‘ഒരിക്കൽക്കൂടി അപ്പാ എന്നു വിളിക്കട്ടേ’, കണ്ണീർനനവായി സ്റ്റാലിന്റെ കത്ത്

സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്ന കത്ത് ഇങ്ങനെ:

ഒരിക്കൽക്കൂടി ഞാൻ അപ്പായെന്നു വിളിക്കട്ടെ, തലൈവരേ?

എവിടെ പോയാലും എന്നെ അറിയിക്കുന്നതായിരുന്നല്ലോ ശീലം

ഇപ്പോൾ പക്ഷേ, ഒന്നും മിണ്ടാതെ എവിടേക്കു പോയി?

പ്രിയപ്പെട്ട തലൈവരേ,

എന്റെ ശരീരത്തിൽ, രക്തത്തിൽ, വികാര വിചാരങ്ങളിൽ എന്നും അങ്ങുണ്ടാകും.എവിടേക്കാണ് അങ്ങ് പോയത്?

ശവപേടകത്തിൽ എന്തു കുറിക്കണമെന്ന് 33 വർഷം മുൻപുതന്നെ അങ്ങ് എഴുതിവച്ചു

‘‘ വിശ്രമമില്ലാതെ ജീവിച്ച മനുഷ്യന് അന്ത്യവിശ്രമത്തിന്’’ എന്ന്.

തമിഴ്മക്കൾക്കു വേണ്ടി ഒരു ജന്മമത്രയും കർമം ചെയ്തതിന്റെ സംതൃപ്തിയോടെയല്ലേ അങ്ങ് പോയ് മറഞ്ഞത്; 80 വർഷത്തെ സേവനം.

ഞാൻ എത്തിച്ചേർന്ന ഉയരങ്ങൾ ഇനി ആരുകീഴടക്കുമെന്ന് ആലോചിച്ച് മറഞ്ഞിരിക്കുകയാണോ?

ജൂൺ മൂന്നിന് അങ്ങയുടെ 95–ാം പിറന്നാളിന് ഞാൻ ആഗ്രഹിച്ചത് ഒന്നുമാത്രം–

അങ്ങയുടെ പകുതി ശക്തിയെങ്കിലും എനിക്കു നൽകണേ.

അറിജ്ഞർ അണ്ണായിൽ നിന്ന് അങ്ങ് കടം കൊണ്ടതുപോലോരു ശക്തി എന്റെ ഹൃദയത്തിലേക്കും പകർന്നുതരണേ എന്നു യാചിക്കുന്നു.

എനിക്കതു തരില്ലേ, തലൈവരേ.

ആ സൗമനസ്യം കൈമുതലായുണ്ടെങ്കിൽ അങ്ങയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും.

അങ്ങയുടെ കോടിക്കണക്കിനു നൻപർകളുടെ ഹൃദയം അഭ്യർഥിക്കുകയാണ്,

കാന്തിക ശക്തിയുള്ള ആ ശബ്ദത്തിൽ ഒരിക്കൽ കൂടി, ഒരിക്കൽ കൂടി മാത്രം,

ഞങ്ങളെ ഉടൻപിറപ്പുകളേയെന്നു വിളിക്കൂ.

നമ്മുടെ വേരിനും ഭാഷയ്ക്കും വേണ്ടി ഒരു നൂറ്റാണ്ടുകാലം കൈമെയ് മറന്നു പ്രവർത്തിക്കാൻ അതു ഞങ്ങളെ സഹായിക്കും.

അപ്പാ, അപ്പാ എന്നതിനേക്കാൾ തലൈവരേ, തലൈവരേ എന്നാണ് അങ്ങയെ ഞാൻ കൂടുതലും സംബോധന ചെയ്തിട്ടുള്ളത്

ഒറ്റത്തവണ കൂടി ഞാൻ അപ്പായെന്നു വിളിച്ചോട്ടെ, എന്റെ തലൈവരേ...

                                                              കണ്ണീരോടെ, എം.കെ.സ്റ്റാലിൻ