ഇടതുപക്ഷം ശക്തം, വിഭജിച്ചു ഭരിക്കാനുള്ള ബിജെപി ശ്രമം ചെറുക്കും: മണിക് സര്‍ക്കാര്‍

അഗർത്തല∙ ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുത്തു തോൽപ്പിക്കുമെന്നു ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ. ത്രിപുരയിൽ ഇടതുപക്ഷം ശക്തമാണെന്നും വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനം തകർക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും മണിക് സർക്കാർ അഗർത്തലയിൽ പറഞ്ഞു.

കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ സർക്കാരുകളെ തോൽപ്പിച്ച് ഇന്ത്യയെ സിപിഎം മുക്തമാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്‌ക്കാണു ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ മറുപടി നൽകിയത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്തു തോൽപ്പിക്കും. ത്രിപുരയിൽ ഇടതുപക്ഷത്തിന്റെ അടിസ്ഥാനം ശക്തമാണ്. ജാതിയുടെയും മതത്തിന്റെയും വർഗങ്ങളുടെയും പേരിൽ വിഭജിച്ചു ഭരിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്ന്, ത്രിപുരയിലെ ജനം മണിക് സർക്കാരിനെ ഉപേക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എൺപതുകളിലെ സംഘർഷാവസ്ഥ തിരികെ കൊണ്ടുവരാനാണു ബിജെപി ശ്രമം. അതു ജനം അനുവദിക്കില്ല. അടുത്ത ഞായറാഴ്ചയാണു ത്രിപുരയിൽ തിരഞ്ഞെടുപ്പ്. കോൺഗ്രസ് ദുർബലമായതിനാൽ ഇത് ആദ്യമായി ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന എതിരാളി.