Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: കാരാട്ട്പക്ഷ നിലപാട് തള്ളി യച്ചൂരി

Karat-Yechuri

ന്യൂഡൽഹി ∙ കർണാടകയിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയാണുണ്ടായതെന്ന സിപിഎമ്മിലെ കാരാട്ട്പക്ഷ നിലപാടിനെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പരസ്യമായി തള്ളിപ്പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിക്കൊപ്പം തൃണമൂൽ കോൺഗ്രസിനെയും കേരളത്തിൽ കോൺഗ്രസിനെയും പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും യച്ചൂരി പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാനാണ് യച്ചൂരി ഇന്നലെ പത്രസമ്മേളനം വിളിച്ചുകൂട്ടിയത്. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിൽ കർണാടക ഫലം വിശകലനം ചെയ്ത് പ്രകാശ് കാരാട്ട് കോൺഗ്രസിനെതിരെ പറഞ്ഞതു പാർട്ടിയുടെ ഒൗദ്യോഗിക നിലപാട് ആണോയെന്നു ചോദ്യമുണ്ടായി. അപ്പോൾ, പിബിയുടെ പത്രക്കുറിപ്പ് ഉയർത്തിക്കാട്ടി യച്ചൂരി പറഞ്ഞു: ‘ഇതാണ് പാർട്ടിയുടെ നിലപാട്.’

കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം തട്ടിക്കൂട്ടാനുള്ള ബിജെപി– ആർഎസ്എസ് ശ്രമത്തിന്റെ പരാജയത്തിൽ കലാശിച്ച സംഭവവികാസങ്ങളെ പിബി സ്വാഗതം ചെയ്യുന്നുവെന്നും ഇപ്പോൾ അധികാരത്തിലേറുന്ന പാർട്ടികൾക്കു മൊത്തം 56.6% പേരുടെ പിന്തുണയുണ്ടെന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്. ബിജെപിക്ക് 36.2% വോട്ടാണ് ലഭിച്ചത്. യച്ചൂരിയും പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഗീയ അജൻഡ നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമം തടയേണ്ടതുണ്ടെന്നു യച്ചൂരി പറഞ്ഞു. ഇന്ത്യാ ചരിത്രത്തിനു പകരം ഹൈന്ദവ െഎതിഹ്യങ്ങൾ പഠിപ്പിക്കാനുള്ള ശ്രമമാണ് നേരത്തേയുണ്ടായത്. ഇപ്പോൾ ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ‘ഇസ്‌ലാമിക ഭീകരത’ എന്നൊരു കോഴ്സ് തുടങ്ങാനാണ് നീക്കം. ഇതു രാജ്യത്തിന്റെ െഎക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രശ്നമാണ്. ഏതെങ്കിലുമൊരു മതത്തെ ഉന്നം വയ്ക്കാതെ ‘മത മൗലികവാദം’ എന്നൊരു കോഴ്സ് പഠിപ്പിക്കാവുന്നതാണ്. ഇപ്പോഴത്തെ നീക്കം ഉപേക്ഷിക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു. 

related stories