Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉർജിതിന്റെ രാജി: സാമ്പത്തികരംഗം ഞെട്ടലിൽ

urjit-patel

മുംബൈ∙ കേന്ദ്ര സർക്കാരും ആർബിഐ ഗവർണറും തമ്മിലുളള ഭിന്നതയ്ക്ക് അയവു വന്നെന്ന പ്രതീതി നിലനിൽക്കെ ഉർജിത് പട്ടേലിന്റെ രാജി സാമ്പത്തികരംഗത്ത് ഞെട്ടലായി. ആശങ്കയാർന്ന പ്രതികരണങ്ങളാണ് സാമ്പത്തിക മേഖലയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും ഉയർന്നത്.   

മൻമോഹൻ സിങ് , മുൻ പ്രധാനമന്ത്രി 

രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക നയങ്ങളെക്കുറിച്ചും അഗാധമായ അറിവുള്ള ഉർജിത് പട്ടേലിന്റെ രാജി സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ്. ഏറെ ആശങ്കയുണ്ടാക്കുന്ന വാർത്തയാണിത്. ധനക്കമ്മി മറികടക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കണ്ണുവച്ചതായി ആർബിഐയുടെ ഡപ്യുട്ടി ഗവർണർ ഈയിടെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയലാഭം നോക്കി കൈകടത്തുന്നത് ആപൽകരമാണ്. 

 പി. ചിദംബരം, കോൺഗ്രസ് നേതാവ്, മുൻ ധനമന്ത്രി 

ഉർജിത് പട്ടേലിന്റെ രാജിയിൽ സങ്കടമുണ്ട്; പക്ഷേ, അദ്ഭുതമില്ല. ആത്മാഭിമാനമുള്ള ഒരു പണ്ഡിതനും എൻഡിഎ സർക്കാരിനൊപ്പം ജോലി ചെയ്യാൻ കഴിയില്ല. ഒരുതവണകൂടി അപമാനിതനാകുന്നതിന് മുൻപ് അദ്ദേഹം രാജിവച്ചത് നന്നായി. 

 എസ്. ഗുരുമൂർത്തി, ആർബിഐ ബോർഡ് അംഗം 

രാജി വാർത്ത ഞെട്ടിച്ചു. അവസാന ബോർഡ് യോഗം സൗഹാർദ അന്തരീക്ഷത്തിലായിരുന്നു നടന്നത്. അകത്ത് പ്രശ്നങ്ങൾ കുറവായിരുന്നുവെന്നും  മാധ്യമങ്ങളാണ് വിഷയം വഷളാക്കിയതെന്നുമാണ് കഴിഞ്ഞ യോഗത്തിൽ ഏതാണ്ട് എല്ലാ ഡയറക്ടർമാരും അഭിപ്രായപ്പെട്ടത്. അതിനാലാണ് രാജി വാർത്ത കൂടുതൽ ഞെട്ടലുണ്ടാക്കുന്നത്. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടായിരിക്കെ തന്നെ ഉർജിത് പട്ടേലിനൊപ്പം ചർച്ചകളുമായി ഒട്ടേറെ സമയം ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അസാന്നിധ്യം എന്നിൽ ശൂന്യത സൃഷ്ടിക്കും.   

ഹർഷ് ഗോയങ്ക, ആർപിജി ഗ്രൂപ്പ്  ചെയർമാൻ 

ആർബിഐ ഗവർണർ സ്ഥാനത്തു നിന്നുള്ള ഉർജിത് പട്ടേലിന്റെ രാജി സമ്മിശ്ര ചിന്തകളാണ് എന്നിലുണർത്തുന്നത്. ആർബിഐയും സർക്കാരും തമ്മിൽ ആരോഗ്യകരവും ക്രിയാത്‌മകവുമായ സംഘർഷങ്ങൾ ഉണ്ടാകണം. എന്നാൽ, അനാരോഗ്യകരമായ തലത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഒരാൾ ഒഴിയുന്നതാണ് നല്ലത്.  സുജൻ ഹജ്റ, സാമ്പത്തിക വിദഗ്ധൻ  രാജി ഒട്ടും പ്രതീക്ഷിച്ചില്ല; അതിനു തിരഞ്ഞെടുത്ത സമയവും. ഏതു സംഭവത്തിലും ഇരുകക്ഷികളും ഭിന്നാഭിപ്രായങ്ങൾ പരിഗണിച്ച്, ചർച്ച ചെയ്ത് നല്ല തീരുമാനങ്ങളിലേക്കെത്തി മുന്നോട്ടു പോവുന്നതാണ് നാടിനു കൂടുതൽ ഗുണകരം. രാജി അനിശ്ചിതാവസ്ഥ സൃഷ്ടിക്കും. എത്രയും പെട്ടെന്ന് ഇൗ സാഹചര്യം മറികടക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകട്ടെ.

related stories