Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്മരങ്ങളെ ഏറ്റുവാങ്ങി മറീന

marina-beach

ചെന്നൈ∙ ദ്രാവി‍ഡ രാഷ്ട്രീയത്തിന്റെ ചരിത്രം ഉറങ്ങുന്ന തീരമാണു മറീന. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ദ്രാവിഡ സമരങ്ങൾക്കും, പോരാട്ടങ്ങൾക്കും വേദിയായ ഇടം. ദ്രാവിഡ രാഷ്ട്രീയത്തിലെ മൂന്ന് വൻമരങ്ങൾക്കൊപ്പം കലൈജ്ഞറും ഇനി ഇവിടെ അന്തിയുറങ്ങും.

അണ്ണാദുരൈ

ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാപക നേതാവ് സി.എൻ.അണ്ണാദുരൈയ്ക്ക് അന്ത്യവിശ്രമം ഒരുക്കാൻ മറീന തിരഞ്ഞെടുത്തത് അന്നു പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത എം.കരുണാനിധിയായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നായിരുന്നു അണ്ണാദുരൈയുടേത്. ഒരുവശത്തു കടലും മറുവശത്തു തമിഴ് ജനതയും അലയടിച്ചെത്തി. 1969 ഫെബ്രുവരി മൂന്നിനു മറീനയിൽ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തത് ഒന്നര കോടിയോളം പേർ. തമിഴ്നാട്ടിലെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം. ഗിന്നസ് ബുക്കിൽ ഇതൊന്നും തകർക്കപ്പെടാത്ത റെക്കോർഡാണ്. എട്ടേക്കറിൽ ഇന്നു കാണുന്ന അണ്ണാസമാധി നിർമിക്കുന്നതിനു മുൻകയ്യെടുത്തതും കരുണാനിധിയാണ്.

എംജിആർ

തമിഴരുടെ സ്വന്തം പുരട്ചി തലൈവർ എംജിആറിന്റെ മൃതദേഹവും മറീനയിലാണു സംസ്കരിച്ചത്. എംജിആർ നിനയ്‌വിടം എന്നപേരിൽ മറീനയിൽ സ്മൃതിമണ്ഡപം സ്ഥാപിച്ചതും കരുണാനിധിയുടെ നേതൃത്വത്തിലാണ്. എഴുപതുകൾ മുതൽ അകൽച്ചയിലായെങ്കിലും എംജിആർ ദ്രാവി‍ഡ രാഷ്ട്രീയത്തിനു നൽകിയ സംഭാവനകൾ മാനിച്ച് അണ്ണാദുരൈ സ്മൃതിമണ്ഡപത്തിനു സമീപംതന്നെ എംജിആർ സ്മാരകവും ഒരുക്കുകയായിരുന്നു കരുണാനിധി.

ജെ.ജയലളിത

എംജിആറിന്റെ മരണത്തിനുശേഷം അണ്ണാ ഡിഎംകെയെ നിയന്ത്രിച്ച ജയലളിതയും മറീനയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അണ്ണാദുരൈ, എംജിആർ എന്നിവരെപ്പോലെ മുഖ്യമന്ത്രിയായിരിക്കെ മരിച്ചതു കണക്കിലെടുത്താണ് ജയലളിതയെയും മറീനയിൽ സംസ്കരിച്ചത്. എംജിആർ സ്മാരകത്തിനോടു ചേർന്നാണു ജയലളിതയെയും സംസ്കരിച്ചത്. അണ്ണാ ഡിഎംകെ സർക്കാരിന്റെ നേതൃത്വത്തിൽ 8.25 കോടി രൂപ ചെലവിൽ ഒരുക്കുന്ന സ്മാരകത്തിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി ഇ.വി.രാമസാമിയുടെ ഭൗതിക ശരീരം സംസ്കരിച്ചതു വെപ്പേരിയിലെ തിടൽ പാർക്കിലാണ്. പെരിയോർ തിടൽ പാർക്ക് എന്നാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്. അതേസമയം മുഖ്യമന്ത്രിമാരായിരുന്ന കെ.കാമരാജ്, സി.രാജഗോപാലാചാരി (രാജാജി), എം.ഭക്തവൽസലം എന്നിവരുടെ ഭൗതിക ശരീരങ്ങൾ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയായിരുന്നു. ഇവർക്കായി ഗിണ്ടി ഗാന്ധിമണ്ഡപത്തിൽ പ്രത്യേക സ്മാരകം ഒരുക്കിയതും കരുണാനിധിയുടെ നേതൃത്വത്തിൽ.