Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫിലെ ‘ഓഹരി’വിഹിതം; ലാഭവും നഷ്ടവും നിക്ഷേപകന്

Employee Provident Fund - EPF

ന്യൂഡൽഹി∙ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽനിന്ന് ഓഹരിവിപണിയിലേക്ക് തുക മാറ്റുന്നതിലൂടെ ഉണ്ടാകുന്ന ലാഭനഷ്ടങ്ങളുടെ പൂർണ ഉത്തരവാദിത്തം ജീവനക്കാരിലേക്കു മാറുന്നു. നിലവിൽ പിഎഫ് നിക്ഷേപത്തിന്റെ 15% ഓഹരിവിപണിയിലേക്കു മാറ്റുന്നുണ്ടെങ്കിലും അതിൽ നഷ്ടമുണ്ടായാൽ സർക്കാർ നികത്തുമെന്നാണു വ്യവസ്ഥ. ഈ നയമാണു മാറുന്നത്. ഇതിനൊപ്പം, പിഎഫ് വിഹിതത്തിൽനിന്ന് ഓഹരിവിപണിയിലേക്കു മാറ്റാവുന്ന തുകയുടെ പരിധി 15% എന്നത് ഒഴിവാക്കുന്നതും ആലോചനയിലാണ്.

പിഎഫിന്റെ എത്ര ശതമാനവും നിക്ഷേപിക്കാം; നിലവിലുള്ളതിനേക്കാൾ കുറയ്ക്കുകയും ചെയ്യാം. ഓഹരിവിപണിയിലേക്കുള്ള വിഹിതം ഇനി ജീവനക്കാരുടെ അക്കൗണ്ടുമായി നേരിട്ടു ബന്ധിപ്പിക്കും. പ്രോവിഡന്റ് ഫണ്ട് സംഘടനയുടെ (ഇപിഎഫ്ഒ) ഭരണസമിതി അടുത്ത ചൊവ്വാഴ്ച ചേരുന്നുണ്ടെങ്കിലും ഈ ശുപാർശകൾ അജൻഡയിലില്ല. അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസനം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്.

പിഎഫിൽനിന്ന് ഓഹരിവിപണിയിലേക്കു പണം മാറ്റുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) രീതി 2015 ഓഗസ്റ്റിലാണ് ആരംഭിച്ചത്. തുടക്കത്തിൽ അഞ്ചു ശതമാനമായിരുന്ന നി‌ക്ഷേപം കഴിഞ്ഞ വർഷം 15 ശത‌മാനമാക്കി. പിഎഫ് സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്കിനേക്കാൾ കുറവാണ് ഓഹരിവിപണിയിൽനിന്നു ലഭിക്കുന്നതെങ്കിൽ അതിലെ നഷ്ടം പ്രോവിഡന്റ് ഫണ്ട് സംഘടന (ഇപിഎഫ്ഒ) ഏറ്റെടുക്കുന്ന വ്യവസ്ഥയോടെയായിരുന്നു ഇത്.

മാറേണ്ടി വരും, ഒപ്പം റിസ്കും

പിഎഫിലെ പലിശനിരക്ക് ഘട്ടം ഘട്ടമായി കുറഞ്ഞു വരികയാണ്. ഇപ്പോഴത്തെ 8.55% പലിശ 2012–13നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇതേസമയം, ഓഹരി നിക്ഷേപത്തിൽ നിന്ന് ഇതുവരെ 17–18% ലാഭമുണ്ട്. ഓഹരിവിപണിയിലേക്ക് മാറാൻ ഇത് ജീവനക്കാരെ പ്രേരിപ്പിക്കും. ഇതേസമയം, ഓഹരിവിപണി ഭാവിയിൽ നഷ്ടത്തിലായാൽ എന്തു ചെയ്യുമെന്നതാണു മറുചോദ്യം. പിഎഫിന്റെ ‘സുരക്ഷിത സമ്പാദ്യം’ എന്ന സ്വഭാവം നഷ്ടമാക്കരുതെന്നു ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.