Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെക്കുനിന്ന് ബിഎസ്പിക്ക് കൈനീട്ടം; ഏക എംഎൽഎ കുമാരസ്വാമി മന്ത്രിസഭയിൽ അംഗം

Mayawati മായാവതി

ന്യൂഡൽഹി ∙ മായാവതിയുടെ പുതിയ രാഷ്ട്രീയനീക്കം ആരും പ്രതീക്ഷിച്ചതല്ല. കർണാടക മന്ത്രിസഭയിൽ ചേരാൻ ബിഎസ്പി തീരുമാനിക്കുകവഴി പുതിയ ചരിത്രം കുറിക്കുകയാണു മായാവതി. പാർട്ടിയുടെ 34 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അവർക്ക് ഉത്തർപ്രദേശിനു പുറത്ത് ഒരു മന്ത്രിയെ കിട്ടുന്നു. കോൺഗ്രസും ജനതാദളും സഖ്യമുണ്ടാക്കുന്നതിനു മായാവതിയാണു മുൻകയ്യെടുത്തതെന്നു കരുതുന്നു. എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മായാവതി പങ്കെടുക്കുകയും ചെയ്തു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ദേശീയ നേതാക്കളിൽ പ്രമുഖയാണു മായാവതി. കർണാടകയിലെ മന്ത്രിസഭയിൽ പങ്കുചേരാൻ മായാവതി താൽപര്യം അറിയിച്ചതു കോൺഗ്രസും ജനതാദളും തികഞ്ഞ ഗൗരവത്തോടെ ചർച്ച ചെയ്തു. ജനതാദളാണ് അവരുടെ ഒരു വകുപ്പ് വിട്ടുകൊടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. അങ്ങനെ ബിഎസ്പിയുടെ ഏക എംഎൽഎ എൻ.മഹേഷ് മന്ത്രിയായി.

1984ൽ കാൻഷി റാം ബിഎസ്പി രൂപീകരിച്ചതിനുശേഷം പല സംസ്ഥാനങ്ങളിലും അവർക്ക് എംഎൽഎമാരെ കിട്ടിയിട്ടുണ്ട്. ഇപ്പോഴും യുപിക്കു പുറമേ മധ്യപ്രദേശ് (നാല്), രാജസ്ഥാൻ (മൂന്ന്) എന്നിവിടങ്ങളിൽ ബിഎസ്പി എംഎൽഎമാരുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലൊക്കെ സ്വാധീനവുമുണ്ട്. കർണാടകയിൽ മന്ത്രിപദം സ്വീകരിക്കുകവഴി മായാവതി സഖ്യകക്ഷികൾക്കു വ്യക്തമായ സന്ദേശം നൽകുകയാണ് – മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ പ്രതിപക്ഷസഖ്യം അധികാരത്തിലെത്തിയാൽ ബിഎസ്പിയെയും പരിഗണിക്കേണ്ടിവരും.

related stories