Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയതയും വംശവിദ്വേഷവും വെടിയാം; എന്നും അന്തിമവിജയം അഹിംസയ്ക്ക്: പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി∙ ക്രൂരതയും അക്രമവും ഒന്നിനും പരിഹാരമല്ലെന്നും സമാധാനവും അഹിംസയുമാണ് എന്നും വിജയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷം നൂറു വർഷം തികയുന്ന ജാലിയൻവാലാ ബാഗ് കൂട്ടക്കുരുതി നൽകുന്ന സന്ദേശം ഇതാണെന്നും മോദി പ്രതിമാസ ‘മൻ കി ബാത്’ പരിപാടിയിൽ പറഞ്ഞു.

അക്രമവും ക്രൂരതയും ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. സമാധാനവും അക്രമരാഹിത്യവും ത്യാഗവും ജീവാർപ്പണവുമാണ് അവസാനം വിജയം വരിക്കുക – ജാലിയൻവാലാ ബാഗിനെ അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞു.

സമീപകാലത്തെ ഒരൊറ്റ അക്രമസംഭവംപോലും പ്രധാനമന്ത്രി പരാമർശിച്ചില്ല. ഹാപുറിൽ ഗോഹത്യ ആരോപിച്ച് ഒരാളെ തല്ലിക്കൊന്നതും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വ്യാജ വാട്സാപ് സന്ദേശത്തിന്റെ പേരിൽ ജനക്കൂട്ടം ഒരാളെ മർദിച്ചു കൊന്നതും ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളൊന്നും പരാമർശവിധേയമായില്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യം ഒട്ടേറെപ്പേരുടെ ത്യാഗത്തിന്റെ ഫലമാണ്. വർഗീയതയും വംശവിദ്വേഷവും വെടിഞ്ഞ് മനുഷ്യത്വത്തെ പുണരേണ്ട കാലമായി. ഗുരു നാനാക്കിന്റെ 550–ാം ജന്മവാർഷികവും അടുത്ത വർഷമാണ്. ഇതു പ്രചോദനത്തിന്റെ ഉത്സവമായി നാം അഭിമാനപൂർവം ആഘോഷിക്കണമെന്നും മോദി പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ പതിനഞ്ചാം നൂറ്റാണ്ടിലെ ഭക്തകവി കബീർ ദാസ്, ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. ചരക്ക്, സേവന നികുതി നടപ്പാക്കാനായത് ആരോഗ്യകരമായ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണെന്നു മോദി പറഞ്ഞു. രാഷ്ട്ര താൽപര്യത്തിനായി ആത്മാർഥമായി സഹകരിച്ച എല്ലാ സംസ്ഥാനങ്ങളും അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.