിരുന്നു. നോട്ട് നിരോധനം പോലെയുള്ള സുപ്രധാന തീരുമാനങ്ങൾ റിസർവ് ബാങ്കുമായി കൂടിയാലോചിക്കാതെ പ്രഖ്യാപിച്ചു എന്ന ആരോപണം വേറെയും. ഉർജിത് പട്ടേൽ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത് റിസർവ് ബാങ്കിന്റെ സ്വാതന്ത്രവും സ്വയംഭരണവുമാണ്. സർക്കാർ ശഠിച്ചത് ബാങ്ക് സർക്കാരിന്റെ നിർദേശം അനുസരിച്ചാൽ മതി എന്ന് നിഷ്ക്കർഷിക്കാനാണ്. ഈ തർക്കം ഇവിടെ തീരില്ല.