Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദി നിറഞ്ഞ് വിശാല സഖ്യം; കുമാരസ്വാമി ചുമതലയേറ്റു

sonia-mayawathi-mamatha-laugh

ബെംഗളൂരു ∙ പരസ്പരം നെറ്റി മുട്ടിച്ച് സോണിയ ഗാന്ധിയും മായാവതിയും, കുശലം പറഞ്ഞു പൊട്ടിച്ചിരിച്ച് മമതയും രാഹുലും, ഒരേ സംസ്ഥാനത്ത് ഏറെ അകലങ്ങളിലായിരുന്നതു മറന്ന് അടുത്തടുത്ത കസേരകളിൽ അഖിലേഷും മായാവതിയും; ഭിന്നതകൾ വെടിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലെ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒരുമിച്ച വേദിയിൽ കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ ആദ്യ ദലിത് ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ.ജി.പരമേശ്വരയും ചുമതലയേറ്റു. 

ബിജെപിക്ക് എതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനം പോലെയായി പ്രമുഖ പാർട്ടികളെല്ലാം സംഗമിച്ച വേദി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാൾ, യുപി മുൻമുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ തുടങ്ങി നേതാക്കളുടെ വൻ നിരയാണു വേദി നിറഞ്ഞത്.

ജെഡി–എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ എച്ച്.ഡി.ദേവെഗൗഡ വേദിയിലെത്തിയ പാടേ എല്ലാ നേതാക്കളുമായും സൗഹൃദം പങ്കിട്ടു. മായാവതിയും അഖിലേഷും തൊട്ടടുത്ത സീറ്റുകളിലിരുന്നതും ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവുമായി ഇരുവരും സംസാരിച്ചതും കൗതുകക്കാഴ്ചയായി. സോണിയയും രാഹുലും കോൺഗ്രസ് നേതാക്കളുടെ സംഘവും ഒരുമിച്ചു കടന്നുവന്നതോടെ ആർപ്പുവിളികൾക്കു ശക്തികൂടി. ചിരിയോടെ അടുത്തെത്തി ആലിംഗനം ചെയ്ത മായാവതിയുടെ നെറ്റിയിൽ സോണിയ സ്നേഹത്തോടെ നെറ്റി ചേർത്തു. സോണിയയും രാഹുലും പിണറായിക്കു കൈകൊടുത്തു. ബിജെപി നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.

മമതയെ വന്ദിച്ച് തേജസ്വി 

തേജസ്വി യാദവ് മമതയുടെ കാൽ തൊട്ടു വന്ദിക്കുന്നതും മായാവതിയും സോണിയയും രാഹുലും മമതയും വർത്തമാനത്തിനിടെ പൊട്ടിച്ചിരിക്കുന്നതും കണ്ടു. യച്ചൂരിയും ഡി.രാജയും ചന്ദ്രബാബു നായിഡുവുമെല്ലാം നിറചിരിയോടെ സദസ്സിനെ അഭിവാദ്യം ചെയ്തു. ചടങ്ങിനു ശേഷം എല്ലാ നേതാക്കളും ഒരുമിച്ചു വേദിക്കു മുന്നിലെത്തി, കൈകൾ കോർത്തു മുകളിലേക്കുയർത്തി അഭിവാദ്യം ചെയ്തു. 

നാളെ വിശ്വാസവോട്ട് തേടും

നാളെ വിശ്വാസവോട്ട് തേടുമെന്നു മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.  ഇതിനു ശേഷം കോൺഗ്രസിന്റെ 21 മന്ത്രിമാരും ദളിന്റെ 11 മന്ത്രിമാരും ചുമതലയേൽക്കും. 

കോൺഗ്രസിന്റെ മുതിർന്ന സാമാജികൻ രമേഷ് കുമാറിനെ വിശ്വാസവോട്ടിനു മുന്നോടിയായി നാളെ സ്പീക്കറായി തിരഞ്ഞെടുക്കും. റിസോർട്ടിലും ഹോട്ടലിലുമായി താമസം തുടരുന്ന ദൾ, കോൺഗ്രസ് എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്കു ശേഷം അവിടങ്ങളിലേക്കു തന്നെ മടങ്ങി.

related stories