Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ സ്കൂളുകൾ തൽക്കാലം പൂട്ടില്ല

ചെന്നൈ∙ പാലക്കാട് ഉൾപ്പെടെ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള റെയിൽവേ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം തൽക്കാലത്തേക്കു മരവിപ്പിച്ചു. ഈ അധ്യയന വർഷം പുതിയ പ്രവേശനം നൽകേണ്ടെന്ന ഉത്തരവും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പിൻവലിച്ചു.

നിബന്ധനകൾക്കു വിധേയമായി പ്രവേശനം നൽകും. 2018-19 അധ്യയന വർഷത്തേക്കു മാത്രമാണു പുതിയ ഉത്തരവ് ബാധകം. പെരമ്പൂർ, തിരുച്ചിറപ്പള്ളി, മധുര, പാലക്കാട് എന്നിവിടങ്ങളിൽ ഹയർ സെക്കൻഡറി സ്കൂളുകളും ആർക്കോണം, ഈറോഡ് ജോലാർപേട്ട്, പോടനൂർ, വില്ലുപുരം എന്നിവിടങ്ങളിൽ ഹൈസ്കൂളുകളുമാണുള്ളത്. ഇതിൽ ആർക്കോണം, ജോലാർപേട്ട്, വില്ലുപുരം സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം പുനരാരംഭിക്കാനാണു നിർദേശം. 

പാലക്കാട് ഉൾപ്പെടെയുള്ള സ്കൂളുകളിൽ റെയിൽവേ ജീവനക്കാരുടെ 15 മക്കളെങ്കിലും അപേക്ഷകരായുണ്ടെങ്കിൽ മാത്രം ഒന്നാം ക്ലാസ് പ്രവേശനം നടത്താം. 

ഉയർന്ന ക്ലാസുകളിൽ എല്ലാ സ്കൂളുകളിലും റെയിൽവേ ജീവനക്കാരുടെ മക്കൾക്കു പ്രവേശനം അനുവദിക്കാമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

റെയിൽവേയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി ബിബേക് ദേബ്‌റോയ് കമ്മിഷന്റെ ശുപാർശപ്രകാരമാണു സ്കൂളുകൾ പൂട്ടാൻ തീരുമാനിച്ചത്. 

ഇതിനെതിരെ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ രംഗത്തുവന്നിരുന്നു. ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള സ്കൂളുകളിൽ ഏഴായിരത്തോളം വിദ്യാർഥികളാണു പഠിക്കുന്നത്. 

related stories