Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഎസിനെ വെട്ടാൻ കൂട്ട സ്വകാര്യനിയമനം

Job

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിൽ‍ ജോയിന്റ് സെക്രട്ടറി തലത്തിൽ സ്വകാര്യമേഖലയിൽനിന്നുള്ളവരെ കൂട്ടമായി നിയമിക്കാൻ നടപടി തുടങ്ങി. സിവിൽ സർവീസ് സംവിധാനത്തെയും സംവരണത്തെയും അട്ടിമറിക്കുന്ന നീക്കം വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ താൽപര്യങ്ങളനുസരിച്ച് ഉദ്യോഗസ്ഥ സംവിധാനത്തെ പരിഷ്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുണ്ട്.

കഴിവും ലക്ഷ്യബോധവും രാഷ്ട്ര നിർമാണത്തിൽ താൽപര്യവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര പഴ്സനേൽ മന്ത്രാലയം ഇന്നലെ പത്രങ്ങളിൽ പരസ്യം നൽകി. റവന്യു, ധനകാര്യ സേവനങ്ങൾ, സാമ്പത്തികകാര്യം, കൃഷി, റോഡ് ഗതാഗതം, ഷിപ്പിങ്, പരിസ്ഥിതി, പാരമ്പര്യേതര ഊർജം, വ്യോമയാനം, വാണിജ്യം എന്നിങ്ങനെ 10 മന്ത്രാലയങ്ങളിലാവും നിയമനം. 

സംസ്ഥാന സർക്കാരുകളിലും പൊതു മേഖലാസ്ഥാപനങ്ങളിലും സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും മാത്രമല്ല, സ്വകാര്യ കമ്പനികളിലും കൺസൽട്ടൻസികളിലും രാജ്യാന്തര സംഘനകളിലും പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം.

മൂന്നു മുതൽ അഞ്ചു വർ‍ഷംവരെ കരാർ അടിസ്ഥാനത്തിലാണു നിയമനം. സംസ്ഥാന സർക്കാരുകളിൽ തത്തുല്യ പദവികളിലുള്ളവരായിരിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ ജോയിന്റ് സെക്രട്ടറിമാർക്കുള്ള 1,44,200– 2,18,200 രൂപയുടെ ശമ്പള സ്കെയിലും മറ്റ് ആനുകൂല്യങ്ങളുമാണു ലഭിക്കുക. 

നാൽപതു വയസെങ്കിലും പ്രായമുള്ള ബിരുദധാരികളെയാണ് ക്ഷണിച്ചിട്ടുള്ളത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ സിലക്‌ഷൻ കമ്മിറ്റിയാണു തിരഞ്ഞെടുക്കുക.

സർക്കാർ വാദം

സിവിൽ സർവീസിലെ ‘ജനറലിസ്റ്റുകൾ’ക്കു പകരം ‘സ്പെഷലിസ്റ്റു’കളുടെ സേവനം ലഭ്യമാക്കുകയെന്നതാണു പ്രധാന ഉദ്ദേശ്യമായി പറയുന്നത്. 2017–20 കാലത്തേക്കായി നിതി ആയോഗ് തയാറാക്കിയ മാർഗരേഖയിൽ ഇതു നിർദേശിച്ചിരുന്നു. നാൽപതു പേരെയെങ്കിലും പുറത്തുനിന്നു നിയമിക്കണമെന്നാണു പഴ്സനേൽ വകുപ്പ് നേരത്തേ കണക്കാക്കിയത്. 

മുൻപും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലത്തിൽ സിവിൽ സർവീസ് സംവിധാനത്തിനു പുറത്തുനിന്നു വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. എന്നാൽ, ഒറ്റയടിക്ക് ഇതയ്രുംപേരെ നിയമിക്കാനുള്ള തീരുമാനം ആദ്യമാണ്.

സിവിൽ സർവീസിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതും കേന്ദ്രത്തിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ സംസ്ഥാനങ്ങൾ തയ്യാറല്ലെന്നതും കാരണങ്ങളുടെ പട്ടികയിലുണ്ട്.

എതിർവാദം

∙ പരീക്ഷയെഴുതി യുപിഎസ്‌സിയുടെ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് ഉദ്യോഗാർഥികൾ ഇന്ത്യൻ സിവിൽ സർവീസിലെത്തുന്നത്. വൈദഗ്ധ്യം കാരണമാക്കി ഉന്നതലതലത്തിൽ നേരിട്ടു നിയമനങ്ങൾ നടത്തുന്നതു സിവിൽ‍ സർവീസിനെ അനാകർഷകമാക്കാം.

∙ പുറത്തുനിന്നുള്ള നിയമനത്തിൽ സംവരണതത്വം പാലിക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. നിലവിൽ സിവിൽ‍ സർവീസിൽ പിന്നാക്ക, പട്ടിക വിഭാഗങ്ങളിൽനിന്ന് ഉന്നതതല പ്രാതിനിധ്യം നാമമാത്രമാണ്.

∙ സ്വകാര്യ കമ്പനികളിൽനിന്ന് കരാർ അടിസ്ഥാനത്തിൽ ഏതാനും വർഷത്തേക്ക് എത്തുന്നവർ സ്വകാര്യസ്ഥാപനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉൽസുകരാവാം.

∙ അതതു കാലത്തെ സർ‍ക്കാരുകൾ‍ താൽപര്യമുള്ളവരെ പുറത്തുനിന്ന് ഇഷ്ടാനുസരണം നിയമിക്കും. സംസ്ഥാനങ്ങളും ഈ രീതി സ്വീകരിക്കാം.

മന്ത്രാലയത്തിലെ ഉന്നതപദവി

കേന്ദ്ര സർക്കാർ മന്ത്രാലയത്തിലെ ഉന്നതപദവിയാണ് ജോയിന്റ് സെക്രട്ടറി. മന്ത്രാലയത്തിന്റെ നയരൂപീകരണത്തിലും അതു നടപ്പാക്കുന്നതിലും നേതൃപരമായ ചുമതലയാണു ജോയിന്റ് സെക്രട്ടറിക്കുള്ളത്. മന്ത്രാലയത്തിന്റെ സെക്രട്ടറിക്കു തൊട്ടുതാഴെയാണ് ഈ പദവി. മന്ത്രാലയത്തിലെ സെക്രട്ടറി അല്ലെങ്കിൽ അഡീഷനൽ സെക്രട്ടറിയോടാണ് ജോയിന്റ് സെക്രട്ടറിമാർ റിപ്പോർട്ട് ചെയ്യുക.

related stories