Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തായ തിരുവാവൂരിനെ മറക്കാത്ത കലൈജ്ഞർ

INDIA-POLITICS-DMK-KARUNANIDHI കരുണാനിധി (ഫയൽ ചിത്രം)

കരുണാനിധിയുടെ ജന്മഗൃഹം ഒരു ക്ഷേത്രമുറ്റത്താണ്. തിരുക്കുവലൈ ത്യാഗരാജർ ക്ഷേത്രത്തിന്റെ മുറ്റത്ത്. വീടിന്റെ നേരെ മുന്നിൽ വലിയ ക്ഷേത്രക്കുളമാണ്. തൊട്ടടുത്തു ക്ഷേത്രഗോപുരവും. തമിഴ്നാട് ആരാധനയോടെ കണ്ട വലിയ നേതാവിന്റെ വീടൊരു ഗ്രാമത്തിലാണ്. ചുറ്റും നെൽവയലുകൾ മാത്രമുള്ള ഗ്രാമം. ഇപ്പോഴും മിക്ക വീടുകളും ഓലമേഞ്ഞ കുടിലുകളാണ്. പാടത്തിനു നടുവിലൂടെ ഒരു കാറിനു മാത്രം പോകാവുന്ന ചെറിയ റോഡ്. വീടിനു തൊട്ടടുത്ത സ്കൂളിലായിരുന്നു പ്രാഥമിക പഠനം. അതിനുശേഷം പത്തു കിലോമീറ്റർ നടന്നാണു പത്താംക്ളാസുവരെ പഠിച്ചത്. കർഷകത്തൊഴിലാളികളായ മുത്തുവേലിനും അഞ്ചുഗത്തിനും പിറന്ന കുട്ടി ആദ്യം ദാരിദ്ര്യത്തിനും പിന്നീടു ബ്രിട്ടിഷുകാർക്കുമെതിരെ പോരാടിയാണു വളർന്നത്. 

ഇവിടെ ജനിച്ചൊരു കുട്ടി അഞ്ചുതവണ തമിഴ്നാട് മുഖ്യമന്ത്രിയായി എന്നത് അമ്പരപ്പോടെയേ കാണാനാകൂ. കിലോമീറ്ററുകൾ താണ്ടിമാത്രം കാണുന്ന തിരുച്ചിറപ്പള്ളി നഗരമായിരുന്നു സമരങ്ങളുടെ പോലും ആസ്ഥാനം. അവിടെപ്പോയാണു കരുണാനിധി രാഷ്ട്രീയക്കരുത്തുപോലും സ്വന്തമാക്കിയത്. സിനിമയിലും രാഷട്രീയത്തിലും കരുണാനിധി കൊടിപാറിച്ചു. ചെന്നൈ നഗരിയിലെ നിയമസഭാ മന്ദിരത്തിൽ പല തവണ വെന്നിക്കൊടി പാറിച്ച് കടന്നെത്തിയ കരുണാനിധി അപൂർവമായി മാത്രമാണ് പിന്നീട് തിരുക്കുവലൈയിലെ വീട്ടിലെത്തിയത്.

ചിത്രങ്ങളിൽ കരുണാനിധി >>

കരുണാനിധിയുടെ അമ്മ ആരുമായിരുന്നില്ലെങ്കിലും അദ്ദേഹം തിരുവാവൂർ എന്ന ചെറുപട്ടണത്തിലേക്കു കടക്കുന്ന സ്ഥലത്തു അമ്മയുടെ പേരിൽ വലിയൊരു നഗരകവാടം പണിതു. പഴയവീട് അതുപോലെ നിലനിർത്തി ലൈബ്രറിയാക്കി. കരുണാനിധിയുടെ പഴയകാലത്തെ പല ഫോട്ടോകളും ഇവിടെയുണ്ട്. സഹോദരീപുത്രനായ മുരശൊലി മാരൻ കരുണാനിധിക്കു സ്വന്തം കൂടപ്പിറപ്പുപോലെയായിരുന്നു.

മരിച്ചുപോയ മുരശൊലി മാരനെ ആദരിക്കാനായി ഈ വീടിനകത്തു ലൈബ്രറിയിൽ അച്ഛന്റെയും അമ്മയുടെയും പ്രതിമകൾക്കൊപ്പം അദ്ദേഹത്തിന്റെ പ്രതിമയും കരുണാനിധി വച്ചു. വീടിനു പുറകിൽ കരുണയുടെ അമ്മയും അച്ഛനും ജോലിചെയ്തിരുന്ന വയലുകൾ നീണ്ടുകിടക്കുന്നു. കരുണാനിധിയെ കരുണാനിധിയാക്കിയ മണ്ണ്. കാളവണ്ടിപോലും അദ്ഭുതമായിരുന്നൊരു ഗ്രാമത്തിൽനിന്നു തമിഴ്നാടിന്റെ ഹൃദയത്തിലേക്കുള്ള യാത്രയ്ക്കു കരുത്തുനൽകിയ മണ്ണ്.