തടഞ്ഞവർ തന്നെ സണ്ണിയുടെ നൃത്തം ‘അനുവദിക്കാൻ’ ചോദിച്ചത് 40 ലക്ഷം

ബെംഗളൂരു ∙ നടി സണ്ണി ലിയോൺ ബെംഗളൂരുവിൽ നൃത്തപരിപാടി നടത്തുന്നതിനെ എതിർത്ത കന്നഡ അനുകൂല സംഘടനാ നേതാക്കൾ ഇതേ പരിപാടി വീണ്ടും നടത്തുന്നതിനു പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം പുറത്ത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനൽ റിപ്പോർട്ടറോട് കന്നഡ രക്ഷണവേദികെ നേതാക്കൾ 40 ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.

‘സണ്ണി നൈറ്റ്സ്’ എന്ന പരിപാടി നടത്തണമെങ്കിൽ 30 ലക്ഷം രൂപ മുൻകൂർ നൽകണമെന്നും ബാക്കി പരിപാടിക്കു ശേഷം നൽകിയാൽ മതിയെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വേദികെയുടെ രണ്ടുവിഭാഗങ്ങളിലെയും നേതാക്കൾ പരിപാടിക്കായി പണം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. 

കൈക്കൂലി ആരോപണം വേദികെ വൈസ് പ്രസിഡന്റ് അഞ്ജനപ്പ നിഷേധിച്ചു. പുതുവർഷത്തലേന്നു നടത്താനിരുന്ന പരിപാടിക്കു കന്നഡ രക്ഷണവേദികെയുടെ എതിർപ്പിനെത്തുടർന്നാണ് അനുമതി നിഷേധിച്ചത്. അന്നു മാറ്റിവച്ച ‘സണ്ണി നൈറ്റ്സ്’ അടുത്തമാസം നടത്താനുള്ള നീക്കത്തിലാണ് സംഘാടകർ.