Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടം ജയിച്ച്, മടക്കം

STALIN-CRYS വിധിപോലെ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ഭൗതികദേഹം മറീന ബീച്ചിൽ സംസ്കാരിക്കാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവു വന്നപ്പോൾ പൊട്ടിക്കരയുന്ന മക്കൾ കനിമൊഴിയും എം.കെ. സ്റ്റാലിനും. പാർട്ടി നേതാക്കളായ ദുരൈമുരുകൻ, എ. രാജ, സ്റ്റാലിന്റെ മകൻ ഉദയനിധി എന്നിവർ സമീപം.

ചെന്നൈ ∙ മറീന തീരത്തു മനുഷ്യമഹാസമുദ്രം. അലയടിച്ച് മുദ്രാവാക്യത്തിരകൾ. ‘കലൈജ്ഞർ പുകഴ് വാഴ്ക വാഴ്ക വാഴ്കവേ...’ കാറ്റും കോളും മറികടന്നു ജീവിതത്തിലുടനീളം വിജയത്തിലേക്കു നങ്കൂരമിട്ട കപ്പിത്താൻ, അന്ത്യവിശ്രമ സ്ഥലത്തിനായുള്ള അവസാന പോരാട്ടത്തിലും ജയിച്ച് വിടവാങ്ങി. കരുണാനിധി (94) ഇനി ഓർമയിലെ ഉദയസൂര്യൻ. മറീന ബീച്ചിൽ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ഗുരുവുമായ അണ്ണാദുരൈയുടെ സ്മാരകത്തിനു സമീപം രാത്രി ഏഴോടെയായിരുന്നു പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

നേരത്തേ, രാജാജി ഹാളിലെ പൊതുദർശനവേളയിൽ അന്ത്യോപചാരമർപ്പിക്കാൻ പതിനായിരങ്ങളെത്തി. തിക്കിലും തിരക്കിലും രണ്ടുപേർ മരിച്ചു. 33 പേർക്കു പരുക്കേറ്റു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പലവട്ടം ലാത്തിച്ചാർജ് നടത്തി. പുലർച്ചെ നാലരയ്ക്കു രാജാജി ഹാളിൽ എത്തിക്കുമ്പോൾ തന്നെ ആയിരക്കണക്കിനു പ്രവർത്തകർ കാത്തുനിന്നിരുന്നു. നെഞ്ചത്തടിച്ച് നിലവിളിച്ചും മുദ്രാവാക്യം മുഴക്കിയും തലൈവരെ ഒരുനോക്കു കാണാൻ അവർ തിക്കിത്തിരക്കി. വികാരാവേശം മൂലം അന്തരീക്ഷം പലപ്പോഴും സംഘർഷഭരിതമായി. പ്രവർത്തകർ ശാന്തരാകണമെന്ന് എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾക്കു പലതവണ അഭ്യർഥിക്കേണ്ടിവന്നു.

ജീവിതം തന്നെ പോരാട്ടമാക്കിയ കലൈജ്ഞർ അന്ത്യയാത്രയിലും പതിവു തെറ്റിച്ചില്ല. മറീനയിൽ അണ്ണാ സ്മാരകത്തിനു സമീപം സംസ്കാരത്തിനു സ്ഥലം അനുവദിക്കണമെന്ന ഹൈക്കോടതി വിധി വന്നതു രാവിലെ 10.45ന്. വിധിയറിഞ്ഞ് സ്റ്റാലിനും കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. ‘മുത്തമിഴരിജ്ഞർ കലൈജ്ഞർ വാഴ്ക’– ജനക്കൂട്ടം ആർത്തുവിളിച്ചു. വൈകിട്ട് നാലിനു തുടങ്ങിയ വിലാപയാത്ര രണ്ടു കിലോമീറ്റർ അകലെ അണ്ണാ സ്മാരകത്തിനടത്തുവരെ എത്തിയതു രണ്ടു മണിക്കൂർ കൊണ്ടാണ്. യുക്തിവാദിയായ കരുണാനിധി മതചടങ്ങുകളൊന്നുമില്ലാതെ മറീനയിൽ തലചായ്ച്ചു.