വിടപറയും നേരം വിതുമ്പി സ്റ്റാലിൻ, അഴഗിരി; അച്ഛനെ തലോടി കനിമൊഴി

കരുണാനിധിക്കു കുടുംബാംഗങ്ങളും ഡിഎംകെ അണികളും യാത്രാമൊഴി നൽകുമ്പോൾ മറീന കടൽക്കര സാക്ഷ്യംവഹിച്ചതു വികാരവിക്ഷുബ്ധമായ രംഗങ്ങൾക്ക്. സംസ്കരിക്കുന്നതിനു തൊട്ടുമുൻപ് അവസാനമായി കാണാൻ അവസരം നൽകിയപ്പോൾ സ്റ്റാലിന്റെ നിയന്ത്രണംവിട്ടു. മൂത്തമകൾ സെൽവി ‘അപ്പാ അപ്പാ’ എന്നുറക്കെ വിളിച്ചു. അതുവരെ ഗൗരവഭാവത്തിൽ നിന്ന അഴഗിരിയും കണ്ണീരണിഞ്ഞു. അച്ഛനെ പുതപ്പിച്ചിരുന്ന ദേശീയ പതാക ഏറ്റുവാങ്ങിയ സ്റ്റാലിൻ വിതുമ്പിക്കൊണ്ടു മക്കളെ ചേർത്തു പിടിച്ചു.

കലൈജ്ഞർക്ക് അവസാനമായി പൂക്കളർപ്പിച്ചപ്പോൾ ഭാര്യ രാജാത്തി അമ്മാൾ മുഖംപൊത്തിക്കരഞ്ഞു. അച്ഛന്റെ കവിളിൽ തലോടി മകൾ കനിമൊഴി അൽപസമയം തലതാഴ്ത്തി നിന്നു. മകൻ തമിഴരശ് അച്ഛന്റെ അച്ഛന്റെ കൈകളിൽ തലോടിക്കൊണ്ടിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടുന്ന ഭാര്യ ദയാലു അമ്മാൾ മറീനയിലെത്തിയിരുന്നില്ല. മുരശൊലി മാരന്റെ മക്കളായ ദയാനിധിയും കലാനിധിയും ചടങ്ങുകൾക്കു നേതൃത്വം നൽകി.