Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭ വിട്ട് ബിജെപി; അനായാസം വിശ്വാസം നേടി കുമാരസ്വാമി

Kumaraswamy, Parameswara

ബെംഗളൂരു ∙ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയതോടെ കർണാടക നിയമസഭയിൽ എച്ച്.ഡി.കുമാരസ്വാമി സർക്കാരിന് അനായാസ വിജയം. ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപിയുടെ 104 അംഗങ്ങളും സഭ വിട്ടതിനെ തുടർന്ന് ശബ്ദവോട്ടിലൂടെയാണ് ജനതാദൾ എസ്-കോൺഗ്രസ് സഖ്യം ഭൂരിപക്ഷം തെളിയിച്ചത്. സ്പീക്കറായി കോൺഗ്രസിലെ കെ.ആർ.രമേഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ബിജെപിക്കുവേണ്ടി സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ചിരുന്ന എസ്.സുരേഷ് കുമാർ പിൻമാറുകയാണെന്ന്, ഇന്നലെ സഭാനടപടികൾ ആരംഭിച്ചപ്പോൾത്തന്നെ പാർട്ടി അറിയിച്ചു. തുടർന്ന് ചുമതലയേറ്റ രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു വിശ്വാസവോട്ട് നടപടികൾ.

LIVE UPDATES

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ, 2006ൽ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയ തന്റെ നടപടി പിതാവും ദൾ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡയെ ഏറെ വേദനിപ്പിച്ചിരുന്നതായി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഉള്ളിലുള്ള ഈ പശ്ചാത്താപമാണ് കോൺഗ്രസുമായുള്ള സഖ്യത്തിലേക്കെത്തിച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഇതിനു മറുപടിയായി യെഡിയൂരപ്പ നടത്തിയ വൈകാരിക പ്രസംഗത്തിൽ 2006-08ൽ ദളിനെ പിന്തുണയ്ക്കേണ്ടിവന്നത് വലിയ തെറ്റായിപ്പോയെന്നു പറഞ്ഞു. ജനവിധി അട്ടിമറിച്ചാണ് ദളും കോൺഗ്രസും അവിശുദ്ധ സഖ്യമുണ്ടാക്കിയതെന്നും ആരോപിച്ചു. തുടർന്ന് കുമാരസ്വാമി ഇടപെട്ടതോടെയാണ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചത്. 53,000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളാൻ സർക്കാർ തയാറായില്ലെങ്കിൽ 28ന് സംസ്ഥാന വ്യാപക ബന്ദ് നടത്തുമെന്നും യെഡിയൂരപ്പ സഭയെ അറിയിച്ചു. ദളിനായി നീക്കിവച്ച ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നില്ല.