Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റ്: കഴിഞ്ഞ സമ്മേളനം ഏറെ നന്നായെന്ന് മോദി

Narendra Modi നരേന്ദ്ര മോദി

ന്യൂഡൽഹി ∙ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം എംപിമാർ നിലപാടെടുത്തെന്നും ഇതു ഫലപ്രദമായ സഭാസമ്മേളനത്തിനു അവസരം നൽകിയെന്നും ‘മൻ കി ബാത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സാമൂഹിക നീതിയുടെയും യുവക്ഷേമത്തിന്റെയും പേരിലാവും ഇക്കഴിഞ്ഞ സമ്മേളനം അറിയപ്പെടുക. ലോക്സഭയിൽ ഇരുപത്തിയൊന്നും രാജ്യസഭയിൽ പതിനാലും ബില്ലുകൾ പാസാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനം രാജ്യം സഹിക്കില്ല. പരമാവധി ശിക്ഷ ഉറപ്പാക്കാനാണു പാർലമെന്റ് നിയമം പാസാക്കിയത്. മുത്തലാഖ് ബിൽ ലോക്സഭയിൽ മാത്രമേ പാസാക്കാനായുള്ളു. എങ്കിലും, രാജ്യത്തെ മുസ്‌ലിം സ്ത്രീകൾക്കൊപ്പമാണു രാജ്യം. അവർക്കു നീതി ലഭ്യമാക്കാൻ എല്ലാ പിന്തുണയും നൽകും. പട്ടിക വിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മോദി പറഞ്ഞു. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തുക്കുറിച്ചു രാജ്യത്തു ചർച്ചകൾ നടക്കുന്നതു ജനാധിപത്യത്തിന്റെ ആരോഗ്യകരമായ സൂചനയാണ്.

മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെക്കുറിച്ചാണെന്നും മോദി പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയ കായിക താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ചു. ഓഗസ്റ്റ് 29ലെ ദേശീയ കായിക ദിനത്തിന്റെ ആശംസകളും നേർന്നു.

related stories