Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി പോലെ, മറീനയിൽ; കരുണാനിധിയുടെ അന്ത്യയാത്ര സംഭവബഹുലം

M Karunanidhi - Rajaji Hall

ദ്രാവിഡ നായകൻ കരുണാനിധിയുടെ അന്ത്യയാത്രാദിനം സംഭവബഹുലം; അങ്ങേയറ്റം വികാരനിർഭരവും. തലൈവർക്ക് അന്ത്യവിശ്രമത്തിനു കടലോരത്ത് ഇടമൊരുക്കാൻ കോടതി ഇടപെടേണ്ടിവന്നു. കലൈജ്ഞരെ ഒരു നോക്കു കാണാൻ അണികൾ നിയന്ത്രണ വേലികൾ മറികടന്നു കുതിച്ചപ്പോൾ തിക്കിലും തിരക്കിലും പൊലിഞ്ഞതു രണ്ടു ജീവൻ. കടന്നുപോയത് കലൈജ്ഞരുടെ തിരക്കഥകളെക്കാൾ പ്രക്ഷുബ്ധമായ നിമിഷങ്ങൾ.

പുലർച്ചെ 2.30, എസ്ഐടി കോളനി: കലൈജ്ഞരുടെ ഭൗതികദേഹം മകൾ കനിമൊഴിയുടെ വസതിയിൽ. പൊതുദർശനത്തിനു രാജാജി ഹാൾ ഒരുങ്ങുന്നു. ജനം തമിഴ്നാടിന്റെ പല മേഖലകളിൽനിന്നു രാജാജി ഹാളിലേക്ക്. റോഡുകളിൽ പൊലീസ് ബാരിക്കേഡ്. വാഹനങ്ങൾക്കു നിയന്ത്രണം.

പുലർച്ചെ 4.30, രാജാജി ഹാൾ: ചരിത്രമുറങ്ങുന്ന രാജാജി ഹാൾ വെളിച്ചത്തിൽ കുളിച്ചു പൂക്കൾ ചൂടി ഒരുങ്ങിക്കഴിഞ്ഞു; തമിഴകത്തെ അവസാന ഇതിഹാസ നായകനെ അവസാനമായി സ്വീകരിക്കാൻ. പടിക്കെട്ടുകൾക്കു മുകളിൽ ശവമഞ്ചം കിടത്താനായി ചെരിഞ്ഞ പീഠം. പടിക്കെട്ടുകളിൽ ഡിഎംകെ നേതാക്കൾ. ഹാളിന്റെ വളപ്പിനു പുറത്ത് ജനക്കൂട്ടം നീണ്ട വരികളിൽ അക്ഷമയോടെ.

കലൈജ്ഞരെത്തുന്നു, 5.30: ആൾത്തിരക്കിനു നടുവിലൂടെ കലൈജ്ഞരെയും വഹിച്ച ആംബുലൻസ്. പിന്നിലെ വാഹനത്തിൽ മക്കൾ എം.കെ.സ്റ്റാലിൻ, കനിമൊഴി. ചുവന്ന പരവതാനി വിരിച്ച പടിക്കെട്ടിലൂടെ കരുണാനിധിയുടെ ശവമഞ്ചം മുകളിലേക്ക്. ജനമിരമ്പി, വിതുമ്പി. കലൈജ്ഞർ വാഴ്ക വിളികളിൽ പുലരി വിറച്ചു. ശീതീകരിച്ച പേടകത്തിൽ ശുഭ്രവസ്ത്രധാരിയായി കലൈജ്ഞർ കിടന്നു; കട്ടി ഫ്രെയിമുള്ള കണ്ണട ധരിച്ച്, മഞ്ഞ ഷാൾ അണിഞ്ഞ്.

പൊതുദർശനത്തുടക്കം, 6.05: ദേശീയപതാക പുതപ്പിച്ചതോടെ പൊതുദർശനത്തിനു തുടക്കം. ശവമഞ്ചത്തിന്റെ ഇടതുവശത്തു കാൽക്കൽ സ്റ്റാലിൻ. മറുവശത്തു കനിമൊഴി, അടുത്ത ബന്ധുവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ, എ.രാജ, ദുരൈ മുരുകൻ, മറ്റു നേതാക്കൾ, കുടുംബാംഗങ്ങൾ. വിവിഐപി നിരയിൽ ആദ്യമെത്തിയതു നടൻ രജനീകാന്ത്. തലേ രാത്രി ഗോപാലപുരത്തെ വസതിയിൽ എത്തിയെങ്കിലും ആൾത്തിരക്കുമൂലം അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ബാരിക്കേഡുകൾക്കുള്ളിൽ ജനക്കൂട്ടം.

