ഏഴ് ജെഡിഎസ് എംഎൽഎമാർ രാജിവച്ചു; ഇന്ന് കോൺഗ്രസിൽ

ബെംഗളൂരു ∙ 2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനു സസ്പെഷൻഷനിലുള്ള ഏഴ് ജനതാദൾ (എസ്) എംഎൽഎമാർ രാജിവച്ചു. രാജി സ്വീകരിച്ചതായി സ്പീക്കർ കെ.ബി.കൊളീവാഡ് അറിയിച്ചു. എല്ലാവരും ഇന്നു മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നേക്കും. ദളിലെ അസംതൃപ്തരായ മൂന്ന് എംഎൽസിമാരും ഇന്നു കോൺഗ്രസിൽ ചേരുമെന്നാണു വിവരം. 

കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കു നടന്ന തിര‍ഞ്ഞെടുപ്പിൽ ദൾ വിമത എംഎൽഎമാരുടെ പിന്തുണയോടെ, ഒരു സ്ഥാനാർഥിയെ അധികമായി വിജയിപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞിരുന്നു. ദൾ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമിയുടെ ഏകാധിപത്യം കാരണമാണു പാർട്ടി വിടുന്നതെന്നു വിമതർ അറിയിച്ചു.