Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകൻ നിഹാൽ സിങ് അന്തരിച്ചു

nihal-singh

ന്യൂഡൽഹി∙ പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകാരനും പംക്തീകാരനുമായ എസ്. നിഹാൽ സിങ് (89) അന്തരിച്ചു. വൃക്കരോഗത്തിനു നാഷനൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു. ഡൽഹിയിൽ ദ് സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലേഖകനായി പത്രപ്രവർത്തനം ആരംഭിച്ച നിഹാൽ സിങ് പിന്നീടു മോസ്കോയിലും ലണ്ടനിലും ജക്കാർത്തയിലും ന്യൂയോർക്കിലും ഇസ്‌ലാമാബാദിലും ലേഖകനായി. മടങ്ങിയെത്തിയ ശേഷം സ്റ്റേറ്റ്സ്മാന്റെ ഡൽഹി റസിഡന്റ് എഡിറ്ററും കൊൽക്കൊത്തയിൽ എഡിറ്ററുമായി.

അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ സെൻസറിങ്ങിനെതിരെ ധീരമായ നിലപാടെടുത്തു. ദി ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ഇൻ ചീഫ് (1981–82), ദുബായിയിൽ ഖലീജ് ടൈംസിന്റെ എഡിറ്റർ (1994) എന്നീ നിലകളിലും പ്രവർത്തിച്ചു. 1987ൽ ഇന്ത്യൻ പോസ്റ്റ് എന്ന പത്രത്തിന്റെ സ്ഥാപക പത്രാധിപരായി. ഡൽഹി മുഖ്യമന്ത്രിയും രാജസ്ഥാൻ ഗവർണറുമായിരുന്ന ഗുരുമുഖ് നിഹാൽ സിങ്ങിന്റെ മകനായ സുരീന്ദർ നിഹാൽ സിങ് മാധ്യമ രംഗത്ത് അറിയപ്പെട്ടിരുന്നത് നിർഭയനായ പത്രാധിപർ എന്ന നിലയിലായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് പത്രസ്വാതന്ത്യ്രത്തിനു വേണ്ടി പോരാടിയതിന് 1978ൽ നിഹാൽ സിങ്ങിനെ ന്യൂയോർക്കിൽ ഇന്റർനാഷനൽ എഡിറ്റർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. വിവിധ പത്രങ്ങളിൽ നിഹാൽ സിങ് എഴുതിയ പംക്തികൾ ഏറെ പ്രചാരം നേടി. കൊൽക്കൊത്ത നോട്ട് ബുക്ക്, ന്യൂഡൽഹി നോട്ട് ബുക്ക്, പാസിങ് ബൈ, യെസ്റ്റർഡേ ഇൻ ഡൽഹി തുടങ്ങിയവയായിരുന്നു പംക്തികൾ. ഇൻക് ഇൻ മൈ വെയിൻസ് എന്ന ആത്മകഥ ഏറെ ശ്രദ്ധേയമായി. ദ് മോദി മിത്ത്, ദ് റോക്കി റോഡ് ഓഫ് ഇന്ത്യൻ ഡമോക്രസി, മൈ ഇന്ത്യ, യുവർ സ്‌ലിപ് ഈസ് ഷോയിങ്, ഇന്ത്യൻ ഡേയ്സ്, ഇന്ത്യൻ നൈറ്റ്സ്, ഇന്ദിരാസ് ഇന്ത്യ തുടങ്ങിയവയാണു പ്രശസ്ത പുസ്തകങ്ങൾ. ഹോളണ്ട് സ്വദേശിനി ഗീ ആണ് ഭാര്യ. അവർ 1994ൽ നിര്യാതയായി. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അനുശോചിച്ചു.