എടപ്പാടിക്ക് കൂവൽ, 6.55: മറീന കടൽക്കരയിൽ കലൈജ്ഞർക്കു സമാധി സ്ഥലം നിഷേധിച്ച മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ ആൾക്കൂട്ടം വരവേറ്റതു കൂവലോടെ. ‘തിരുമ്പിപ്പോ’ വിളികളും ഉയർന്നു. രണ്ടു മിനിറ്റിനുള്ളിൽ ആദരാഞ്ജലിയർപ്പിച്ചു പളനി സ്വാമി രാജാജി ഹാൾ വിട്ടു. ജനമിരമ്പി: " മറീന വേണ്ടും, മറീന വേണ്ടും." അന്ത്യാഞ്ജലിയർപ്പിക്കാൻ പ്രമുഖർ. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കമൽ ഹാസൻ, വൈകോ, ഖുശ്ബു. കൊടുംവെയിലിലും പൊടിക്കാറ്റിലും ജനം. ഇടയ്ക്കിടെ കണ്ണീരൊഴുക്കി നീങ്ങുന്നവർ, അലമുറയിടുന്നവർ.

കലൈജ്ഞർക്കു മറീന, 10.45: വിലപിച്ചെത്തിയ ജനക്കൂട്ടം കരച്ചിലിനിടയിലും വിജയാഹ്ലാദം മുഴക്കിയത് കോടതി വിധിയറിഞ്ഞ്. കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ തന്നെ. സ്റ്റാലിൻ കണ്ണീരണിഞ്ഞു; കുടുംബാംഗങ്ങളും ഡിഎംകെ നേതാക്കളും. പ്രധാനമന്ത്രി ഉടൻ എത്തുമെന്ന് അറിയിപ്പ്. പ്രകാശ് കാരാട്ട് ഉൾപ്പെടെ കൂടുതൽ പ്രമുഖരെത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയതു 11:12 ന്. നാലു മിനിറ്റു ചെലവിട്ട അദ്ദേഹം കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു മടങ്ങി. അപ്പോഴേക്കും മറീനയിലെ അണ്ണാ സമാധിയോടു ചേർന്നു കല്ലറ ഒരുങ്ങിക്കഴിഞ്ഞു.

നിയന്ത്രണം വിട്ടു ജനം, 12.30: പൊലീസ് അൽപം അയഞ്ഞു. അതോ ബോധപൂർവമായ പിൻമാറ്റമോ? ജനം ബാരിക്കേഡുകൾ ഇളക്കിമാറ്റി ശവമഞ്ചത്തിനടുത്തേക്ക്. മഞ്ചം താഴെ വീഴുന്ന സ്ഥിതിയെത്തിയപ്പോൾ മാത്രം പൊലീസ് ഇടപെടൽ. ചെറിയതോതിൽ ലാത്തി പ്രയോഗം. ആൾത്തിരക്കു ദുരന്തമായി. ഒരു മണിക്കൂറിനുശേഷം സ്റ്റാലിന്റെ അഭ്യർഥന: ദയവായി സംയമനം പാലിക്കുക. അർധ സൈനികർ ഉൾപ്പെടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ. രംഗം പതിയെ ശാന്തമാകുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സീതാറാം യച്ചൂരി ഉൾപ്പെടെ പ്രമുഖരുടെ ഒഴുക്കു തുടരുന്നു.

രാജാജി ഹാളിനു വിട, വൈകിട്ട് നാല്: തമിഴ് ഇതിഹാസ നായകരായ പെരിയോറും അണ്ണാ ദുരൈയും എംജിആറും ജയലളിതയും തമിഴ് ജനതയ്ക്ക് അന്ത്യദർശനം നൽകിയ രാജാജി ഹാളിന്റ പടിക്കെട്ടുകളിറങ്ങുകയാണു കലൈജ്ഞറും. ശവമഞ്ചം വഹിച്ചു വിലാപയാത്ര അണ്ണാശാലയിലൂടെ മറീനയിലേക്ക്.

അസ്തമയം, രാത്രി 7.05: വിലാപയാത്ര രാജാജി ഹാളിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെയുള്ള മറീനയിലെത്താനെടുത്തതു രണ്ടേകാൽ മണിക്കൂർ. തലൈവർ മണ്ണിലേക്കു മടങ്ങുന്നു; സൂര്യൻ അസ്തമിക്കുകയാണ്.