Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 ലക്ഷം രൂപ ഗ്രാറ്റുവിറ്റി: മുൻകാല പ്രാബല്യമില്ല

100 rupee currency

ന്യൂഡൽഹി ∙ പുതിയ ഗ്രാറ്റുവിറ്റി ബിൽ പ്രകാരമുള്ള ആനുകൂല്യങ്ങൾ സ്വകാര്യ മേഖലയിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും മുൻകാല പ്രാബല്യത്തോടെ ലഭിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ടു തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച അപേക്ഷകൾ കേന്ദ്ര തൊഴിൽ മന്ത്രാലയം തള്ളി. പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ബിൽ 2018, ഈ വർഷം മാർച്ച് 15നു ലോക്സഭയും മാർച്ച് 22നു രാജ്യസഭയും പാസാക്കി രാഷ്ട്രപതി അംഗീകരിച്ചതാണ്. നികുതിയില്ലാത്ത പരമാവധി ഗ്രാറ്റുവിറ്റി തുക 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തുന്ന ഈ നിയമം മാർച്ച് 29നു നിലവിൽ വന്നു.

സർക്കാരിലെയും സ്വകാര്യമേഖലയിലെയും ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുകയാണു നിയമത്തിന്റെ ലക്ഷ്യം. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 20 ലക്ഷം രൂപയായി ഉയർത്തണം എന്ന് ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. പുതിയ ഗ്രാറ്റുവിറ്റി നിയമത്തിന്റെ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ ജീവനക്കാർക്കു 2016 ജൂൺ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു സർക്കാർ വിജ്ഞാപനം. എന്നാൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും ഈ വർഷം മാർച്ച് 29 മുതൽക്കേ ഇതു നടപ്പാക്കിയുള്ളൂ. ഈ ആനുകൂല്യങ്ങൾ 2016 ജൂൺ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നൽകണമെന്നു സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. ഇതു നടപ്പാക്കിയാൽ സ്ഥാപനങ്ങൾക്കു താങ്ങാനാവാത്ത ബാധ്യതയുണ്ടാവും എന്നു കണ്ടാണു കേന്ദ്രസർക്കാർ ഈ ആവശ്യം തള്ളിയത്. അഞ്ചുവർഷം സേവനം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരും ഗ്രാറ്റുവിറ്റിക്ക് അർഹരാണ്. 2010ൽ ആണ് ഇതിനു മുൻപു ഗ്രാറ്റുവിറ്റി തുക 3,50,000 രൂപയിൽനിന്നു 10 ലക്ഷം രൂപയായി ഉയർത്തിയത്. 

related stories