Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ വഴി പണം തട്ടുന്ന ജാർഖണ്ഡ് സംഘം പിടിയിൽ

ram-kumar-mandal റാം കുമാർ മണ്ഡൽ

ന്യൂഡൽഹി∙ ബാങ്കിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് ഒരുലക്ഷത്തിലധികം പേരുടെ പണം തട്ടിയ ഓൺലൈൻ തട്ടിപ്പുസംഘത്തിന്റെ കേന്ദ്രം ജാർഖണ്ഡിലെ ചെറുഗ്രാമം. പത്താം ക്ലാസിൽ പഠനം നിർത്തിയ റാം കുമാർ മണ്ഡൽ (35) സംഘത്തലവൻ. ഇയാൾ പരിശീലനം നൽകിയ ഗ്രാമത്തിലെ ഇരുന്നൂറോളം യുവാക്കളാണു വിവിധ ബാങ്കുകളുടെ എക്സിക്യൂട്ടീവുകൾ എന്ന വ്യാജേന ആളുകളെ ഫോണിൽ വിളിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ഗോവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണു കഴിഞ്ഞ നാലുവർഷത്തിനിടെ തട്ടിപ്പിനിരകളായത്. മാവോയിസ്റ്റുകളുടെ സഹായത്തോടെയാണു തട്ടിപ്പു സംഘം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

ഡൽഹി ആനന്ദ് വിഹാറിലെ യുവതിയുടെ 1.9 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലായത്. ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ആർബിഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണു യുവതിയെ വിളിച്ചത്. ഒടിപി വെളിപ്പെടുത്തിയതോടെ 1.9 ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിൽനിന്ന് ഒരു ഇ–വോലറ്റിലേക്കു മാറ്റപ്പെട്ടു. സമാനമായ രീതിയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷത്തോളം പേർക്കു പണം നഷ്ടമായിട്ടുണ്ടെന്നാണു പൊലീസ് കണ്ടെത്തൽ.