Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണാനിധി – അധികമാരും അറിയാത്ത ചില കലൈജ്ഞർ കഥകൾ

M Karunanidhi

2017 ൽ നീണ്ട 46 വർഷത്തെ ബന്ധത്തിനാണ് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അവസാനം കുറിച്ചത്. തന്റെ ‘മുഖമുദ്ര’യായ കറുത്ത കണ്ണട അദ്ദേഹം ഉപേക്ഷിച്ചു. ചെറിയ തവിട്ടു ടിന്റ് ഉള്ള ഭാരംകുറഞ്ഞ ജർമൻ നിർമിത കണ്ണട പകരം ഉപയോഗിച്ചു തുടങ്ങി. ഭാരം കൂടിയ പഴയ ഫ്രെയിം ചെവിക്കും നെറ്റിക്കും അധികസമ്മര്‍ദം സൃഷ്ടിക്കുന്നതിനാൽ മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. 40 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണു പകരം കണ്ണട വാങ്ങിയത്. കരുണാനിധിയെക്കുറിച്ച് കൗതുകം നിറഞ്ഞ ചില കഥകളും കാര്യങ്ങളും...

∙ 1986 ഡിസംബർ ഒൻപതിന് ഹിന്ദിക്കെതിരെ പ്രതിഷേധിക്കാൻ ഭരണഘടനാഭാഗം കരുണാനിധി കത്തിച്ചു. ഇതിന് 10 ആഴ്ച കഠിനതടവ് അനുഭവിച്ചു.

∙ കരുണാനിധിയുടെ പിതാവ് മുത്തുവേലരുടെ മൂന്നാമത്തെ ഭാര്യയിലാണ് കരുണാനിധി ജനിക്കുന്നത്. മുത്തുവേലരുടെ ആദ്യ രണ്ടു ഭാര്യമാരും സന്താനഭാഗ്യമില്ലാതെ മരിക്കുകയായിരുന്നു.

∙ ഗായകനായിരുന്ന മുത്തുവേൽ മകനെ സംഗീതം പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ഏകാഭിനയത്തിലും എഴുത്തിലുമായിരുന്നു ചെറുപ്പം മുതൽ കരുണാനിധിക്ക് കമ്പം.

∙ തിരുക്കുവളൈ ഗ്രാമക്ഷേത്രത്തിലെ ദൈവത്തിൽനിന്നു കടംകൊണ്ടതാണ് കരുണാനിധി എന്ന പേര്.

∙ തിരുവാരൂരിലെ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ അടുത്തുള്ള കിണറ്റിൽ ചാടി മരിക്കുമെന്നു ഭീഷണിപ്പെടുത്തി പ്രവേശനം വാങ്ങിയെന്ന് കരുണാനിധിയെപ്പറ്റിയൊരു കഥയുണ്ട്.

∙ ദ്രാവിഡ കഴകത്തിന്റെ യോഗം സംഘടിപ്പിക്കാൻ വീട്ടിൽനിന്ന് ആഭരണം മോഷ്ടിച്ചു കരുണാനിധി പണയംവച്ചതായി അണികൾക്കിടയിൽ കഥയുണ്ട്.

∙ ഗാന്ധിജിക്കെതിരെ കരുണാനിധി എഴുതിയ ലേഖനം വായിച്ച് രോഷാകുലരായ ഗാന്ധിശിഷ്യർ കരുണാനിധിയുടെ യോഗം കലക്കി അദ്ദേഹത്തെ തല്ലിച്ചതച്ചു. തെരുവിൽ ബോധരഹിതനായി കിടന്ന കരുണാനിധി മരണത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്.

∙ കാറപകടത്തിൽ കണ്ണിനു ഗുരുതരമായി പരുക്കേറ്റ കരുണാനിധി, 12 ശസ്ത്രക്രിയകൾക്കുശേഷമാണ് കാഴ്ചശക്തി വീണ്ടെടുത്തത്. അന്നു മുതൽ ഒപ്പം കൂടിയതാണ് കറുത്ത കണ്ണട.

∙ ഡിഎംകെ അധ്യക്ഷനായി കരുണാനിധിയെ തുടർച്ചയായ പതിനൊന്നാം തവണയും തിരഞ്ഞെടുത്തത് ചരിത്രമായി. 49 വർഷം പാർട്ടിയെ നയിച്ച കലൈജ്ഞറാണ് ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ.