മഹാദായി: കർണാടക ബിജെപി ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

ബെംഗളൂരു ∙ ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നത്തിൽ ബിജെപി ആസ്ഥാനത്തു പ്രക്ഷോഭം നടത്തുന്ന കർഷകരെ അനുനയിപ്പിക്കാനുള്ള പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയുടെ ശ്രമം പാളി.

പ്രതിഷേധം തുടരാൻ തീരുമാനിച്ച കലസ–ഭണ്ഡൂരി ഹൊരാട്ട സമിതി ഇന്ന് വടക്കൻ കർണാടകയിലെ ബെളഗാവി, ധാർവാഡ്, ഗദഗ്, ബാഗൽക്കോട്ടെ ജില്ലകളിൽ ബന്ദ് നടത്തുമെന്ന് അറിയിച്ചു. ഇന്നു രാജ്ഭവനിലേക്ക് മാർച്ചും നടത്തും. കർണാടക നിയമ സർവകലാശാല, വിശ്വേശ്വരായ ടെക്നിക്കൽ സർവകലാശാല തുടങ്ങിയവ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

നൂറോളം കർഷക, കന്നഡ അനുകൂല സംഘടനകളാണു പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ജലപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഗോവയിലെ കോൺഗ്രസ് ഘടകവുമായി ചർച്ച നടത്തി കർഷകരെ അനുനയിപ്പിക്കണമെന്നാണ് യെഡിയൂരപ്പയുടെ ആവശ്യം.